HOME
DETAILS
MAL
മുങ്ങിത്തപ്പുന്ന ജീവിതങ്ങള്‍
backup
October 10 2021 | 02:10 AM
എന്‍.പി അബ്ദുല്‍ അസീസ്
മക്കളെ, എണ്‍പതും നൂറും രൂപവരെ ഒരുപാട്ടക്കു കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് വെറും 22 രൂപ. എങ്ങനെ ജീവിക്കും ഞങ്ങള്‍? ഈ കായല്‍തീരത്തു താമസിക്കുന്ന ഞങ്ങള്‍ വേറെ ഏതു പണിക്കു പോകാനാ... കടല്‍ത്തീരത്തായിരുന്നെങ്കില്‍ മീന്‍പിടിക്കാനെങ്കിലും പോകാമായിരുന്നു. ഇവിടെ കായലില്‍ ഇപ്പോള്‍ മീനും ഇല്ലാ.'
അടുപ്പുകല്ലു കൂട്ടി ചരുവത്തില്‍ നിറച്ച പുഴുങ്ങിയ കക്ക ഇരുമ്പുചട്ടുകത്തില്‍ വാരുന്നതിനിടയില്‍ തൊട്ടടുത്തിരുന്ന ഭര്‍ത്താവിനെ ചൂണ്ടി മുഹമ്മയിലെ തങ്കമ്മ തുടര്‍ന്നു. 'കോഴികൂവും മുമ്പെ കാലിവലയുമായി കായലില്‍ മുങ്ങിത്തപ്പാന്‍ പോയതാ. ഇപ്പോഴാ വന്നത്... ഇന്ന് ആകെ കിട്ടിയത് ഇതാ.. ഇതുകൊടുത്താന്‍ എന്തോ കിട്ടാനാ...?'
തീരത്തു തിരിയും കനലുമെരിയണമെങ്കില്‍ കായലില്‍ കക്ക വിളയണം. അതുകൊണ്ടുതന്നെ കക്കയെ കാക്കാനും അവര്‍ക്കറിയാം. കറുത്തകക്ക, വെള്ളകക്ക, ചാരകക്ക, കല്ലുമ്മേക്കായ്, ചിപ്പി, കടല്‍കക്ക തുടങ്ങിയ വ്യത്യസ്തയിനം കക്കകള്‍ കേരളക്കരയില്‍ ഉണ്ടെങ്കിലും ഏറ്റവും അധികം ലഭിക്കുന്നത് വേമ്പനാട്ടുകായലിലെ കറുത്ത കക്കയും കൊല്ലം അഷ്ടമുടിക്കായലിലെ ഇളം ചുവപ്പും മഞ്ഞയും നിറം കലര്‍ന്ന വെള്ള കക്കയുമാണ്. എന്നാല്‍ കൊച്ചിക്കായലില്‍ വെല്ലിങ്ടണ്‍ ഐലന്റ് ഹാര്‍ബര്‍ എന്നീ ഭാഗങ്ങളില്‍ ശുദ്ധവെളുത്ത കക്കയും കണ്ടുവരുന്നു. ഉപ്പുരസം കൂടുതല്‍ ഉള്ളിടമായതിനാല്‍ ആണ് ഇവിടെ ഇതു വര്‍ധിക്കാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആലപ്പുഴ-എറണാകുളം-കോട്ടയം ജില്ലകളില്‍പ്പെട്ട കുമരകം, വൈക്കം, വെച്ചൂര്‍, പൂത്തോട്ട, തലയാഴം, ഉദയനാപുരം, ചെമ്പ്, തൈക്കാട്ടുശ്ശേരി, തവണക്കടവ്, വാരനാട്, കൈനകരി, തകഴി, തൃക്കുന്നപ്പുഴ, തെക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇവ ധാരാളമായി ലഭിക്കുമെങ്കിലും ഏറ്റവും കൂടുതലുള്ളത് തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്താണ്. എന്നാല്‍ ഈ കക്കാക്കൂട്ടങ്ങള്‍ക്ക് സ്വയം സഞ്ചരിക്കാന്‍ വേണ്ടത്ര കഴിവില്ല. ഇതുകാരണം ഒഴുക്കിന്റെ ഗതിയിലൂടെ മുന്നോട്ടു ചലിക്കാനേ കഴിയൂ എന്ന പ്രത്യേകതയും ഉണ്ട്.
ശ്രമകരമാണീ വാരല്‍
ആധുനിക സംവിധാനങ്ങള്‍ ഒന്നും കടന്നുവന്നിട്ടില്ലാത്ത ഒരു മേഖലയായതിനാല്‍ സ്വന്തം ബുദ്ധിയും ശക്തിയും ഉപയോഗിച്ചു വേണം കക്ക വാരാന്‍. അതുകൊണ്ടുതന്നെ ഏറെ ശ്രമകരവുമാണ് ദൗത്യം. കായല്‍ തീരങ്ങളില്‍ അധിവസിക്കുന്നവരെന്ന നിലയില്‍ വെള്ളവും വള്ളവുമായും ചെറുപ്രായത്തില്‍തന്നെയുള്ള ഇവരുടെ ഇടപഴകലാണ് ആകെയുള്ള മുതല്‍ക്കൂട്ട്. ഒപ്പം കുഞ്ഞോളപ്പരപ്പുകളെ കീറിമുറിച്ചു മുന്നോട്ടു നീങ്ങാനുള്ള അനിതരസാധാരണമായ കഴിവും ആഴങ്ങളോട് ഏറ്റുമുട്ടി അടിത്തട്ടില്‍ എത്താനുള്ള അനന്തമായ ആവേശവും. കായലിന്റെ ഹൃദയഭാഗത്തേക്കു കടന്നുചെല്ലാനായി തുഴച്ചിലിനു പകരം ചില വള്ളങ്ങളില്‍ യന്ത്രം ഘടിപ്പിച്ചു എന്നുള്ളതു മാത്രമാണ് ആകെയുള്ള 'പുരോഗമനം'. എങ്കിലും വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കക്ക വാരുന്നവരാണ് അധികം പേരും.
കക്ക വാരാനായി കായലില്‍ പോയാല്‍ വള്ളത്തില്‍ ഇരുന്നുകൊണ്ടുതന്നെ കക്കയുള്ള ഭാഗങ്ങള്‍ നിരീക്ഷിക്കാന്‍ ഇവര്‍ക്കുള്ള കഴിവു ഒന്നുവേറെ തന്നെ. ആഴത്തില്‍ മുങ്ങി കാലുകൊണ്ട് അടിത്തട്ടില്‍ ചവിട്ടുമ്പോള്‍ കക്കയുടെ 'കലകല' ശബ്ദം കാലിലൂടെ അരിച്ചു സിരകളില്‍ എത്തുന്നതോടെ കക്ക അവിടെയുണ്ടെന്നു ഉറപ്പും വരുത്താനും ഇവര്‍ക്കാകും. ഏതുതരം കക്ക എന്നുപോലും ഇവര്‍ ഇങ്ങനെ മനസിലാക്കും. പിന്നീടാകും ഇവ വാരല്‍ ആരംഭിക്കുന്നത്.
നീളമുള്ള മുളകളുടെ അറ്റത്ത് ചതുരപ്പെട്ടിയുടെ ചെറുരൂപത്തില്‍ 38 മില്ലി മീറ്റര്‍ വലുപ്പത്തില്‍ മാത്രം കണ്ണിയടുപ്പമുള്ള ചെറുകണ്ണിവല ഘടിപ്പിച്ചു വള്ളങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇവ വാരിയെടുക്കുകയും വെള്ളത്തിനു മുകളില്‍ എത്തിയാല്‍ ചെളിയും മാലിന്യങ്ങളും നീക്കംചെയ്യാന്‍ വല വെള്ളത്തില്‍ ഉലച്ചു പ്രാഥമിക കഴുകലും കഴിഞ്ഞു വള്ളത്തില്‍ നിറയ്ക്കുന്ന രീതിയാണ് പലരും സ്വീകരിച്ചിട്ടുള്ളത്. ഇതിനു 'പല്ലി കൊണ്ടുള്ള വാരല്‍' എന്നാണ് ഇവരുടെ നാട്ടുഭാഷ. കായലില്‍ എത്തിയാല്‍ കക്കയുള്ള പ്രദേശം ഉറപ്പുവരുത്തി അവിടെ വള്ളം നങ്കൂരമിടുകയും വള്ളത്തിനോടു ചേര്‍ത്തു നീളമുള്ള മുള (കഴുക്കോല്‍) നാട്ടി ഉറപ്പിച്ച ശേഷം കുട്ടയുമായി കായലിലേക്കു മുങ്ങിത്താഴ്ന്നു കാല്‍കൊണ്ടു കുട്ട ചവിട്ടിപ്പിടിച്ചു കക്ക വാരിയെടുത്തു വള്ളത്തില്‍ നിറയ്ക്കുന്ന പരമ്പരാഗത രീതി സ്വീകരിക്കുന്നവരും ഏറെയാണ്. ഇതില്‍ ചിലപ്പോള്‍ സ്ത്രീകളും പങ്കാളികളാകും. എന്നാല്‍ ഇത് ഏറെ ശ്രമകരവും ഒപ്പം ഏറെ സ്വീകാര്യവുമായിട്ടാണു തൊഴിലാളികള്‍ പലരും പറയുന്നത്. തണുപ്പില്‍ നിന്നു രക്ഷനേടാനായി ദേഹത്തു പ്രത്യേകതരം എണ്ണയും ഇവര്‍ മുങ്ങുന്നതിനു മുമ്പായി പുരട്ടാറുണ്ട്. എന്നാല്‍ മുങ്ങിത്താഴുമ്പോള്‍ ആഴങ്ങളിലുണ്ടാകുന്ന സമ്മര്‍ദം ചെവിക്കു വേദനയുണ്ടാക്കുന്നതായും സ്ഥിരമായി ഈ ജോലി ചെയ്യുന്നരില്‍ കേള്‍വിക്കുറവു കണ്ടുവരുന്നതായും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം. ഏറെ നേരം വെള്ളത്തില്‍ ശ്വാസം അടക്കിപ്പിടിച്ചു കിടക്കാനുള്ള ഇവരുടെ കഴിവ് കൂടി കക്ക വാരലില്‍ പ്രധാനമാണ്. പലപ്പോഴായി ഇടവിട്ടു രണ്ടുമുതല്‍ ആറുമണിക്കൂര്‍ വരെ ഇത്തരത്തില്‍ മുങ്ങിത്താഴ്ന്നാകും കക്ക വാരുക. കുറഞ്ഞതു രണ്ടുപേരെങ്കിലും ഒരു വള്ളത്തില്‍ ഉണ്ടാകും.
ര>ാംഘട്ടം
ഏറെ ത്യാഗം സഹിച്ചു ഗൃഹനാഥന്‍ തീരത്തെത്തിക്കുന്ന കക്കയില്‍ നിന്ന് ഇറച്ചി വേര്‍തിരിക്കുന്ന രണ്ടാംഘട്ടം ആരംഭിക്കുന്നത് അതിലും ശ്രമകരംതന്നെ. വേണ്ടുവോളം ക്ഷമ ആവശ്യമുള്ള ഈ പ്രക്രിയ വീട്ടിലെ സ്ത്രീകളും കുട്ടികളുമാകും ഏറ്റെടുക്കുക. ഇത്തരത്തില്‍ ജീവിതപ്രാരബ്ധത്തില്‍ നിന്നു മോചനം നേടാനുള്ള നെട്ടോട്ടത്തില്‍ അവരും ഊണും ഉറക്കവും ഉപേക്ഷിച്ചു പങ്കാളികളാകുന്നു. അതിന്റെ ആദ്യപടിയെന്ന നിലയില്‍ വള്ളത്തില്‍ വച്ചുതന്നെ കക്ക നന്നായി കഴുകും. തുടര്‍ന്നു തലച്ചുമടായി കരയിലേക്കു മാറ്റി അവശേഷിക്കുന്ന മണ്ണും ചെളിയും നീക്കംചെയ്യാനും വേഗത്തില്‍ ഇറച്ചി പുറത്തേക്കു വരാനുമായി രണ്ടുമണിക്കൂര്‍ മുതല്‍ എട്ടുമണിക്കൂര്‍ വരെ വെള്ളം നിറച്ച പാത്രത്തില്‍ ഇട്ടുവയ്ക്കും. ഇതിനു 'മണ്ണുതുപ്പിക്കല്‍' എന്നാണ് പറയുന്നത്. ശേഷം അടുപ്പുകൂട്ടി വലിയ ചരുവത്തില്‍ വെള്ളം നിറച്ച് അതില്‍ കക്ക ഇട്ട് ആദ്യം പുഴുങ്ങിയെടുക്കും. ഇതിനാവശ്യമായ ഇന്ധനമായി പുരയിടങ്ങളിലെ ഓലമടലുകളും തൊണ്ടും ചിരട്ടയും നാട്ടുവിറകുകളും മറ്റുമാകും ഉപയോഗിക്കുക. മിക്കവാറും എല്ലാ വീടുകളിലും ഇത്തരം അടുപ്പുകള്‍ വീട്ടുമുറ്റത്തോ പുരയിടത്തിലോ സ്ഥിരമായി ഉണ്ടാകും. ഒന്നുമുതല്‍ രണ്ടു മണിക്കൂര്‍ വരെ തിളക്കുമ്പോഴേക്കും ഇറച്ചിയില്‍ നിന്നു കക്കാതോടുകള്‍ വേര്‍പെടും. ഇതിനായി എല്ലാ ഭാഗത്തും ചൂട് എത്തുംവിധം നന്നായി ഇളക്കിക്കൊണ്ടിരിക്കണം. തുടര്‍ന്നാകും ഇറച്ചി വേര്‍തിരിക്കല്‍. ഇതിനായി ചെറിയകണ്ണികളുള്ള ഇരുമ്പ് അരിപ്പകളാകും ഉപയോഗിക്കുക. ഒന്നര മീറ്റര്‍ നീളത്തില്‍ ഇത് റോള്‍ രൂപത്തില്‍ ഉണ്ടാക്കി അതിനുള്ളില്‍ കക്ക ഇട്ട് കറക്കി ഇറച്ചി വേര്‍തിരിക്കുന്ന രീതിയും അരിപ്പയില്‍ നാലുഭാഗത്തും കയര്‍കെട്ടി തൂക്കിയിട്ടും അരിപ്പയുടെ ഇരുവശങ്ങളിലായി രണ്ടുപേര്‍ നിന്നു അതില്‍ കക്ക നിറച്ചു ചലിപ്പിച്ചു ഇറച്ചി വേര്‍തിരിക്കുന്ന വിവിധ രീതികളും ഇവര്‍ അവലംബിച്ചുവരുന്നു. ചിലപ്പോള്‍ മണിക്കൂറുകള്‍തന്നെ ഇതിനായി വിനിയോഗിക്കേണ്ടിവരും. വേര്‍തിരിച്ച കക്കയിറച്ചി വീണ്ടും നന്നായി കഴുകിയാകും വില്‍പനക്കായി എത്തിക്കുന്നത്. കക്കയില്‍ പത്തുമുതല്‍ 14 ശതമാനം വരെയാണ് ഇറച്ചിയുള്ളത്. പത്തു കിലോ കക്ക പുഴുങ്ങിയാല്‍ ലഭിക്കുന്നത് കേവലം ഒരു കിലോ ഇറച്ചി മാത്രമായിരിക്കും. അധ്വാനത്തിനനുസൃതമായി പലപ്പോഴും പ്രതിഫലം കിട്ടുകയില്ലെങ്കിലും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഈ ജോലിയില്‍ തുടരുന്നവരാണ് ഏറിയപേരും.
വിവിധയിനം കക്ക
വിദേശത്ത് ഏറെ പ്രിയമുള്ളതാണ് മഞ്ഞ നിറമുള്ള 'പാഫിയ മലബാറിക്ക'. ഇവയില്‍ വെല്‍ഡിങ് ജോലിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ കാല്‍സ്യം കാര്‍ബൈഡിന്റെ അംശം കൂടുതലാണ്. എന്നാല്‍ ഉയര്‍ന്ന മുല്യമുള്ളത് 'അര്‍ക്ക' എന്ന ചുവപ്പനിറത്തിലുള്ള കക്കക്കാണ്. ഉയര്‍ന്ന മാംസം ലഭിക്കുന്ന പച്ച നിറമുള്ള കക്കയും ചിലപ്പോള്‍ ലഭിക്കും. ഇവയില്‍ ചില സന്ദര്‍ഭങ്ങളില്‍ മുത്തും ഉണ്ടായിരിക്കും. ഉള്ളില്‍ വീഴുന്ന ആദ്യമഴത്തുള്ളിയെ കക്കയിലെ നേര്‍ത്ത സ്രവം പൊതിഞ്ഞ് പൊട്ടായി രൂപാന്തരം പ്രാപിക്കുകയും കാലാന്തരത്തില്‍ അതു മുത്തായി ഭവിക്കുകയുമാണ് ചെയ്യുന്നത്. അഷ്ടമുടിക്കായലിലാണ് ഇവ കൂടുതലായി ലഭിക്കുക. ആയുര്‍വേദ ഔഷധത്തിനായി ഉപയോഗിക്കുന്ന 'മുരുങ്ങ' എന്ന പേരിലുള്ള കക്ക ലഭിക്കാറുണ്ടെങ്കിലും സാധാരണഗതിയില്‍ തൊഴിലാളികള്‍ ഇവ എടുക്കാതെ കായലിലേക്കു തന്നെ തിരികെയിടുകയാണ് പതിവ്.
പ്രജനനകാലം
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവയുടെ പ്രജനന കാലം. ഈ കാലഘട്ടത്തില്‍ കക്ക വാരലിനു തൊഴിലാളികള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തും. ആദ്യമഴ കഴിഞ്ഞു ചൂടും ഉപ്പുരസവും കുറയുന്നതോടെയാകും ഇവ പെരുകുക. മൂന്നു മാസം പ്രായമായ കക്കകള്‍ രണ്ടു ലക്ഷത്തോളം മുട്ടകള്‍വരെ ഇടും. എന്നാല്‍ നഗ്നനേത്രങ്ങള്‍ക്കു കാണാനാവാത്തവിധം അതിസൂക്ഷ്മങ്ങളായിരിക്കും ഇവ. മുട്ടവിരിഞ്ഞ ലാവകളായാല്‍പിന്നെ ഒഴുക്കില്‍ ഇവ പൊങ്ങുകയും ഒപ്പം ഭാരം വയ്ക്കുകയും ചെയ്യുന്നു. ഉപ്പും കാല്‍സ്യത്തിന്റെ അംശവും ഏറെയുള്ള ഭാഗത്ത് എത്തുമ്പോഴേക്കും ലക്ഷക്കണക്കിനു ലാവകളില്‍ പകുതി ജീവിക്കുകയും പകുതി നിര്‍ജീവാവസ്ഥയിലാവുകയും ചെയ്യും. ശുദ്ധജലത്തില്‍ കാല്‍സ്യത്തിന്റെ അംശം ഇല്ലാത്തതിനാല്‍ ഇവക്കു ജീവിക്കാനാവില്ല.
കക്ക തോടുകള്‍
സൊസൈറ്റികളിലേക്ക്
ഇറച്ചി വേര്‍തിരിച്ച കക്ക തോടുകള്‍ ആദ്യം പുരയിടങ്ങളില്‍ കൂട്ടിയിടുകയും പിന്നീട് ഇവ ശേഖരിക്കുന്ന സൊസൈറ്റികളിലേക്കു മാറ്റുകയും ചെയ്യും. ഇവിടെ ഒരുപെട്ടിക്ക് (21 കിലോ) 80 രൂപ വരെ കിട്ടിക്കൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ വലിയ വിലക്കുറവാണെന്നു തൊഴിലാളികള്‍ പറയുന്നു. കക്ക അളന്നു കൊടുക്കുന്നതിനു പകരം ഒന്നായി കൊടുത്താല്‍ വേണ്ടത്ര ആനുകൂല്യം തൊഴിലാളിക്കു ലഭിക്കാറുമില്ല. കൊവിഡ് പടര്‍ന്നു പിടിച്ചതോടെ കമ്പനികള്‍ പ്രവര്‍ത്തിക്കാത്തതുള്‍പ്പെടെ വിവിധ കാരണങ്ങളാണ് ഇങ്ങനെ വില കുറയാന്‍ കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച റോയല്‍റ്റി സൊസൈറ്റികള്‍ നല്‍കുകയും വേണം. കക്കകള്‍ ശേഖരിക്കുന്ന പതിനൊന്നോളം സൊസൈറ്റികള്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലായി നിലവിലുണ്ട്. തണ്ണീര്‍മുക്കം, ചേര്‍ത്തല ഭാഗങ്ങളില്‍ മാത്രം ആയിരത്തിഅഞ്ഞൂറോളം പേര്‍ ഇത്തരം സഹകരണസംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. സംഘങ്ങള്‍ തൊഴിലാളികള്‍ക്കു പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങളും നല്‍കിവരുന്നു. സൊസൈറ്റികളില്‍ നിന്നാണ് കമ്പനികള്‍ കക്ക തോടുകള്‍ വാങ്ങുന്നത്. കുമ്മായം ഉണ്ടാക്കാനായി വിവിധ ചൂളകളിലേക്കും ഇവ കയറ്റി അയക്കുന്നുണ്ട്. കക്ക തോടിനു പകരം മറ്റു ചില അസംസ്‌കൃത വസ്തുക്കള്‍ സിമന്റിനായി ഉപയോഗിക്കാറുണ്ടെങ്കിലും കക്ക ചേര്‍ത്ത സിമന്റിന്റത്ര ഉയര്‍ന്ന നിലവാരം മറ്റു സിമന്റുകള്‍ക്കുണ്ടാകാറില്ല.
കക്ക കയറ്റുമതി
ഇന്ത്യയില്‍ ഗോവ, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ കക്ക ലഭിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം ലഭിക്കുന്നത് കേരളത്തിലാണ്. മലേഷ്യ, തായ്‌ലന്റ്, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്കു മാത്രമല്ല, ഗള്‍ഫ് നാടുകളിലേക്കും കക്കയിറച്ചി ഇപ്പോള്‍ കയറ്റുമതിചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്നു വിദേശത്തേക്കു കയറ്റി അയക്കുന്ന 780 ടണ്‍ കക്കയുടെ 80 ശതമാനവും കേരളത്തില്‍ നിന്നുള്ളവയാണ്. അതില്‍ ഏറെയും അഷ്മുടിക്കായലില്‍ നിന്നെടുക്കുന്നവയും. ഇവിടുത്തെ കക്കയിറച്ചിക്കു എം.എസ്.സി (മറൈന്‍ സ്റ്റിവാന്‍ഷിപ്പ് കൗണ്‍സില്‍) അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യത്തേതും ഏഷ്യയിലെ മൂന്നാമത്തേതുമായ ഈ അംഗീകാരം ലഭിക്കുന്നതും ഇവിടെയാണ്. എന്നാല്‍ കേരളത്തില്‍ നിന്നു കക്കയിറച്ചി കയറ്റി അയക്കാന്‍ ആരംഭിച്ചതോടെ ഉയര്‍ന്ന വില ലഭിക്കുമെന്നു തൊഴിലാളികള്‍ കരുതിയുന്നെങ്കിലും അതു ലഭിച്ചിട്ടുമില്ല. ലോഗോ ഉപയോഗിച്ചുള്ള കയറ്റുമതി ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും കടക്കേണ്ടതായിട്ടുള്ളതാണ് അതിനു കാരണം.
വര്‍ഷത്തില്‍ ശരാശരി 25 മുതല്‍ 30 ടണ്‍വരെ കക്ക ലഭിക്കുന്നുണ്ടെന്നു കണക്കുകള്‍ നിരത്തി അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ കേന്ദ്രം മേധാവിയും കുമരകം കാര്‍ഷികഗവേഷണകേന്ദ്രം ഡയറക്ടറും കക്കയെക്കുറിച്ചും കായലിനെക്കുറിച്ചും ആഴത്തില്‍ പഠനം നടത്തിയിട്ടുമുള്ള ഡോ. കെ.ജി പത്മകുമാര്‍ പറയുന്നു. അതേസമയം 1995ല്‍ ഏഴായിരം ടണ്‍ കുറവായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായും എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ഇവക്കു വളരെ കുറവു സംഭവിച്ചതായുള്ള പ്രചാരണം സത്യമല്ലെന്നും അദ്ദേഹം പറയുന്നു.
കായല്‍ജീവിതം
വെടിയുന്ന പുതുതലമുറ
സിമന്റ്, കുമ്മായം, പേസ്റ്റ്, പെയിന്റ് എന്നിവക്കെല്ലാം കക്ക അവശ്യഘടകമായി വരുമ്പോഴും അധ്വാനത്തിനനുസൃതമായ വില ഇവര്‍ക്കു ലഭിക്കാറില്ല. ഏറെ ശ്രമകരമായ തൊഴില്‍ എടുത്തു ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ മുട്ടിക്കാമെന്ന ചിന്ത ഈ രംഗത്തെ തൊഴിലാളികളില്‍ നിന്നു വിട്ടകന്നു തുടങ്ങി. ഇടനിലക്കാരുടെ ശല്യം ഇവരെയും ബാധിച്ചിരിക്കുന്നു. വെള്ളത്തിന്റെ അടിത്തട്ടിലേക്കുള്ള നിരന്തരമായ മുങ്ങിത്തപ്പല്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഓളംകൊണ്ടു താളം പിടിക്കുമ്പോഴും ജീവിത പാരമ്പര്യത്തിന്റെ പങ്കായങ്ങള്‍ തുഴഞ്ഞ് കായലിന്റെ അഗാധതലങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പുതുതലമുറക്കു താല്‍പര്യമില്ല. സ്വപ്‌നവും കണ്ടു സുഖനിദ്രയിലാണ്ടുകിടക്കാവുന്ന വെളുപ്പാന്‍കാലത്തു തണുത്തുറഞ്ഞ കായല്‍ജലത്തില്‍ മുങ്ങിത്തപ്പാന്‍ അവരുടെ മനസ് അറക്കുകയാണ്. ഏറെ ആയാസകരമായ ആ തൊഴില്‍ ചെയ്താല്‍ വേണ്ടത്ര പ്രയോജനമില്ലെന്നതാണ് അവരുടെ മനസിനെ പിന്നോട്ടുനയിക്കുന്നത്. ജീവിതപ്രാരബ്ധങ്ങളുടെ അടിയൊഴുക്കില്‍ നിന്നു കരയറാന്‍ മുങ്ങിത്തപ്പല്‍ പരിഹാരമാവില്ലെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ പഴയതലമുറയില്‍പ്പെട്ടവരുടെ ജീവിതതാളമായി മാറിയ കക്കവാരല്‍ അവര്‍ക്കൊരു കലതന്നെയായിരുന്നു. അവര്‍ക്കു കായല്‍ അമ്മത്തൊട്ടിലാണ്. ആ അമ്മത്തൊട്ടിലിനെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല എന്നു പറയുമ്പോഴും ബഹുരാഷ്ട്രകമ്പനികളുടെ കണ്ണ് ഇപ്പോഴും കായലുകളുടെ ആഴങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."