ഇഴയാത്ത അന്വേഷണം; ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകം തെളിയിച്ച് പൊലിസ്
എ. മുഹമ്മദ് നൗഫല്‍
കൊല്ലം: കേരള പൊലിസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ അത്യപൂര്‍വമായ കേസാണ് ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവത്തെ കൊലപാതകമാണെന്ന് തെളിയിക്കാനും കുറ്റക്കാരനെ കണ്ടെത്താനും പൊലിസിനായി. കൊലപാതകം നടന്നു 90 ദിവസത്തിനകം പ്രതിയ്‌ക്കെതിരേ കുറ്റപത്രം നല്‍കാനും അന്വേഷണസംഘത്തിന് സാധിച്ചു. റൂറല്‍ എസ്.പി ഹരിശങ്കര്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബി. അശോകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉത്ര വധക്കേസിലെ അന്വേഷണം.
ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകം, ആയുധം പാമ്പും. ഉത്ര വധക്കേസില്‍ പൊലിസ് സംഘം നേരിട്ട വെല്ലുവിളികള്‍ ചില്ലറയായിരുന്നില്ല. എന്നാല്‍ ഇതിനെയൊക്കെ മറികടന്ന് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ പ്രതി സൂരജ് തന്നെയാണെന്ന് സ്ഥാപിക്കാന്‍ പൊലിസിനായി. കേരള പൊലിസിന് അഭിമാനിക്കാനുള്ള വകയും ഉത്രകേസ് നല്‍കി. അന്വേഷണസംഘത്തിനു സംസ്ഥാന പൊലിസ് മേധാവിയുടെ പൊലിസ് മെഡലും ലഭിച്ചു. ഇന്നുവരെ പൊലിസിന്റെ ചരിത്രത്തിലില്ലാത്ത വഴികളിലൂടെയായിരുന്നു അന്വേഷണസംഘം നീങ്ങിയത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസെന്നാണ് ഉത്ര വധക്കേസിനെ കൊല്ലം റൂറല്‍ എസ്.പിയായിരുന്ന ഹരിശങ്കര്‍ വിശേഷിപ്പിച്ചിരുന്നത്.
കേസിലെ പ്രതി സൂരജും പാമ്പ് പിടിത്തക്കാരനായ സുരേഷും തമ്മിലുള്ള ബന്ധം തെളിഞ്ഞതോടെയാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. പാമ്പിന്റെ ഡി.എന്‍.എ ശേഖരിക്കുകയും ചെയ്തു. പിന്നീട് ഉത്ര കിടന്ന മുറിയില്‍ പാമ്പുകയറാന്‍ സാധ്യയില്ലെന്ന വിദഗ്ധരുടെ അഭിപ്രായം കൂടിയായതോടെ കൊലപാതകമെന്ന് ഉറപ്പിച്ചു. എങ്ങനെ കടിപ്പിച്ചുവെന്നായി പിന്നീടുള്ള അന്വേഷണം. പാമ്പ് കടിച്ചാല്‍ വേദന അറിയുമെന്നതിനാല്‍ ഉത്രയെ മയക്കികിടത്തിയെന്ന കണ്ടെത്തലും തെളിയിക്കാനായി. പായസത്തിലും ജ്യൂസിലും മയക്കുഗുളിക കലര്‍ത്തി നല്‍കിയതായി പ്രതി സൂരജും സമ്മതിച്ചിരുന്നു. പിന്നീട് ഡമ്മി പരീക്ഷണത്തിലൂടെ കടിച്ചപ്പോഴുണ്ടായ പാടുകള്‍ സ്വാഭാവികരീതിയിലുള്ളതല്ലെന്ന് കണ്ടെത്തി. ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വറും പാമ്പ് പിടിത്തക്കാരനായ വാവ സുരേഷും ഉള്‍പ്പെടെയുള്ളവര്‍ പാമ്പുകടിയേറ്റ പാടുകള്‍ സ്വാഭാവികമല്ലെന്ന് പൊലിസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇതിലൂടെ ഉത്രയുടെ കൈകളിലെ കടിപ്പാട് മൂര്‍ഖന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് കടിപ്പിച്ചാല്‍ മാത്രമുണ്ടാകുന്ന പാടുകളാണെന്നും പൊലിസിന് തെളിയിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."