തമിഴ്‌നാട്ടിൽ മഴ തുടരുന്നു; മണ്ണൊലിച്ച് പോയതിനെ തുടർന്ന് ട്രെയിനിൽ കുടുങ്ങിപ്പോയത് 500 യാത്രക്കാർ, രക്ഷിക്കാൻ ശ്രമം തുടരുന്നു
തമിഴ്‌നാട്ടിൽ മഴ തുടരുന്നു; മണ്ണൊലിച്ച് പോയതിനെ തുടർന്ന് ട്രെയിനിൽ കുടുങ്ങിപ്പോയത് 500 യാത്രക്കാർ, രക്ഷിക്കാൻ ശ്രമം തുടരുന്നു,
ചെന്നൈ: കനത്തമഴയെ തുടർന്ന് തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ വൻ നാശനഷ്ടം. ഇതുവരെ നാല് പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. മഴയെത്തുടർന്ന് ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയ യാത്രക്കാർ ഒരുദിവസം പിന്നിട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതവും റെയിൽ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.
തിരുച്ചെന്തൂരിൽ നിന്ന് 800 യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട ‘ഷെന്തൂർ എക്സ്പ്രസ്’ ആണ് തിങ്കളാഴ്ച രാത്രി 8.30 ന് ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത്. ഇതിൽ 300 ഓളം യാത്രക്കാരെ നാട്ടുകാരുടെ ശ്രമഫലമായി രക്ഷപ്പെടുത്തിയെങ്കിലും മഴ വീണ്ടും കനത്തതിനാൽ രക്ഷാപ്രവർത്തനം മുടങ്ങി. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ട്രെയിനിലെ അഞ്ഞൂറോളം യാത്രക്കാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വ്യോമസേന, ദേശീയ ദ്രുതകര്‍മ്മസേന, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് വൈദ്യസഹായം എത്തിക്കാനും ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയോടെ 100 പേരെ സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇതില്‍ 54 സ്ത്രീകളും ഒരു ഗര്‍ഭിണിയും 19 കുട്ടികളും ഉള്‍പ്പെടുന്നു. മഴവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചുപോയതോടെ രണ്ടു കരകളായി പ്രദേശം മാറി. ഇതിനു നടുവിലൂടെ പുഴയ്ക്ക് സമാനമായിട്ടാണ് വെള്ളം ഒഴുകുന്നത്. ഇവിടെ ട്രാക്ക് മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരിക്കുന്നു. എന്നാൽ ഇന്ന് വ്യോമ സേനയുടെ നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഭക്ഷണവിതരണവും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. സുലൂർ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ രണ്ട് ടണ്ണോളം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. രാമനാഥപുരം നേവിയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
അതേസമയം, ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാല് ജില്ലകളിലായി പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്.
മഴയുടെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രളയബാധിത ജില്ലകളിലെ കലക്ടര്‍മാരും മന്ത്രിമാരുമായി സംസാരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."