ചിനാര്‍ മരങ്ങള്‍ ചുവന്നതിങ്ങനെ
കെ.എ സലിം
1982ല്‍ കശ്മിരി നേതാവ് ശൈഖ് അബ്ദുല്ല മരിച്ചു. 1983ലെ തെരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് വിജയിച്ചു. എന്നാല്‍ അന്നത്തെ കേന്ദ്ര ഭരണകൂടം ഫാറൂഖ് അബ്ദുല്ലയുമായി ഉടക്കി. ഫാറൂഖിന്റെ ബന്ധുവും എതിരാളിയുമായ ഗുലാം മുഹമ്മദ് ഷായെ കശ്മിര്‍ മുഖ്യമന്ത്രിയാക്കി. പിന്നാലെ രാഷ്ട്രീയ അസ്ഥിരതയായിരുന്നു കശ്മിരില്‍. ജമ്മുകശ്മിര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) കശ്മിരില്‍ സ്വാധീനമുറപ്പിച്ചുവരുന്ന കാലമായിരുന്നു. 1984ല്‍ മഖ്ബൂല്‍ ഭട്ടിനെ തൂക്കിലേറ്റിയത് കശ്മിരിനെ ഞെട്ടിച്ചു. 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ബാബരി മസ്ജിദിന്റെ പൂട്ട് ഹിന്ദുക്കള്‍ക്കു പൂജയ്ക്കു തുറന്നുകൊടുത്തത് കശ്മിരിലും പ്രതിഷേധമുണ്ടാക്കി. 1986 ആയപ്പോഴേക്കും ഗുലാം മുഹമ്മദ് ഷാ സര്‍ക്കാരിനെതിരായ എതിര്‍പ്പ് ശക്തമായി. സംസ്ഥാനത്ത് കലാപം പടര്‍ന്നതോടെ 1986ല്‍ രാജീവ് ഗാന്ധി ഇടപെട്ട് ഗുലാം മുഹമ്മദ് ഷായെ മാറ്റി ഫാറൂഖ് അബ്ദുല്ലയെ വീണ്ടും മുഖ്യമന്ത്രിയാക്കി. അപ്പോഴേക്കും കശ്മിരില്‍ സായുധസംഘങ്ങള്‍ സജീവമായിരുന്നു.
1989ല്‍ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മകള്‍ റുബയ്യ മുഫ്തിയെ ജെ.കെ.എല്‍.എഫ് തട്ടിക്കൊണ്ടുപോയി. കശ്മിരിലെ ബി.ജെ.പി നേതാവായിരുന്ന ടിക്കാലാല്‍ ടപ്‌ലൂവിനെ അതേവര്‍ഷം സെപ്റ്റംബര്‍ 13ന് വെടിവച്ചു കൊന്നു. മഖ്ബൂല്‍ ഭട്ടിന് വധശിക്ഷ വിധിച്ച ജഡ്ജി നീല്‍കാന്ത് ഗഞ്ചുവിനെ നവംബര്‍ നാലിന് ശ്രീനഗര്‍ ഹൈക്കോടതിക്ക് മുന്നില്‍വച്ച് വെടിവച്ചുകൊന്നു. ഡിസംബര്‍ 27ന് അനന്തനാഗില്‍വച്ച് മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രേംനാഥ് ഭട്ട് കൊല്ലപ്പെട്ടു. താഴ്‌വരയില്‍ ഭീതി നിലനില്‍ക്കെ കശ്മിരിലെ പണ്ഡിറ്റുകള്‍ താഴ്‌വര വിട്ടുപോകണമെന്ന് ഒരു പ്രാദേശിക പത്രത്തില്‍ അജ്ഞാത സന്ദേശം പ്രത്യക്ഷപ്പെട്ടു. ജഗ്‌മോഹനെ ഗവര്‍ണറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് 1990 ജനുവരി 19ന് ഫാറൂഖ് അബ്ദുല്ല രാജിവച്ചു. പിന്നീട് ഗവര്‍ണര്‍ ഭരണമായിരുന്നു. ജനുവരി 20നാണ് ആദ്യസംഘം പണ്ഡിറ്റുകള്‍ കശ്മിര്‍ വിടാന്‍ തീരുമാനിക്കുന്നത്. ജനുവരി 21ന് ഗാവാകദലില്‍ പാലത്തിലൂടെ പ്രകടനമായി വരികയായിരുന്ന നിരായുധരായ കശ്മിരികള്‍ക്ക് നേരേ ജാലിയന്‍വാലാ ബാഗ് മാതൃകയില്‍ വഴിയടച്ച് നിന്ന് സി.ആര്‍.പി.എഫ് വെടിവച്ചു. 160 പേരാണ് അന്ന് മരിച്ചത്. വെടിയേല്‍ക്കാതിരിക്കാന്‍ ഝലം നദിയിലേക്ക് ചാടിയവരും മരിച്ചു. കശ്മിരിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകളിലൊന്നായ ഗാവാകദലാണ് കശ്മിരില്‍ സായുധ സമരം വ്യാപിക്കാന്‍ കാരണമായത്.
പലായനം ചെയ്യുന്ന കശ്മിരി പണ്ഡിറ്റുകളുമായി ആദ്യവിമാനം ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പറന്നത് ഗാവാകദല്‍ കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കകമാണ്. 1990 ജനുവരിയില്‍ 75,343 കശ്മിരി പണ്ഡിറ്റ് കുടുംബങ്ങളും 1990നും 92നും ഇടയില്‍ 70,000 കുടുംബങ്ങളും കശ്മിര്‍ വിട്ടെന്നാണ് കണക്ക്. 1990നും 2011നും ഇടയില്‍ 399 കശ്മിരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതായും കണക്കുണ്ട്. ഉറവിടമറിയാത്ത ഭീഷണികളെ അടിസ്ഥാനപ്പെടുത്തി പണ്ഡിറ്റുകളുടെ ഭീതിയെ തിരുത്താനാവാത്ത പലായനമാക്കി മാറ്റിയത് അന്ന് കശ്മിര്‍ ഗവര്‍ണറായിരുന്ന ജഗ്‌മോഹനാണ്. പലായനം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അതിനായി സൗകര്യമൊരുക്കുകയും പണ്ഡിറ്റുകളെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതില്‍ ജഗ്‌മോഹനുള്ള പങ്കിനെക്കുറിച്ച് അക്കാലത്ത് അനന്തനാഗിലെ സ്‌പെഷല്‍ കമ്മിഷണറായിരുന്ന വജാഹത്ത് ഹബീബുല്ല 'മൈ കശ്മിര്‍: ഡൈയിങ് ഓഫ് ദ ലൈറ്റ് 'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. കശ്മിരിലെ സമരങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമുണ്ടായിരുന്നില്ല. കശ്മിരിലെ സൈന്യത്തിന്റെ സാന്നിധ്യമടക്കമുള്ള പ്രശ്‌നങ്ങളില്‍ കശ്മിരിലെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും സിഖുകാര്‍ക്കും ഒരേ നിലപാടായിരുന്നുവെന്നും വജാഹത്ത് ഹബീബുല്ല പറയുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായിരുന്ന വജാഹത്ത് ഹബീബുല്ല ഡല്‍ഹിയിലെ ഓഫിസില്‍വച്ച് ഒരിക്കല്‍ സംസാരിക്കവെ ഇക്കാര്യം പറഞ്ഞു. ഇടകലര്‍ന്നായിരുന്നു കശ്മിരില്‍ പണ്ഡിറ്റുകളും മുസ്‌ലിംകളും താമസിച്ചിരുന്നത്.
സൈനിക നടപടികളുണ്ടാകുമ്പോള്‍ ഹിന്ദുവീടുകളെ ഒഴിവാക്കാനായിരുന്നു ജഗ്‌മോഹന്റെ താല്‍പര്യം. പണ്ഡിറ്റുകളെ കശ്മിരില്‍ നിന്ന് മാറ്റുകയും ആറുമാസം കൊണ്ട് സൈനിക നടപടി പൂര്‍ത്തിയാക്കി അവരെ തിരിച്ചെത്തിക്കുകയും ചെയ്യുകയെന്ന പദ്ധതിയായിരുന്നു ജഗ്‌മോഹന്റേത്. പണ്ഡിറ്റുകള്‍ അവിടെയില്ലെങ്കില്‍ സൈന്യത്തിന് കനത്ത നശീകരണ ശേഷിയുള്ള വലിയ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നായിരുന്നു ജഗ്‌മോഹന്റെ നിലപാട്. പണ്ഡിറ്റുകളെ മാറ്റി. യന്ത്രത്തോക്കുകള്‍ അടക്കമുള്ള വലിയ ആയുധങ്ങള്‍ കശ്മിരികള്‍ക്കെതിരേ ഉപയോഗിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സൈനിക നടപടി അവസാനിച്ചില്ല. അക്കാലത്ത് ഒരു ദിവസം തന്റെ ഓഫിസിനു മുന്നില്‍ പണ്ഡിറ്റുകളുടെ കൂട്ടം പ്രത്യക്ഷപ്പെട്ടതായി വജാഹത്ത് ഹബീബുല്ല പറഞ്ഞു. അധികൃതര്‍ തങ്ങളെ പോകാന്‍ നിര്‍ബന്ധിക്കുന്നതായുള്ള പരാതിയുമായി എത്തിയതായിരുന്നു അവര്‍. 'കശ്മിര്‍ വിട്ടുപോകേണ്ടതില്ലെന്ന് ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും പണ്ഡിറ്റുകളോട് അഭ്യര്‍ഥന നടത്താനും അവര്‍ക്ക് ധൈര്യം പകരാനും ആവശ്യപ്പെട്ട് താന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി. എന്നാല്‍ അത്തരത്തിലൊരു അഭ്യര്‍ഥന വന്നില്ലെന്ന് മാത്രമല്ല സര്‍ക്കാര്‍ ജില്ലകളിലും പണ്ഡിറ്റുകള്‍ക്കായി അഭയാര്‍ഥി ക്യാംപുകളുണ്ടാക്കി'യെന്നും അദ്ദേഹം പറയുന്നു. പണ്ഡിറ്റുകളെ ആദ്യം നിര്‍ബന്ധിച്ച് ക്യാംപിലേക്ക് മാറ്റി. പിന്നീട് അവിടെ നിന്ന് ഡല്‍ഹിയിലേക്കും ജമ്മുവിലേക്കും കൊണ്ടുപോയി. ഇതിനായി അധികൃതര്‍ തന്നെ വാഹന സൗകര്യമൊരുക്കി.
പലരും അവിടെ നിന്ന് പൂനെയിലേക്കും അഹമ്മദാബാദിലേക്കും മുംബൈയിലേക്കും പോയി. കേന്ദ്രമന്ത്രിയായിരുന്ന സെയ്ഫുദ്ദീന്‍ സോസ് എഴുതിയ 'കശ്മിര്‍: ഗ്ലിംസസ് ഓഫ് ഹിസ്റ്ററി ആന്‍ഡ് ദ സൊസൈറ്റി ഓഫ് സ്ട്രഗ്ള്‍' എന്ന പുസ്തകത്തിലും കശ്മിരിലെ പണ്ഡിറ്റുകളുടെ പലായനത്തിന് ഉത്തരവാദി ജഗ്‌മോഹനാണെന്ന് പറയുന്നുണ്ട്. പണ്ഡിറ്റുകള്‍ക്കായുള്ള വാഹനസൗകര്യമൊരുക്കിയത് ആസൂത്രിതമായിരുന്നുവെന്ന് സോസ് എഴുതുന്നു. പൊലിസായിരുന്നു അവരെ കശ്മിരില്‍ പറഞ്ഞയക്കാന്‍ വേണ്ടതെല്ലാം ചെയ്തത്. കശ്മിരി മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കാന്‍ ഹിന്ദുക്കള്‍ മാറിനില്‍ക്കട്ടെയെന്ന നിലപാടായിരുന്നു ജഗ്‌മോഹന്. തന്റെ ലക്ഷ്യം അടുത്ത സുഹൃത്തുക്കളോട് ജഗ്‌മോഹന്‍ തുറന്നു പറഞ്ഞിരുന്നുവെന്നും സോസ് പറയുന്നു.
കശ്മിരിനെ ഈ പ്രതിസന്ധികളിലേക്കെല്ലാം തള്ളിവിട്ടത് 1987ലെ തെരഞ്ഞെടുപ്പ് ക്രമക്കേടാണ്. നാഷനല്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് എന്നിവയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാനപാര്‍ട്ടികള്‍. കശ്മിരില്‍ ആദ്യമായി 75 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്. മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു. തോറ്റവരെ വിജയികളായി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസരിച്ച് ഫാറൂഖ് അബ്ദുല്ല വീണ്ടും മുഖ്യമന്ത്രിയായി.
ആമിറ കദലില്‍ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ട് നേതാവ് മുഹമ്മദ് യൂസുഫ് ഷായായിരുന്നു വോട്ടെണ്ണിയപ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എന്നാല്‍ നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഗുലാം മുഹിയുദ്ധീന്‍ ഷായെ വിജയിയായി പ്രഖ്യാപിച്ചു. പ്രതിഷേധിച്ചപ്പോള്‍ മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അറസ്റ്റിലായവരിലൊരാള്‍ മുഹമ്മദ് യൂസുഫ് ഷായായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ മുഹമ്മദ് യൂസുഫ് ഷാ സയ്യിദ് സലാഹുദ്ദീന്‍ എന്ന പേര് സ്വീകരിച്ച് ഹിസ്ബുല്‍ മുജാഹിദീന്‍ രൂപീകരിച്ചു. മൈസൂമയില്‍ നിന്നുള്ള മുസ്‌ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ മറ്റൊരു നേതാവ് യാസീന്‍ മാലിക്, അശ്ഫാഖ് മജീദ് വാനി, ജാവേദ് അഹമ്മദ് മിര്‍ എന്നിവര്‍ ജെ.കെ.എല്‍.എഫില്‍ ചേര്‍ന്ന് സായുധ സമരം പ്രഖ്യാപിച്ചു. കശ്മിര്‍ കത്തുന്നത് അങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."