പൊലിസിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം നടപടിക്ക് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലിസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഡ്യൂട്ടി സമയത്ത് പൊലിസ് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമ സംരക്ഷണം ലഭിക്കില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാതിരിക്കാന്‍ പ്രതിയുടെ നാവില്‍ സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന കേസിലെ പ്രതികളുടെ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഉത്തരവ്. പൊലിസ് കസ്റ്റഡിയിലിരിക്കെ കേസിലെ പ്രതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം സെഷന്‍സ് കോടതി ശിക്ഷിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി നിരീക്ഷണം.
തങ്ങള്‍ക്കെതിരേ വിചാരണക്കോടതി കേസെടുത്തത് സര്‍ക്കാരിന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം എഴുകോണ്‍ സ്റ്റേഷനിലെ പൊലിസുകാരായ മണിരാജന്‍, ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടം 197 പ്രകാരം അനുമതി തേടിയില്ലെന്ന പ്രതികളുടെ വാദം തള്ളിയ കോടതി, പ്രോസിക്യൂഷന്‍ അനുമതി തേടിയില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി.
ഡ്യൂട്ടിക്കിടെയുണ്ടാവുന്ന തടസപ്പെടുത്തലുകളെ തുടര്‍ന്നുണ്ടാകുന്ന കൃത്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി തേടേണ്ടത്. എന്നാല്‍ പൊലിസ് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നു വ്യക്തമാക്കുന്ന നിരവധി വിധിന്യായങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഉത്തമവിശ്വാസത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ളതാണ് സെക്ഷന്‍ 197 പ്രകാരമുള്ള സംരക്ഷണം. ക്രൂരത നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമ സംരക്ഷണത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് വിചാരണക്കോടതി ഒരു വര്‍ഷം തടവും 2500 രൂപ വീതം പിഴയുമാണ് വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."