കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍: നിര്‍മ്മാണത്തില്‍ ഗുരുതര പിഴവുകളെന്ന് വിജിലന്‍സ്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ ഗുരുതരമായ പിഴവുകളെന്ന് വിജിലന്‍സ് കണ്ടെത്തല്‍. സ്ട്രക്ടച്ചറല്‍ ഡിസൈന്‍ പാളിയെന്നും രണ്ട് നിലകള്‍ക്ക് ബലക്കുറവും ചോര്‍ച്ചയുമുണ്ടെന്നുമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ഡിസൈനറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും. റിപ്പോര്‍ട്ട് ഈ മാസം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.
ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ.ടി.ഡി.എഫ്.സി. ചീഫ് എഞ്ചിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. അതേസമയം ബസ് ടെര്‍മിനലിന്റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചെന്നൈ ഐ.ഐ.ടിക്ക് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്. 50 കോടി വകയിരുത്തിയ പദ്ധതി 2015ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് 74.63 കോടിയായിരുന്നു. അങ്കമാലി ബസ് ടെര്‍മിനല്‍ നിര്‍മ്മിച്ച അതേ കരാറുകാരന്‍ തന്നെയാണ് കോഴിക്കോട് ബസ് ടെര്‍മിനലും കരാറെടുത്തത്. കെ.ടി.ഡി.എഫ്.സി ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയാണ് ഇയാള്‍ക്ക് തന്നെ കരാര്‍ കിട്ടിയെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. ടെന്‍ഡര്‍ നടപടികള്‍ മുതല്‍ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലന്‍സ്.
ചെന്നൈ ഐ.ഐ.ടി. നിര്‍ദ്ദേശിക്കുന്ന ഏജന്‍സിയെ കൊണ്ട് ബലക്ഷയം പരിഹരിക്കും. ഇതിനായുള്ള ചെലവ് കെ.ടി.ഡി.എഫ്.സി. തന്നെ വഹിക്കേണ്ടി വരും. ഏകദേശം 30 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രതീക്ഷ. തൂണുകള്‍ക്ക് ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."