അസമിലെ മനുഷ്യാവകാശ ലംഘനം ; മുസ്ലിം ലീഗ് പ്രതിനിധി സംഘം ധോല്‍പൂര്‍ സന്ദര്‍ശിച്ചു
മലപ്പുറം: ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നരനായാട്ട് നടത്തിയ അസമിലെ ദരംഗ് ജില്ലയിലെ ധോല്‍പൂര്‍ പ്രദേശം മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
ധോല്‍പുര്‍, ഗൊരുഖുതി എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ മരിച്ച മുഈനുല്‍ ഹഖിന്റെ മാതാപിതാക്കള്‍, ഭാര്യ, വെടിവയ്പിനിരയായ അഷ്ഫാറുല് ഹഖ്, റസിയ ഖാത്തൂന് എന്നിവരെ സന്ദര്‍ശിച്ച സംഘത്തോട് കുടുംബാംഗങ്ങളും നാട്ടുകാരും അക്രമസംഭവങ്ങള്‍ വിശദീകരിച്ചു.
ഗര്‍ഭിണിയായ റസിയ ഖാത്തൂന്റെ ശരീരത്തില്‍ തുളച്ചുകയറിയ ബുള്ളറ്റ് ഇതുവരെ എടുത്തു മാറ്റാനായിട്ടില്ലെന്ന് ഇവര്‍ സംഘത്തോട് പറഞ്ഞു. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് മുസ്ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് സംഭവസ്ഥലം സന്ദര്‍ശിച്ചതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, അസം സംസ്ഥാന അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ അലിഫുര് റഹ്മാന്, എം.എസ്.എഫ് സോണല്‍ സെക്രട്ടറി സുഹൈല്‍ ഹുദവി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദഹാര്‍ ഖാന്, ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അന്‍വര്‍ ഹുസൈന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."