HOME
DETAILS
MAL
കൊല്ലാന്‍ 'കെട്ടിച്ചമച്ച കേസ്'? പി. ജയരാജനെ ആക്രമിച്ചുവെന്ന കേസില്‍ 12 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു
backup
October 13 2021 | 01:10 AM
കണ്ണൂര്‍: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂറിന്റെ കൊലയ്ക്കുള്ള പ്രകോപനമായി സി.പി.എം ആരോപിച്ചിരുന്ന ജില്ലാ സെക്രട്ടറിയേയും എം.എല്‍.എയേയും ആക്രമിച്ചെന്നക്കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരല്ലെന്ന് കോടതി. സി.പി.എം ജില്ലാസെക്രട്ടറിയായിരുന്ന പി. ജയരാജനെയും എം.എല്‍.എയായിരുന്ന ടി.വി രാജേഷിനെയും ആക്രമിച്ചുവെന്ന കേസിലെ പ്രതികളായ 12 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയാണ് കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെവിട്ടത്.
കണ്ണൂര്‍ അസി. സെഷന്‍സ് ജഡ്ജി രാജീവന്‍ വാച്ചാലാണ് വിധി പുറപ്പെടുവിച്ചത്. 2012 ഫെബ്രുവരി 20നു ഉച്ചയ്ക്കു 12.45ഓടെ പട്ടുവം അരിയില്‍ പള്ളിക്കു സമീപം സംഘര്‍ഷ സ്ഥലത്തെത്തിയ പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവരടക്കം ഒമ്പതുപേരെ സംഘം ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 148, 324, 421, 308 എന്നീ വകുപ്പുകള്‍ ചുമത്തിയുള്ള കേസ്.
പ്രതികളും അരിയില്‍ സ്വദേശികളുമായ അന്‍സാര്‍, പി.ഹനീഫ, പി.ഷുഹൈല്‍, കെ.പി അനസ്, മുഹമ്മദ് കുഞ്ഞി, റഹൂഫ്, കെ. സകരിയ, അബ്ദുല്‍സമദ്, യഹിയ, എം.കെ സജീര്‍, അഷ്‌റഫ്, നൗഷാദ് എന്നിവരെയാണു കോടതി വിട്ടയച്ചത്. ആകെ 15 പ്രതികളുള്ള കേസില്‍ രണ്ടുപേരുടെ വിചാരണ പിന്നീടു പയ്യന്നൂര്‍ അസി. സെഷന്‍സ് കോടതിയില്‍ നടക്കും. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ കേസ് തലശേരി ജുവനൈല്‍ കോടതിയില്‍ നടന്നുവരികയാണ്.
പി. ജയരാജനും ടി.വി രാജേഷും ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത പരന്നതിനു പിന്നാലെയാണു സംഭവദിവസം ഉച്ചകഴിഞ്ഞ് കണ്ണപുരം കീഴറയില്‍ എം.എസ്.എഫ് നേതാവായിരുന്ന അരിയിലിലെ അബ്ദുല്‍ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകര്‍ ബന്ധിയാക്കി വിചാരണ ചെയ്ത് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു പൊലിസ് കുറ്റപത്രം.
എന്നാല്‍ പി. ജയരാജനെയും ടി.വി രാജേഷിനെയും ആക്രമിച്ചുവെന്ന സംഭവമേ ഉണ്ടായില്ലെന്നും ഷുക്കൂര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നല്‍കിയ കള്ളക്കേസായിരുന്നു ഇതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രാഷ്ട്രീയസ്വാധീനത്തില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സിച്ച് കൃത്രിമ രേഖകളുണ്ടാക്കിയെന്നും വാദത്തിനിടെ പ്രതിഭാഗം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."