പുരാരേഖയില്‍ ഒതുങ്ങുന്ന പൊലിസ് മാനം
ടി.കെ ജോഷി
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിന് കാവല്‍നിന്ന കേരള പൊലിസിന് അഭിമാനം എന്നൊന്നുണ്ടോയെന്ന് പുരാവസ്തുരേഖകള്‍ പരിശോധിച്ച് കണ്ടെത്തേണ്ടിയിരിക്കുന്ന കാലത്താണ് ജ്യോതി സുധാകര്‍ എന്ന എസ്.ഐ സേനയുടെ ഗ്രേഡ് വീണ്ടും ഇടിച്ചത്. ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് തന്റെ സര്‍വിസ് സിം അതിലിട്ട് ഉപയോഗിച്ചിരുന്ന ചാത്തന്നൂര്‍ എസ്.ഐ ജ്യോതി സുധാകറെ സസ്‌പെന്‍ഡ് ചെയ്ത വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി പൊലിസ് സംവിധാനം തകര്‍ന്നുവെന്ന നിരീക്ഷണം നടത്തിയത്. കേരളത്തിലെ പൊലിസ് തുടര്‍ച്ചയായി നീതിപീഠങ്ങളുടെ വിമര്‍ശനത്തിനും പൊതുസമൂഹത്തിന്റെ അവഹേളനത്തിനും ഇരയാവുമ്പോഴും സംവിധാനത്തിന് എന്തെങ്കിലും പിഴവുണ്ടോയെന്ന് പരിശോധന നടത്താന്‍ പക്ഷേ ആഭ്യന്തര വകുപ്പോ മുഖ്യമന്ത്രിയോ തയാറാകുന്നില്ല.
കേരളത്തിലെ പൊലിസിന് ചില പന്തികേടുകളുണ്ടെന്ന് ഭരണകക്ഷിയായ സി.പി.ഐയുടെ ദേശീയ നേതാവ് പറഞ്ഞപ്പോള്‍ നേതാവിനെ തിരുത്താന്‍ സംസ്ഥാന ഘടകം അരയും തലയും മുറുക്കി രംഗത്തിറങ്ങി. എന്നാല്‍ വാളയാര്‍ മുതല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വരെയുള്ള പൊലിസ് നടപടികളില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് പ്രൊട്ടോക്കോള്‍ ലംഘിച്ചുള്ള ദേശീയ നേതാവിന്റെ ഇടപെടലാണ് സേനയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഇടയാക്കിയതെന്ന് വ്യക്തം. കാനത്തിന്റെ പഴയ ചില പ്രസ്താവനകള്‍ എടുത്തു ഒരിക്കല്‍കൂടി മറിച്ചു നോക്കിയാല്‍ ഇക്കാര്യം ബോധ്യമാകും.
ട്രെയിന്‍ തട്ടി മരിച്ച അരുണ്‍ ജെറി എന്ന യുവാവിന്റെ മൃതദേഹ പരിശോധന നടത്തുമ്പോള്‍ കണ്ടെത്തിയ സ്മാര്‍ട്ട് ഫോണ്‍ തിരുവനന്തപുരം മംഗലപുരം പൊലിസ് സ്റ്റേഷനിലെ എസ്.ഐ ആയിരിക്കെ ജ്യോതി സുധാകര്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ കിട്ടിയെന്ന വിവരം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മറച്ചുവച്ചു. യുവാവിന്റെ മരണത്തില്‍ ദുരൂഹത തോന്നിയ ബന്ധുക്കള്‍ മൊബൈല്‍ ഫോണിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് ട്രെയിനിനടിയില്‍ ഉടക്കി ദൂരേയെവിടെയെങ്കിലും എത്തിയിരിക്കാം എന്നായിരുന്നു പൊലിസിന്റെ മറുപടി. ഈ മറുപടിയില്‍ തൃപ്തരാകാതിരുന്ന ബന്ധുക്കള്‍ സൈബര്‍ പൊലിസില്‍ നല്‍കിയ പരാതിയാണ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ എത്തിച്ചത്. ഇതിനിടെ ജ്യോതി ചാത്തന്നൂര്‍ സ്റ്റേഷനിലേക്ക് മാറിയിരുന്നു. മൊബൈല്‍ ലോക്കേഷന്‍ പിന്തുടര്‍ന്ന സൈബര്‍ സെല്ലിന്റെ അന്വേഷണം എത്തിയതും ചാത്തന്നൂരില്‍. പൊലിസിന്റെ ഔദ്യോഗിക സിം കാര്‍ഡാണ് മൊബൈലില്‍ ഉപയോഗിക്കുന്നതെന്ന കണ്ടെത്തലാണ് ഏറെ ഞെട്ടലുണ്ടാക്കിയത്. തുടര്‍ന്ന് എസ്.ഐയില്‍ നിന്നു ഫോണ്‍ പിടിച്ചെടുത്ത് ഡി.ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇനി അന്വേഷിച്ചു തുടര്‍നടപടിയുണ്ടാകുമെന്നാണ് ഡി.ഐ.ജി പറയുന്നത്. നടപടിയുടെ കാര്യം അവിടെ നില്‍ക്കട്ടെ, പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ ഒരു ദലിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടു കിട്ടിയിട്ടും എന്തു ചെയ്തു എന്നു ചോദിച്ചത് ഹൈക്കോടതിയാണ്. അതിനുള്ള മറുപടി ആദ്യം കൊടുത്തിട്ടാവാം ജ്യോതി സുധാകറിനെക്കുറിച്ചുള്ള അന്വേഷണവും നടപടിയും. പരാതി പറയാനെത്തിയ ദലിതനെ മര്‍ദിക്കുകയും സ്റ്റേഷനില്‍ വിലങ്ങണിയിച്ച് തടഞ്ഞുവയ്ക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൊലിസുകാര്‍ക്കെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പൊലിസ് സംവിധാനം തകര്‍ന്നുവെന്ന് വാക്കാല്‍ പറഞ്ഞ കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
കൊല്ലം തെന്മല പൊലിസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ ഉറുകുന്ന് ഇന്ദിരനഗറില്‍ രജനീവിലാസത്തില്‍ രാജീവിനാണ് പൊലിസുകാരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ ചൂരല്‍ക്കൊണ്ട് അടിക്കുകയും പരാതിയുടെ രസീതി ചോദിച്ചപ്പോള്‍ വിലങ്ങണിയിച്ച് നിര്‍ത്തുകയും ചെകിട്ടത്തടിക്കുകയും ചെയ്തുവെന്നായിരുന്നു കോടതിയ്ക്ക് മുമ്പിലെത്തിയ പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കൊല്ലം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എസ്.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനും എസ്.ഐ ശാലുവിനുമെതിരേ ആരോപണം സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയ്ക്ക് മുമ്പിലെത്തി. എന്നിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതി പൊലിസ് സംവിധാനത്തിന്റെ തകര്‍ച്ചയെ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പ്രഖ്യാപിച്ച് നിസാരവല്‍ക്കരിക്കാനാണ് ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊലിസില്‍ നിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് സാമാന്യവല്‍ക്കരിക്കുമ്പോള്‍ ഇതിനു പിന്നില്‍ നീതിനിഷേധിക്കപ്പെട്ട ഒന്നോ അതിലേറെയോ ഇരകളുണ്ടെന്ന് കാര്യം വിസ്മരിക്കരുത്.
സമീപകാലത്തെ ഈ രണ്ടു സംഭവങ്ങളും ഒറ്റപ്പെട്ടതാണെന്ന പതിവ് വിശദീകരണം തന്നെയായിരിക്കും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുക. സേനയിലുള്ള എല്ലാവരുടെയുമോ അല്ലെങ്കില്‍ ഭൂരിഭാഗത്തിന്റെയോ മനോനില ഇതല്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമുണ്ടാകില്ല. എന്നാല്‍ സമീപകാല പൊലിസ് ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെ എങ്ങനെ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്താന്‍ കഴിയും എന്നതാണ് പ്രധാന ചോദ്യം.
പുരാവസ്തുവിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വളര്‍ച്ചയ്ക്കും തട്ടിപ്പിനും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഊര്‍ജം പകര്‍ന്നത് മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള അരഡസനോളം പൊലിസ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നുവെന്നത് നമുക്ക് മുമ്പിലുണ്ട്. പൊലിസല്ലേ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തതെന്ന മറുന്യായത്തിന് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. നിയമം കൈയിലെടുക്കാനുള്ള അധികാരം പൊതുജനത്തിനും ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം നാട്ടുകള്ളന്‍മാരെ കൂട്ടിലടയ്ക്കാന്‍ പൊലിസിന്റെ സഹായം ആവശ്യമുണ്ടാവുകയില്ല. അതിന് നിര്‍വാഹമില്ലാത്ത സാഹചര്യത്തില്‍ കള്ളന് കഞ്ഞിവച്ചിട്ടുണ്ടെങ്കിലും കള്ളനെ പിടിക്കേണ്ട ചുമതലയും പൊലിസിന് തന്നെയാണ്. അതിനാല്‍ അറസ്റ്റു ചെയ്തു എന്ന ന്യായവാദം കളവിന് കുടപിടിച്ചതിന് ഒരിക്കലും നീതീകരിക്കാനാവുന്നതല്ല.
പൊലിസിനെ സര്‍ എന്നു വിളിക്കേണ്ട, അവര്‍ പൊതുജനസേവകരാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. 'മൃദുഭാവേ, ദൃഢകൃത്യേ' എന്നാണ് പൊലിസിന്റെ ആപ്തവാക്യം. മൃദുവായി പെരുമാറുകയും ദൃഢമായി കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്യുക എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതെല്ലാം അറിയാവുന്നവര്‍ തന്നെ സേനയുടെ തലപ്പത്തിരിക്കുമ്പോള്‍ എന്തുകൊണ്ട് ഹൈക്കോടതി വീണ്ടും വീണ്ടും പൊലിസിനെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതില്‍ വിലയിരുത്തല്‍ അനിവാര്യമാണ്.
അന്വേഷണഘട്ടത്തിനിടെ പൊലിസിന്റെ ബി.എസ്.എന്‍.എല്‍ ഔദ്യോഗിക നമ്പര്‍ തിരിച്ചറിഞ്ഞപ്പോള്‍ മൂന്ന് സി.പി.ഒമാര്‍ അമ്പരന്ന കഥ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സ്റ്റേഷനിലുണ്ട്. രാത്രി 12 മണി കഴിഞ്ഞ് തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിനു സമീപം വാഹന പരിശോധന നടത്തുമ്പോഴായിരുന്നു സംഭവം, വന്നത് ഡി.ഐ.ജി ആണെന്ന് അറിയാതെ, മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതിപ്പിച്ചു. എവിടെ നിന്ന് വരുന്നു, എവിടേക്ക് പോകുന്നു എന്ന പതിവു ചോദ്യവും. മദ്യപിച്ചെന്ന് ബോധ്യമായപ്പോള്‍ പെനാല്‍റ്റി കെട്ടിക്കാനായി ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോഴാണ് പൊലിസിന്റെ കോര്‍പറേറ്റ് ബി.എസ്.എന്‍.എല്‍ നമ്പര്‍ തിരിച്ചറിഞ്ഞതും ഡി.ഐ.ജിയാണെന്ന് ബോധ്യമായതും. ക്ഷമ ചോദിക്കാന്‍ പൊലിസുകാര്‍ ശ്രമിച്ചെങ്കിലും ഡ്യൂട്ടിയല്ലേ എന്നായിരുന്നു ഡി.ഐ.ജിയുടെ മറുപടി. എങ്കിലും ഇനി സംഭവിക്കാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ആശങ്കപ്പെട്ട പൊലിസുകാര്‍ക്ക് ലഭിച്ചത് 500 രൂപാ വീതം കാഷ് റിവാര്‍ഡും ഗുഡ് സര്‍വിസ് എന്‍ട്രിയുമായിരുന്നു. ഇങ്ങനെയുള്ള മികച്ച ഉദ്യോഗസ്ഥരുള്ള സേനയെ പഴിക്കേണ്ടിവരുന്നത് ഏതാനും ചിലരുടെ കൈയിലിരിപ്പുകൊണ്ടാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ തിരുത്തലുകളും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."