സ്വന്തം സുരക്ഷയിൽ ആശങ്കപ്പെട്ടതിനും സസ്‌പെൻഷനോ
പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പതിനാല് പ്രതിപക്ഷ എം.പിമാരെ പാർലമെന്റിൽനിന്ന് സസ്‌പെൻഡ് ചെയ്തിരിക്കുന്നു. കേരളത്തിൽ നിന്നുള്ള ആറ് കോൺഗ്രസ് എം.പിമാർ ഉൾപ്പെടെ ലോക്സഭയിൽ പതിമൂന്ന് പേരെയും രാജ്യസഭയിൽനിന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രയനെയുമാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്തവരിൽ സഭയിൽ ഇല്ലാത്ത ഡി.എം.കെ അംഗം എസ്.ആർ പാർഥിബനും ഉൾപ്പെട്ടുവെന്ന വിചിത്രകാര്യവുമുണ്ടായി.
ചെന്നൈയിലുള്ള തന്നെ എങ്ങനെ പാർലമെന്റിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഡ് ചെയ്യാനാവുമെന്ന് എസ്.ആർ പാർഥിബൻ ചോദിച്ചതോടെ സർക്കാർ തിരുത്തി. പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ മുഖം നഷ്ടപ്പെട്ട സർക്കാർ നടത്തുന്ന ഒളിച്ചുകളിയുടെ ഭാഗമായേ ഈ സസ്‌പെൻഷനെ കാണാനാകൂ.
ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ച ലോകം മുഴുവൻ തത്സമയം കണ്ടതാണ്.
സഭയിലേക്ക് അക്രമികൾക്ക് കടന്നുവരാൻ സൗകര്യമൊരുക്കിയത് ബി.ജെ.പി എം.പിയാണ്. ഇതും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്. എം.പിമാർക്കെതിരേ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടികളിലേക്ക് പോകാൻ മാത്രമുള്ള അച്ചടക്കം ലംഘിക്കുന്ന നടപടിയൊന്നും സഭയിലുണ്ടായില്ല. മുദ്രാവാക്യം വിളികളുമായി എം.പിമാർ സഭയുടെ നടുത്തളത്തിലിറങ്ങി സമാധാനപരമായി പ്രതിഷേധിക്കുന്ന പതിവുനടപടി മാത്രമാണ് ഇവിടെയുണ്ടായത്. സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാനും സുരക്ഷാ വീഴ്ചയുണ്ടായാൽ അതിന്റെ പേരിൽ പ്രതിഷേധിക്കാനുമുള്ള എം.പിമാരുടെ അവകാശത്തെപ്പോലും വകവച്ചുകൊടുക്കാൻ സർക്കാർ തയാറല്ലെന്നാണ് ഈ സസ്‌പെൻഷനിൽനിന്ന് വ്യക്തമാകുന്നത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നറിയപ്പെടുന്ന പാർലമെന്റിലാണ് ജനാധിപത്യത്തിന് നിരക്കാത്ത നടപടി.
സുരക്ഷാ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ളവരടക്കം നിരവധി പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. ഈ നോട്ടിസുകളെല്ലാം സർക്കാർ കാറ്റിൽപ്പറത്തി. സർക്കാരിന്റെ വീഴ്ചയായതിനാൽ ഒരു ചർച്ചയുമുണ്ടായില്ല. പാർലമെന്റിനെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച നിയമനിർമാണങ്ങൾക്കായുള്ള റബർ സ്റ്റാംപായി മാത്രം ഉപയോഗിക്കുകയാണ് സർക്കാർ.
സസ്‌പെൻഷൻ ഇപ്പോൾ പ്രതിപക്ഷത്തെ നേരിടാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ ആയുധമാണ്. പാർലമെന്റിൽ ജനാധിപത്യം കൊല ചെയ്യപ്പെടുന്നതിന്റെ ആദ്യ ഉദാഹരണമല്ല ഇത്. മണിപ്പൂർ വിഷയത്തിലുള്ള വിശ്വാസ വോട്ടെടുപ്പിലെ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശബ്ദൻ എന്ന് വിശേഷിപ്പിച്ചതിന് ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആദിർ ചൗധരിയെ സഭയിൽനിന്ന് മാസങ്ങളാണ് സസ്‌പെൻഡ് ചെയ്തത്. ചൗധരിയെ സസ്‌പെൻഡ് ചെയ്യാൻ മാത്രം കാരണമൊന്നുമുണ്ടായിരുന്നില്ല. സഭയുടെ അച്ചടക്കം ലംഘിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തിരുന്നുമില്ല. ചൗധരിക്കെതിരേ അന്വേഷണം നടത്തിയ പാർലമെന്റ് കമ്മിറ്റി അദ്ദേഹത്തെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്യുന്നതുവരെ സസ്‌പെൻഷൻ തുടർന്നു.
2021ലെ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽനിന്ന് 12 എം.പിമാരെയാണ് സർക്കാർ ഒറ്റയടിക്ക് സസ്‌പെൻഡ് ചെയ്തത്. സർക്കാരിന് പിന്നീട് പിൻവലിക്കേണ്ടിവന്ന മൂന്ന് വിവാദ കാർഷിക നിയമങ്ങൾ രാജ്യസഭയിൽ പാസാക്കിയത് ഒരു ചർച്ചയും യഥാവിധിയുള്ള വോട്ടെടുപ്പും കൂടാതെയാണ്. ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിനും വോട്ടെടുപ്പിൽ വെള്ളം ചേർക്കുന്നതിനെ ചോദ്യം ചെയ്തതിനും അന്ന് പ്രതിപക്ഷ എം.പിമാർ സസ്‌പെൻഡ് ചെയ്യപ്പെട്ടു. 2021ലെ ശൈത്യകാല സമ്മേളനത്തിൽ 20 ബില്ലുകളാണ് ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.
ചർച്ചകളും സംവാദങ്ങളും പ്രതിഷേധങ്ങളും എതിർപ്പുകളും ജനാധിപത്യത്തിൽ അനിവാര്യമാണ്. അതാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ മുന്നോട്ടു ചലിപ്പിക്കുന്നത്. അത് തടയുന്ന ഏതു സമീപനവും ഫാസിസമാണ്. പാർലമെന്റിനുള്ളിലായാലും പുറത്തായാലും ഇത്തരം നീക്കങ്ങളെ ശക്തമായി എതിർത്തേ മതിയാവൂ.
ജനപ്രതിനിധികളെന്ന നിലയിൽ പ്രത്യേക അവകാശങ്ങൾ കൈയാളുന്നവരാണ് എം.പിമാർ. ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെടുന്നത് അവരെ തെരഞ്ഞെടുത്ത മണ്ഡലങ്ങളിലെ പൗരൻമാരുടെ അവകാശങ്ങൾ കവർന്നെടുക്കലാണ്. പാർലമെന്റിൽ സ്വയം പ്രതിനിധീകരിക്കപ്പെടാൻ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്. അതിനുവേണ്ടിയാണ് അവർ പാർലമെന്റംഗത്തെ തെരഞ്ഞെടുത്തത്. ഈ അവകാശം ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ സുരക്ഷ അവതാളത്തിലാണ്. പുൽവാമ ആക്രമണം നടന്നതും മണിപ്പൂർ കലാപം മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതും ഈ സർക്കാരിന്റെ പിടിപ്പുകേടിന്റെ അനവധി ഉദാഹരണങ്ങളിൽ ചിലതായി മുന്നിലുണ്ട്. സർക്കാരിന്റെ പിന്തുണയുള്ള ക്രിമിനൽ സംഘങ്ങൾ ഉയർത്തുന്ന മുസ്‌ലിം വംശഹത്യാ ഭീഷണികൾക്ക് പിന്നാലെ രാജ്യത്ത് എവിടെയും കലാപം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ട്.
അദാനിയെക്കുറിച്ച് അനിഷ്ടമുണ്ടാക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് തൃണമൂൽ അംഗം മഹുവ മൊയ്ത്രയ്ക്ക് ലോക്‌സഭാംഗത്വം നഷ്ടമായത്. അദാനിയെക്കുറിച്ചുള്ള ചർച്ചപോലും പാർലമെന്റിൽ നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. പ്രതിപക്ഷമില്ലാത്ത പാർലമെന്റാണ് മോദി സർക്കാരിന്റെ സ്വപ്‌നം.
ഈ ലക്ഷ്യം എളുപ്പമല്ല. ഉള്ള പ്രതിപക്ഷത്തെ നിശബ്ദമാക്കുകയാണ് അടുത്ത വഴി. അതിലേക്കുള്ള മുന്നേറ്റത്തിലാണ് മോദി സർക്കാർ. അതുകൊണ്ടുതന്നെ സസ്‌പെൻഷനുകൾ ഇനിയുമുണ്ടാകും. സർക്കാരിനെ പ്രതിരോധത്തിലാക്കുന്നവർക്ക് മഹുവയെപ്പോലെ എം.പി സ്ഥാനം നഷ്ടപ്പെട്ടേക്കും. ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ പ്രതിപക്ഷം വലിയ വിലതന്നെ നൽകേണ്ടിയും വരും. സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാൻ ജനപ്രതിനിധികൾക്കുപോലും
അവകാശമില്ലാത്ത സാഹചര്യം ഏകാധിപത്യത്തിന്റെ ലക്ഷണമാണ്. ജനാധിപത്യ മാർഗത്തിലൂടെ ഏകാധിപത്യം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിനാകട്ടെ പാർലമെന്റിലെ അച്ചടക്കവുമായി ബന്ധപ്പെട്ട വിവിധ ചട്ടങ്ങളെ കരുവാക്കുന്നുവെന്ന് മാത്രം.
Content Highlights:Suspension for concern for own safety
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."