മന്ത്രി തന്നെ പറഞ്ഞു 85,000ത്തോളം കുട്ടികള്‍ക്ക് പ്ലസ് വണ്‍ സീറ്റില്ല
തിരുവനന്തപുരം: 85,000ത്തോളം കുട്ടികള്‍ക്ക് ഇപ്പോഴും പ്ലസ് വണ്‍ സീറ്റില്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 23ന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും സീറ്റിനായി നെട്ടോട്ടമോടുമ്പോഴും അലോട്ട്മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അണ് എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം ഇന്നലെയും മന്ത്രി ആവര്‍ത്തിച്ചെങ്കിലും താഴേത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവില്‍ സമ്മതിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ ആരംഭിക്കുന്നതിനു മുമ്പായി തന്നെ നടപടിയെടുക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
പ്രവേശനം ലഭിക്കാന്‍ രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം സംസ്ഥാനത്ത് ആകെ 85,316 അപേക്ഷകര്‍ മാത്രമാണ് ശേഷിക്കുന്നത്. അപേക്ഷിച്ച എല്ലാവരും പ്ലസ് വണ്‍ പ്രവേശനം തേടുകയാണെങ്കില്‍ ആകെ 1,22,880 അപേക്ഷകര്‍ക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.
മൂന്നാം തവണയാണ് പ്രതിപക്ഷം വിഷയം സഭയില്‍ ചൂണ്ടിക്കാട്ടുന്നതെന്നും നേരത്തെ പറഞ്ഞ മറുപടി മന്ത്രി ആവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പുതിയ പ്ലസ് വണ്‍ ബാച്ച് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."