ബംഗളുരുവില്‍ ബഹുനില കെട്ടിടം ചരിഞ്ഞു; ആളുകളെ ഒഴിപ്പിച്ചു, ഉടന്‍ പൊളിച്ചുമാറ്റും
ബംഗളുരു:കനത്ത മഴ തുടരുന്ന ബംഗളുരു നഗരത്തിലെ ബഹുനില കെട്ടിടം ചരിഞ്ഞു. പടിഞ്ഞാറന്‍ ബംഗളുരുവിലെ കമലനഗറിലാണ് നാലുനില കെട്ടിടം ചരിഞ്ഞത്. പരിഭ്രാന്തരായ താമസക്കാര്‍ പരാതിപ്പെട്ടതോടെ ആളുകളെ ഒഴിപ്പിച്ചു. കെട്ടിടം ഉടന്‍തന്നെ പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അഗ്നിശമനസേനയും പൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ താമസിക്കുന്നവരെ മാറ്റിയതായും ഒഴിപ്പിച്ചവര്‍ക്ക് താമസസ്ഥലവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ബംഗളൂരു മഹാനഗര പാലിക അറിയിച്ചു.
കെട്ടിടത്തിന്റെ ഫൗണ്ടേഷന്റെ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ കെട്ടിടം ചരിയാന്‍ ഇടയാക്കിയത് എന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.
നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിലെ കസ്തൂരി നഗറില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണിരുന്നു. രണ്ടാഴ്ചക്കിടെയുണ്ടാകുന്ന നാലാമത്തെ സംഭവമാണിത്.
ബംഗളൂരുവില്‍ ദിവസങ്ങളായി അതിശക്തമായ മഴയാണ്. വിവിധയിടങ്ങളില്‍ വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."