പ്രതികരിക്കാതെ സൂരജിന്റെ കുടുംബം
പ്രസാദ് മൂക്കന്നൂര്‍
പത്തനംതിട്ട: ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന വിധി വന്നപ്പോള്‍ പ്രതിയുടെ അടൂര്‍ പറക്കോട്ടുള്ള വീടായ ശ്രീസൂര്യയുടെ ഗേറ്റും വാതിലും അടഞ്ഞു കിടന്നു. സൂരജിന്റെ മാതാപിതാക്കള്‍ പ്രതികരിക്കാതെ വീട്ടില്‍ കഴിഞ്ഞു. അഞ്ചല്‍ ഉത്ര വധക്കേസില്‍ മകന്‍ സൂരജ് കുറ്റക്കാരനല്ലെന്നാണ് ആദ്യഘട്ടത്തില്‍ മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നത്. മകന്‍ അറസ്റ്റിലായപ്പോള്‍ പിതാവ് പ്രതികരിച്ചതാകട്ടെ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ലഭിക്കട്ടേയെന്നും. പിന്നീട് സൂരജിന്റെ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണാരംഭത്തില്‍ പരസ്യമായി പറഞ്ഞ കുടുംബാംഗങ്ങള്‍ പക്ഷേ, വിധി ദിനത്തില്‍ പ്രതികരിച്ചില്ല. അയല്‍വാസികളോട് പോലും സൗഹൃദമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണ് കുറെ നാളായി ഇവര്‍. മകനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നാണ് അമ്മ രേണുക പറഞ്ഞിരുന്നത്. ഉത്രയുടെ മരണത്തിന് ശേഷം ലോക്കറില്‍നിന്ന് ആഭരണങ്ങള്‍ എടുത്ത സൂരജ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടതായി കണ്ടെത്തിയതോടെയാണ് മാതാപിതാക്കളും സംശയനിഴലിലായത്. അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസില്‍ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."