അഭിനയ വൈവിധ്യങ്ങളുടെ അത്ഭുതപ്രതിഭ
രാജേഷ് ചിറപ്പാട്
നെടുമുടി എന്നത് ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരാണ്. പക്ഷേ മലയാളിയെ സംബന്ധിച്ച് അത് അത്രമേല്‍ ഇഷ്ടമായ ഒരു നടന്റെ പേരുകൂടിയാണ്. നമ്മുടെ ജീവിതപരിസരങ്ങളില്‍ കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരെയാണ് നെടുമുടി വേണു എന്ന അഭിനയപ്രതിഭ പ്രധാനമായും പ്രതിനിധാനം ചെയ്തത്. താരത്തിളക്കത്തിന്റെ വെളിച്ചം വീശാത്ത ഇടങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രകള്‍. ഒരുപക്ഷേ ഇത്രയധികം വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടന്‍ മലയാളത്തിലുണ്ടോ എന്നു തന്നെ സംശയമാണ്. നായകന്‍, സഹനായകന്‍, വില്ലന്‍, കൗശലക്കാരനായ നാട്ടുമ്പുറത്തുകാരന്‍, അമ്മാവന്‍, അച്ഛന്‍, അപ്പൂപ്പന്‍ എന്നിങ്ങനെ ഏതുവേഷവും നെടുമുടിയില്‍ ഭദ്രമായിരുന്നു. തന്റെ പ്രായത്തിനപ്പുറമുള്ള കഥാപത്രങ്ങളെപ്പോലും തന്മയത്വത്തോടെ അവതരിപ്പിക്കുവാനുള്ള കഴിവാണ് നെടുമുടിയെ മലയാള സിനിമയുടെ അവിഭാജ്യഘടകമാക്കിമാറ്റിയത്. നാടകത്തിന്റെ തട്ടകത്തുനിന്നാണ് നെടുമുടി വേണു സിനിമയിലേക്കെത്തുന്നത്. ക്ലാസിക്കല്‍ കലാരൂപങ്ങളെപ്പറ്റി ആഴത്തില്‍ അറിവുള്ളയാളായിരുന്നു അദ്ദേഹം. തന്റെ പത്രപ്രവര്‍ത്തന കാലത്ത് ക്ലാസിക്കല്‍ കലകളെക്കുറിച്ചും നാടകത്തെക്കുറിച്ചുമാണ് അദ്ദേഹം കൂടുതല്‍ എഴുതിയത്. നാടകത്തിന്റെ ചടുലതയാര്‍ന്ന ചുവടുകളും സംഭാഷണങ്ങളും അദ്ദേഹത്തിന്റെ അഭിനയപ്രതിഭയെ കൂടുതല്‍ മിഴിവുറ്റതാക്കി. വൈശാലി സിനിമയില്‍ നെടുമുടി അവതരിപ്പിച്ച രാജഗുരു എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും മറ്റും നാടകത്തിലൂടെ ചുവടുറപ്പിച്ച ഒരു നടനുമാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നായിരുന്നു.
ആദ്യകാല നെടുമുടി കഥാപാത്രങ്ങള്‍ യൗവനത്തിന്റെ സ്വപ്നങ്ങളും നിരാശകളും പ്രണയ കാമനകളും നിറഞ്ഞതായിരുന്നു. അതേ കാലത്തുതന്നെ വില്ലന്‍ സ്വഭാവമുള്ള കൗശലക്കാരനായ നാട്ടുമ്പുറത്തുകാരനും കാരണവരുമൊക്കെയായി അദ്ദേഹം വെള്ളിത്തിരയില്‍ പ്രത്യക്ഷമായി. ഭരതന്‍-പത്മരാജന്‍ ടീമിന്റെ തകരയിലെ ചെല്ലപ്പനാശാരി, കെ.ജി ജോര്‍ജിന്റെ കോലങ്ങളിലെ പരമു എന്നിങ്ങനെ നാട്ടുപുറങ്ങളില്‍ സുപരിചിതരായ നിരവധി കഥാപാത്രങ്ങളെ ആര്‍ക്കും മറക്കാനാവില്ല. കോമഡിയിലും അദ്ദേഹം തന്റേതായ ഒരു ശൈലി വികസിപ്പിച്ചെടുത്തിരുന്നതായി കാണാം. യഥാര്‍ഥത്തില്‍ ഒരു നടന്‍ മാത്രമായിരുന്നില്ല നെടുമുടി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും തന്റെ അടയാളങ്ങള്‍ പതിപ്പിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്. കാറ്റത്തെ കിളിക്കൂട്, സവിധം തുടങ്ങി മലയാളികള്‍ എന്നും ഓര്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും പൂരം എന്ന സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി. സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നിരവധിതവണ അദ്ദേഹത്തിനു ലഭിച്ചു. തമിഴിലെ ശ്രദ്ധേയ സിനിമകളായ ഇന്ത്യന്‍, അന്യന്‍ എന്നിവയിലും തന്റെ അഭിനയപ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1978ല്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ തന്റെ ചലച്ചിത്രജീവിതം ആരംഭിച്ച നെടുമുടി വേണുവിനെ തേടിയെത്തിയത് അഞ്ഞൂറിലധികം കഥാപാത്രങ്ങളാണ്. അഭിനയത്തിന്റെ കൊടുമുടി കയറിയ ഈ കലാകാരന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നത് അതിശയോക്തിപരമായ ഒരുകാര്യമല്ല. നമ്മുടെ തൊട്ടടുത്തുനില്‍ക്കുന്ന ഒരാള്‍ വിടപറഞ്ഞതുപോലെയാണ് മലയാളി ഈ വിയോഗത്തെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."