പാര്‍ലമെന്റ് അതിക്രമം; ദേഹത്ത് സ്വയം തീകൊളുത്താന്‍ 'പ്ലാന്‍ ബി'; നടപ്പാക്കിയത് 'പ്ലാന്‍ എ'
പാര്‍ലമെന്റ് അതിക്രമം; ദേഹത്ത് സ്വയം തീകൊളുത്താന്‍ 'പ്ലാന്‍ ബി'; നടപ്പാക്കിയത് 'പ്ലാന്‍ എ'
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ പ്ലാന്‍ എ വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാമതൊരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നതായി മുഖ്യസൂത്രധാരന്‍ ലളിത് ഝായുടെ വെളിപ്പെടുത്തല്‍.
നീലത്തിനും അമോലിനും ആസൂത്രണം ചെയ്തതുപോലെ പാര്‍ലമെന്റില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മഹേഷും കൈലാഷും പാര്‍ലമെന്റിനെ സമീപിക്കാന്‍ ബദല്‍ മാര്‍ഗം സ്വീകരിക്കാനിരുന്നതായി ലളിത് ഝാ പറഞ്ഞു.
പ്രതികള്‍ സ്വയം തീകൊളുത്താന്‍ പദ്ധതിയിട്ടിരുന്നു. പൊള്ളലേല്‍ക്കാതിരിക്കാനുള്ള ജെല്‍ പുരട്ടിയശേഷം തീ കൊളുത്താനായിരുന്നു പദ്ധതിയെന്നും പാര്‍ലമെന്റില്‍ ലഘുലേഖകള്‍ വിതറാനും പദ്ധതിയിട്ടെന്നും പൊലിസ് വെളിപ്പെടുത്തി. എന്നാല്‍ ദേഹത്ത് പുരട്ടാന്‍ ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സിംഹയുടെ ശുപാര്‍ശയില്‍ ലഭിച്ച പാസ് ഉപയോഗിച്ചാണ് അക്രമി പാര്‍ലമെന്റിനകത്തു കയറിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളില്‍ കടന്ന് പ്രതിഷേധം നടത്തിയത്. ശൂന്യവേളയില്‍ ഗാലറിയില്‍നിന്നു സഭാ തളത്തിലേക്കു ചാടിയ ഇവര്‍ മഞ്ഞപ്പുകക്കുറ്റികള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതേസമയം സമയം തന്നെ അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധം നടത്തി.അഞ്ചാമന്‍ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരിപ്പിച്ചു.
പ്രതിഷേധം നടത്തിയ നാലു പേരെ ഉടന്‍ തന്നെയും ലളിത് ഝായെ പിന്നീടും പൊലീസ് പിടികൂടി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."