HOME
DETAILS

തെരുവിലിറങ്ങുന്ന മുഖ്യമന്ത്രിയും ഗവർണറും

  
backup
December 18 2023 | 18:12 PM

chief-minister-and-governor-on-the-streets


നിർഭാഗ്യകരവും ലജ്ജാകരവുമായ സംഭവങ്ങളാണ് കേരളത്തിന്റെ തെരുവുകളിൽ കുറച്ചു ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള ഗവർണറുടെ നാടുചുറ്റൽ സകലസീമകളും ലംഘിച്ചിരിക്കുകയാണ്. കേരളത്തിന്റെ തെരുവുകളെ സംഘർഷഭരിതമാക്കാൻ ഗവർണർതന്നെ കൂട്ടുനിൽക്കുന്നതിന് ഒരു ന്യായീകരണവുമില്ല. സ്വന്തം പദവി മറന്നുള്ള പ്രവർത്തനങ്ങൾ ജനപിന്തുണ കൂട്ടുമെന്ന് അദ്ദേഹം കരുതുന്നുവെങ്കിൽ അത് മൗഢ്യമാണ്. ഗവർണർ എന്ന ഭരണഘടനാ പദവിയുടെ യശസ് ഒരുപറ്റം വിദ്യാർഥി സംഘടനാപ്രവർത്തകരുടെ നാവിൽ നിന്നുയരുന്ന പ്രതിഷേധ മുദ്രാവാക്യങ്ങളാൽ ഇത്രയേറെ കളങ്കപ്പെടാൻ അനുവദിക്കരുതായിരുന്നു.


ഗവർണറും കേരള സർക്കാരും തമ്മിൽ ഏറെക്കാലമായി തുടരുന്ന രാഷ്ട്രീയപോരിന്റെ തുടർച്ച തന്നെയാണ് തെരുവിലെ എസ്.എഫ്.ഐ പ്രതിഷേധത്തിൽവരെ എത്തിനിൽക്കുന്നത്. ഭരണകേന്ദ്രങ്ങളുടെ അകത്തളത്തിൽ ഒതുങ്ങിയിരുന്ന ആ പോര് ഇപ്പോൾ തെരുവിലേക്ക് നീങ്ങിയത് കേരളത്തിന്റെ ക്രമസമാധാനത്തെയാണ് മുറിവേൽപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സെമിനാറിൽ പങ്കെടുക്കാൻ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചരിത്രം അടയാളപ്പെടുത്തിയത് ഒട്ടും അഭിമാനാർഹമായല്ല.

എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയെ പ്രകോപിപ്പിക്കാൻ വിവേകത്തിന്റെ അതിരുകളെല്ലാം ലംഘിച്ച ഗവർണറെയാണ് രണ്ടുദിവസമായി കേരളം കണ്ടത്. കാംപസിൽ കാലുകുത്താൻ ചാൻസലർകൂടിയായ ഗവർണറെ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ വെല്ലുവിളി ഏറ്റെടുത്ത് കോഴിക്കോട് നഗരത്തിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിന് പകരം രണ്ടു ദിവസങ്ങൾക്കുശേഷമുള്ള പരിപാടിയുടെ പേരിൽ കാലിക്കറ്റ് സർവകലാശാലയുടെ ഗസ്റ്റ് ഹൗസിൽ താമസിച്ചു.

എന്നിട്ട് കിലോമീറ്ററുകൾ അകലെയുള്ള കോഴിക്കോട് നഗരത്തിലുള്ള സ്വകാര്യ പരിപാടികളിൽ പങ്കെടുത്തു തിരിച്ചുവന്നു. തനിക്കെതിരേ വിദ്യാർഥികൾ ഉയർത്തിയ ബാനർ ഉന്നത പൊലിസ് ഉദ്യോഗസ്ഥനെക്കൊണ്ട് അഴിപ്പിച്ചു.
എസ്.എഫ്.ഐയെ വെല്ലുവിളിച്ച് കാംപസിലൂടെ ഇറങ്ങിനടന്നു, കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവിലെത്തി ആൾക്കൂട്ടത്തിലൂടെ നടന്നു. ജനങ്ങളിലേക്കിറങ്ങാനുള്ള ഗവർണറുടെ മാനസിക നൈർമല്യതയല്ല മിഠായിത്തെരുവിൽ കണ്ടത്. സർക്കാരിനെയും എസ്.എഫ്.ഐയെയും വെല്ലുവിളിക്കാനുള്ള താൽപര്യം തന്നെയാണ്.

ഇത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. അശാന്തിയും സംഘർഷവുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയക്കാരൻ മാത്രമായി കേരളത്തിന്റെ ഗവർണർ മാറരുത്. സംഘ്പരിവാർ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കാൻ മടിക്കുകയും സർക്കാർവിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരുടെ പിന്തുണ ഉറപ്പിക്കാമെന്ന വ്യാമോഹമായിരിക്കും ആരിഫ് മുഹമ്മദ് ഖാനുള്ളത്.


കേരള, കാലിക്കറ്റ് സർവകലാശാലാ സെനറ്റുകളിലേക്ക് സംഘ്പരിവാർ അനുഭാവികളെ തിരുകിക്കയറ്റാൻ ചാൻസലറായ ഗവർണർ ശ്രമിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതും പ്രതിഷേധത്തിലേക്ക് നീങ്ങാൻ ഇടയാക്കിയതും. സർവകലാശാലകളെ കാവിവൽക്കരിക്കാൻ രാജ്യത്തൊട്ടാകെ നടക്കുന്ന സംഘ്പരിവാർ നീക്കങ്ങളുടെ ഭാഗമായിട്ടുള്ളതാണ് ഗവർണറുടെ ഈ നീക്കം. അതുകൊണ്ടുതന്നെ അത് എതിർക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. ഭരണഘടനാപരമായ തന്റെ ഉത്തരവാദിത്വത്തിൽനിന്ന് വ്യതിചലിച്ചുള്ളതായിരുന്നു ഈ നാമനിർദേശമെന്ന് തീരുമാനത്തെ സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കുന്നതാണ്.

അർഹതയും കഴിവുമുള്ളവരെ തഴഞ്ഞാണ് ഗവർണർ സംഘ്പരിവാർ അനുകൂലികളായവരെ സെനറ്റ് അംഗങ്ങളാക്കാൻ ശ്രമിച്ചതെന്നത് കോടതിക്കും ബോധ്യമായിട്ടുണ്ട്. അന്തിമവിധി വന്നിട്ടില്ലെങ്കിലും തന്റെ നിലപാട് തിരുത്താൻ ഗവർണർ തയാറാകുന്നില്ലെന്ന് മാത്രമല്ല പ്രതിഷേധക്കാരെ പ്രകോപിക്കാൻ വീണ്ടും ശ്രമിക്കുകയാണ്. പ്രതിഷേധക്കാർക്കെതിരേ സുരക്ഷാമാനദണ്ഡങ്ങൾപോലും അവഗണിച്ച് ബോധപൂർവം പ്രകോപനമുണ്ടാക്കാനാവുന്ന എല്ലാ സാഹചര്യവും ഉപയോഗപ്പെടുത്തുകയാണദ്ദേഹം. ഗവർണർക്കെതിരേ ഇന്നലെയും മുഖ്യമന്ത്രി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന് പരാതി നൽകുമെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നത്.


എസ്.എഫ്.ഐയുടെ സമരത്തിൽ പക്ഷപാതമുണ്ട്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിപ്പിക്കുന്ന പല നടപടികളും പിൻവാതിൽ നിയമനങ്ങളുമൊക്കെ വർഷങ്ങളായി നമ്മുടെ സർവകലാശാലകളിൽ നടന്നുവരുന്നുണ്ട്. ഇതിന്റെയൊക്കെ പ്രതിസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പുമായിരുന്നു. പല തീരുമാനങ്ങളും സർക്കാരിന് പിൻവലിക്കേണ്ടിവന്നത് ശക്തമായ കോടതി ഇടപെടലിലൂടെയാണെന്നതും മറന്നുകൂടാ. അന്നൊന്നും പ്രതിഷേധവുമായി കാംപസുകളിലോ തെരുവിലോ എസ്.എഫ്.ഐയെ കണ്ടില്ല.

വിദ്യാർഥി സംഘടനയുടെ ലക്ഷ്യം കാംപസുകളുടെ ശുദ്ധീകരണമാവണം. അതിന് രാഷ്ട്രീയ പക്ഷപാതിത്വവുണ്ടാവരുത്. സർക്കാരും ഗവർണറും തമ്മിലുള്ള വാക്‌പോരിന്റെയോ അഭിപ്രായ ഭിന്നതയുടെയോ പേരിൽ മാത്രമാകരുത് തെരുവിലെ പോർവിളി.


ഗവർണർ സർക്കാരിനെ വെല്ലുവിളിച്ച് പ്രതിഷേധങ്ങളിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ തെരുവിലൂടെ നടക്കുന്ന നവകേരള സദസിലെ പുഴുക്കുത്തുകളെയും കാണാതിരിക്കാനാവില്ല. കരിങ്കൊടി കാണിക്കുന്ന പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരെ പൊലിസ് മാത്രമല്ല മുഖ്യമന്ത്രിയുടെ ഗൺമാനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഒത്തൊരുമിച്ചാണ് തല്ലിച്ചതക്കുന്നത്. ഇങ്ങനെ അക്രമം അഴിച്ചുവിടുന്ന പൊലിസിനെയും പാർട്ടിപ്രവർത്തകരെയും പരസ്യമായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെയാണ് കുറച്ചു ദിവസമായി കേരളം കാണുന്നതെന്നതും ദൗർഭാഗ്യകരമാണ്.


ജനകീയ പ്രതിഷേധങ്ങളോട് എന്തിനാണ് ഇങ്ങനെയൊക്കെ അസഹിഷ്ണുത പുലർത്തുന്നത്. ഗവർണറും ഭരണപക്ഷവും തന്നെ കേരളത്തിന്റെ തെരുവുകളെ സംഘർഷഭരിതമാക്കുമ്പോൾ പൊതുജനത്തിന് എന്താണ് നിവൃത്തി?

Content Highlights:Chief Minister and Governor on the streets



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  6 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  6 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  6 days ago