ജബലിയ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; 90 മരണം, 100ലേറെ ആളുകള്‍ക്ക് പരുക്ക്
ജബലിയ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; 90 മരണം, 100ലേറെ ആളുകള്‍ക്ക് പരുക്ക്
ഗസ്സ: ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം അഴിച്ചു വിട്ട് സയണിസ്റ്റ് സേന. ഞായറാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
താമസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ തുടരുകയാണെന്ന് വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്‍ട്രല്‍ ഗസ്സയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പിലും ഇസ്‌റാഈല്‍ ആക്രമണം നടത്തി. 15പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹനീന്‍ അലി അല്‍ഗുത്ഷാന്‍ എന്ന മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. മധ്യ ഗസ്സയിലെ ദൈര്‍ അല്‍ബലാഹ് അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചു.
ഗസ്സയിലെ ഖാന്‍ യൂനിസ് നഗരത്തിലെ നാസ്സര്‍ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്റെ ചുവരിലാണ് ഇസ്‌റാഈല്‍ ഷെല്‍ പതിച്ചത്.
വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രി മുറ്റത്ത് കഴിഞ്ഞ ദിവസം രോഗികളടക്കം 20 പേരെ സയണിസ്റ്റ് സേന ബുള്‍ഡോസര്‍ കയറ്റി കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ഥികള്‍ ബുള്‍ഡോസറിനടിയില്‍ ഞെരിഞ്ഞമര്‍ന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും സൈന്യം തകര്‍ത്തു.
വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര സമ്മര്‍ദം വകവെക്കാതെയാണ് ഗസ്സയില്‍ മനുഷ്യത്വരഹിത ആക്രമണം ഇസ്‌റാഈല്‍ തുടരുന്നത്. അതിനിടെ, ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ചര്‍ച്ചകള്‍ തുടരണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലില്‍പ്രതിഷേധമുയരുകയാണ്. മൂന്ന് ബന്ദികളെ ഇസ്‌റാഈല്‍ സൈന്യം തന്നെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയെന്ന വിവരം നെതന്യാഹു ശനിയാഴ്ച പറയുകയും ചെയ്തിരുന്നു.
അതേസമയം, ബന്ദികളെ ജീവനോടെ തിരികെ വേണമെങ്കില്‍ ഗസ്സക്കെതിരായ യുദ്ധം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം അവസാനിപ്പിച്ചാലല്ലാതെ ബന്ദിമോചനത്തെക്കുറിച്ച് ഇനി ചര്‍ച്ച ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് വകവെക്കാതെയാണ് രണ്ടുദിവസമായി ഗസ്സയില്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."