ഗൾഫ് വിപണിയെ പൊള്ളിച്ച് ഉള്ളി വില; എല്ലാ രാജ്യങ്ങളിലും വില കുത്തനെ കൂടി
ഗൾഫ് വിപണിയെ പൊള്ളിച്ച് ഉള്ളി വില; എല്ലാ രാജ്യങ്ങളിലും വില കുത്തനെ കൂടി
മസ്കത്ത്: ഉള്ളിക്ക് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഉള്ളി വില കുത്തനെ ഉയർന്ന് ഗൾഫ് നാടുകൾ. ഗൾഫ് വിപണിയെ മൊത്തം ബാധിച്ച ഉള്ളി വിലയുടെ കുതിപ്പ് ഒമാനിലും ശക്തമാണ്. ഒമാനിൽ കിലോക്ക് 200 ബൈസ ഉണ്ടായിരുന്ന സവാളക്കിപ്പോള് 600 - 700 ബൈസ എന്ന നിലയിലേക്ക് ചില്ലറ വില്പന എത്തി.
ഇന്ത്യൻ ഉള്ളിയുടെ വില നിയന്ത്രണം വിട്ട് ഉയർന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ പ്രയാസത്തിലാണ്. 20കിലോ തൂക്കം വരുന്ന ഇന്ത്യന്‍ സവാളപ്പെട്ടിക്ക് 11 റിയാലാണ് മൊത്തവില. ഇന്ത്യൻ രൂപയിൽ വില കണക്കുമ്പോൾ 2378 രൂപയാണ് 20 കിലോ പെട്ടിയുടെ മൊത്തവില. അതായത് ഒരു കിലോക്ക് 118.9 രൂപ നൽകണം. എന്നാൽ ചില്ലറ വിപണിയിലേക്ക് ഉള്ളി എത്തുമ്പോൾ ഇത് ഇനിയും ഉയരും. 150 രൂപക്ക് മുകളിലാണ് ചില്ലറ വില.
രുചിയിലും ഗുണമേന്മയിലും മുന്നിട്ടു നില്ക്കുന്നതിനാല് ഏറെ ആവശ്യക്കാരുള്ള ഇന്ത്യന്‍ ഉള്ളിയുടെ കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ ആണ് നിരോധനം ഏർപ്പെടുത്തിയത്. മാർച്ച് വരെ നിരോധനം നീണ്ടു നിൽക്കും. ഇന്ത്യൻ വിപണിയിൽ ഉള്ളിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്.
ഇന്ത്യന്‍ സവാളയോട് അല്പമെങ്കിലും രുചിയില്‍ സാമ്യമുള്ള പാകിസ്താന് ഉള്ളിക്കും തീവിലയാണ്. പാകിസ്താന് സവാള 20കിലോ ചാക്കിന് മൊത്തവില ഒമ്പത് റിയാലാണ്. ഒമാനിൽ മാത്രമല്ല ഉള്ളിവില കുത്തനെ ഉയർന്നത്. യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിലും ഉള്ളിക്ക് തീവിലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."