HOME
DETAILS

നിലയ്ക്കാതെ നീതിനിഷേധത്തിന്റെ വിലാപങ്ങൾ

  
backup
December 17 2023 | 18:12 PM

editorial-today-4

ചില നീതിന്യായ തീർപ്പുകൾ ഇരകളുടെ ഹൃദയത്തിലേറ്റതിലേറെ മുറിവുകളുണ്ടാക്കും സമൂഹ മനഃസാക്ഷിക്ക്. കാലമെത്ര കഴിഞ്ഞാലും അതു മാഞ്ഞുപോകില്ല, ചോരപൊടിയുന്ന വേദനയുമായി കൂടെയുണ്ടാകും. വാളയാറിൽ രണ്ട് ദലിത് കുരുന്നുകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്ക് അർഹശിക്ഷ വാങ്ങിനൽകാനുള്ള ഒരു അമ്മയുടെ പോരാട്ടത്തിനൊപ്പമുണ്ട് കേരളത്തിന്റെ മനമിപ്പോഴും. വാളയാറിൽനിന്ന് നാം എന്തെങ്കിലും പഠിച്ചെന്നത് വ്യാമോഹം മാത്രമാണെന്ന് വീണ്ടും തെളിയിച്ചു വണ്ടിപ്പെരിയാർ. വണ്ടിപ്പെരിയാറിൽ ദലിതയായ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ വിചാരണാ കോടതി വെറുതെ വിട്ടുവെന്ന വാർത്ത ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം കേരളം കേട്ടത്.


കോടതി മുറിയിൽനിന്ന് പോലും ഉയർന്ന നീതിക്കായുള്ള ഒരമ്മയുടെ വിലാപം കൂടി ഇപ്പോൾ കേരളീയ മനസുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന കോടതിയുടെ ആപ്തവാക്യം അർഥപൂർണം തന്നെയാണ്. എന്നാൽ, ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ അധമമനസിന്റെ ചെയ്തികൾ നമ്മുടെ നീതിപീഠത്തിന്റെ കണ്ണും കാതും ബന്ധിക്കപ്പെടാൻ ഇടയാകുന്നത് ദൗർഭാഗ്യകരം തന്നെയാണ്.

തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനും തെളിയിക്കാൻ പ്രോസിക്യൂഷനും കഴിയാത്തതിനാൽ പ്രതിയെ വെറുതെ വിടുന്നുവെന്ന വിധിപ്രസ്താവം മുഴങ്ങിയപ്പോൾ നമ്മുടെ ഭരണസംവിധാനം ആർക്കൊപ്പമാണെന്ന ചോദ്യമാണ് അവശേഷിപ്പിച്ചത്. ആ വിധിയിൽ തലതാഴ്ന്നത് മലയാളി മനഃസാക്ഷിയുടേതാണ്. വാളയാറിലും വണ്ടിപ്പെരിയാറിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പക്ഷപാതിത്വമോ, കെടുകാര്യസ്ഥതയോ ആണ് കോടതിയെ പോലും നിസ്സഹായതയിലെത്തിച്ചത് എന്നത് ആശങ്കപ്പെടേണ്ടത് തന്നെയാണ്.


വാളയാറിനു പിന്നാലെ വണ്ടിപ്പെരിയാറിലും പൊലിസ് അനാസ്ഥയിൽ ആറുവയസുകാരിക്ക് ലഭ്യമാകേണ്ട നീതി ഇല്ലാതായെന്നു മാത്രമല്ല, നീതി ഉറപ്പാക്കേണ്ട സംവിധാനമാകെ പ്രതിക്കൂട്ടിലാക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. വിധി പറഞ്ഞ ജഡ്ജി വി. മഞ്ജു പൊലിസിനെതിരേ രൂക്ഷ വിമർശനമാണ് നടത്തിയത്. കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും ആ ഊഹത്തിനു ചേർന്ന തീർത്തും അലസമായ അന്വേഷണ നടപടികളാണ് പിന്നീടും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് കോടതി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയിൽ കോടതിക്ക് തോന്നിയ സംശയം പൊതുസമൂഹത്തിന്റേതു കൂടിയാണ്. ലൈംഗിക ചൂഷണം നടന്നതായി അംഗീകരിച്ച കോടതി പ്രതിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിമർശിച്ചു. രണ്ടു ഭരണകൂട സംവിധാനത്തിനുണ്ടായ വീഴ്ചയാണ് വിലക്കപ്പെട്ട നീതിയെന്ന് വ്യക്തമാണ് ഈ വിധിയിലൂടെ.


വാളയാറിലെ ഒറ്റമുറി ഷെഡ്ഡിൽ രണ്ടു ദലിത് ബാലികമാരുടെ ശരീരങ്ങൾ തൂങ്ങിയാടിയിട്ട് ആറുവർഷം കഴിഞ്ഞു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോ എന്നതിന് ഇപ്പോഴും ഉത്തരമില്ല. രണ്ട് അന്വേഷണങ്ങൾ കഴിഞ്ഞു. മൂന്നാമത്തെ അന്വേഷണ വഴിയിലാണിപ്പോൾ കേസ്. എന്നാൽ, സ്വന്തം കുഞ്ഞുങ്ങളുടെ മരണ കാരണം അന്വേഷിച്ച് അവരുടെ നീതിക്കായി ഇന്നും ഒരമ്മ തെരുവിലാണ്. 13 വയസുള്ള പെൺകുട്ടിയും 9 വയസുള്ള അനുജത്തിയും ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നുവെന്നും കൊന്ന് കെട്ടിത്തൂക്കാനുള്ള സാധ്യതകളിലേക്കുള്ള സംശയങ്ങൾ കൂടി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലിസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നു. വിധി ഈ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു. പ്രതികളെ വെറുതെ വിട്ടു വിചാരണാ കോടതി. എന്നാൽ, പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സി.ബി.ഐക്ക് കൈമാറി. പൊലിസ് കണ്ടെത്തലുകളിൽനിന്ന് വ്യത്യസ്തമായ ഒന്നുമില്ലാതെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടികളുടേത് ആത്മഹത്യയെന്ന് വ്യക്തമാക്കി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം 'ഓൾഡ് വൈൻ ഇൻ ന്യൂ ബോട്ടിൽ' എന്ന് പരാമർശിച്ചുകൊണ്ടാണ് ഹൈക്കോടതി തള്ളിയത്. കോടതി രണ്ടാമതും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നൽകി. പൊലിസ് വഴിയേ നടക്കുന്ന അന്വേഷണങ്ങളൊന്നും ശരിയായ ദിശയിലല്ലെന്ന ആരോപണം ഇപ്പോഴുമുണ്ട്.


സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതമായവർ ഇരകളാക്കപ്പെടുന്ന കേസുകളിലൊക്കെ എന്തുകൊണ്ടാണ് നമ്മുടെ സംവിധാനങ്ങൾക്ക് സ്വഭാവികമായ അലസതകൾ പ്രകടമാകുന്നത്. സംസ്ഥാനത്ത് ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുരുന്നുകളിൽ അധികവും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോ ദലിതരോ ആണ്. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും വഴിയോരത്തും അടച്ചുറപ്പില്ലാത്ത വീടുകളിലും അന്തിയുറങ്ങുന്ന പിഞ്ചുബാല്യങ്ങൾ ഏതു നിമിഷവും പിച്ചിച്ചീന്തപ്പെട്ടേക്കാമെന്ന ഭീതിയിൽ കഴിയുന്ന അമ്മമാരുടെ ഉത്കണ്ഠയ്ക്ക് എന്തുകൊണ്ടാണ് നമുക്ക് അറുതിവരുത്താനാവാത്തത്?


നിയമങ്ങളേറെയുണ്ടെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് കേരളത്തിൽ അറുതിയില്ലെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 2022-23ലെ വാർഷിക റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4,582 പോക്‌സോ കേസുകളാണ്. ഇതിൽ ഭൂരിപക്ഷവും വീടുകളിലാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. 80% പോക്‌സോ കേസുകളിലും ബന്ധുക്കൾ തന്നെയാണ് പീഡകരായിട്ടുള്ളതെന്ന് അറിയുമ്പോഴാണ് നിയമത്തിന്റെ നിസ്സഹായത ബോധ്യമാവുക.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതികകളിൽ 908 പേർ കുട്ടികൾക്ക് പരിചയമുള്ളവർ തന്നെയാണ്. 601 പേർ അയൽക്കാർ. 170 പേരാണ് അധ്യാപകർ. 801 പേർ കമിതാക്കളുമാണ്. 1,004 എണ്ണത്തിലും കുറ്റകൃത്യം നടന്നത് കുട്ടികളുടെ വീടുകളിലാണെന്നതാണ് സങ്കടകരം. നിഷ്‌കളങ്ക ബാല്യത്തിനു നേർക്ക് നീളുന്ന കരാളകരങ്ങളിലേറെയും കുടുംബത്തിൽ നിന്നുതന്നെ ആണെന്നത് ഇനിയുമെത്ര തേങ്ങലുകൾ വീട്ടകങ്ങളിൽ ഒതുങ്ങുന്നുവെന്ന ഭീതിപ്പെടുത്തുന്ന ഓർമപ്പെടുത്തൽ കൂടിയാണ്.


പോക്‌സോ നിയമം നിലവിൽ വന്നതിനു ശേഷം, 10 വർഷം കൊണ്ട് കേരളത്തിലെ പോക്‌സോ കേസുകളിലുണ്ടായ വർധന നാലിരട്ടിയാണ്. 15 മുതൽ 18 വയസുള്ള പെൺകുട്ടികളാണ് ഏറെയും. നാല് വയസിൽ താഴെയുള്ള 55 കുഞ്ഞുങ്ങളും 5 മുതൽ 9 വയസ് വരെയുള്ള 367 കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. സംരക്ഷിക്കേണ്ടവർ തന്നെ ചൂഷകരായി മാറുന്നത് ഭീകരകാഴ്ചയാണിപ്പോൾ. പോക്‌സോ കേസുകളിലെ നടത്തിപ്പുകളിലുമുണ്ട് കാലതാമസം. 2022ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 4,582 പോക്‌സോ കേസുകളിൽ 68 കേസുകളിൽ മാത്രമാണ് വിധി വന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശിക്ഷ വിധിച്ചത് എട്ടു കേസുകളിൽ മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago