HOME
DETAILS
MAL
അമിത്ഷായെ പുകഴ്ത്തി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍
backup
October 13 2021 | 02:10 AM
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുകഴ്ത്തി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനും സുപ്രിംകോടതി മുന്‍ ജഡ്ജിയുമായ അരുണ്‍ മിശ്ര. അമിത്ഷായുടെ ശ്രമഫലമായി ജമ്മു കശ്മിരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനത്തിന്റെയും ക്രമസമാധാനത്തിന്റെയും പുതിയ യുഗപ്പിറവിയുണ്ടായതായി ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജ. മിശ്ര.
ഇന്ത്യയെ ശക്തമായ ജനാധിപത്യമാക്കി മാറ്റുന്നതിന്റെ കീര്‍ത്തി ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കുമുള്ളതാണ്. അന്താരാഷ്ട്ര ശക്തികള്‍ ഇന്ത്യയിലെ മനുഷ്യാവകാശത്തെക്കുറിച്ച് വികലമായ ചിത്രം വരയ്ക്കുകയാണ്. ഭീകരതയെയും ഭീകരവാദത്തെയും മഹത്വവല്‍ക്കരിക്കാന്‍ കഴിയില്ല. സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. 20ാം നൂറ്റാണ്ടിലും 12 കോടി ജനങ്ങള്‍ രാഷ്ട്രീയ അക്രമങ്ങള്‍ മൂലം മരിച്ചു. നിരപരാധികളെ കൊല്ലുന്നവരെ സ്വാതന്ത്ര്യ സമരപോരാളികള്‍ എന്ന് വിളിക്കാന്‍ പറ്റില്ല.
മനുഷ്യാവകാശത്തിന് വേണ്ടി പോരാടുന്നവര്‍ രാഷ്ട്രീയ അതിക്രമങ്ങളെ അപലപിക്കണം. ഇന്ത്യയില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ പള്ളികളും അമ്പലവും നിര്‍മിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മറ്റു പല രാജ്യങ്ങളിലും ഈ സ്വാതന്ത്ര്യമില്ല. ആളുകളെ കള്ളക്കേസുകളില്‍ കുടുക്കുന്ന പതിവ് പൊലിസിനുണ്ട്. പൊലിസ് സംവിധാനം മെച്ചപ്പെടുത്തിയാല്‍ എല്ലാത്തിനും സി.ബി.ഐ അന്വേഷണം വേണ്ടിവരില്ലെന്നും ജ. മിശ്ര പറഞ്ഞു. അമിത്ഷാ ആരോപണ വിധേയനായ ജസ്റ്റിസ് ലോയ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടത് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."