മൈനോരിറ്റി ഫിഖ്ഹ് ആധുനികതയോടുള്ള മാപ്പപേക്ഷ
ശു െഎബുൽ ഹൈതമി
കേരള മുസ്‌ലിം വൈജ്ഞാനിക വ്യവഹാരങ്ങളിൽ കൂടുതൽ ഇടംപിടിച്ചിട്ടില്ലെങ്കിലും പുതിയകാല പ്രബോധന പശ്ചാത്തലങ്ങളിൽ ചർച്ചയാവുന്ന വിഷയമാണ് മൈനോരിറ്റി ഫിഖ്ഹ്(ഫിഖ്ഹുൽ അഖല്ലിയ്യാത്) അഥവാ ന്യൂനപക്ഷ കർമശാസ്ത്രം. നിർമിത-വരേണ്യ പൊതുപ്രതീതിയിൽ മതങ്ങളുടെ, വിശിഷ്യാ ഇസ്‌ലാമിന്റെ, പ്രത്യേകിച്ച് സുന്നി-സൂഫി പ്രതീകങ്ങളും പ്രമാണങ്ങളും അന്യവൽക്കരിക്കപ്പെടുന്നുവെന്നും മൈനോരിറ്റി ഫിഖ്ഹിന്റെ 'അയവുകളും ഇളവുകളുമാണ്' പരിഹാരമാവുകയെന്നും ഒരു കൂട്ടം പറയുകയും പ്രയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്.
യൂറോപ്പ്, വടക്കേ അമേരിക്ക, കിഴക്കനേഷ്യ തുടങ്ങിയ പ്രവിശ്യകളിലെ മതേതര രാഷ്ട്രങ്ങളിൽ ജീവിക്കേണ്ടിവരുന്ന ന്യൂനപക്ഷ മുസ് ലിംകൾക്ക് അവരുടെ വിശ്വാസസ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ മതേതര പൊതുധാരയുടെ ഭാഗമാകാൻ ആവശ്യമായ നവീകൃത കർമശാസ്ത്ര സംഹിതയാണ് മൈനോരിറ്റി ഫിഖ്ഹ്. അതിന്റെ ഘടനാത്മകസ്വഭാവം സംഗ്രഹിച്ച് പറയാം: ഇരുപതാം ശതകത്തിന്റെ അവസാനത്തോടെ യൂറോപ്യൻ-അമേരിക്കൻ രാഷ്ട്രങ്ങളിൽ ഉന്നത ജോലിയോ സുഖജീവിതമോ തേടിപ്പോയ മധ്യ-പൗരസ്ത്യ മുസ്‌ലിംകൾ അവിടങ്ങളിലെ പൗരത്വം സ്വീകരിച്ചു തുടങ്ങി. കൊളോണിയൽ-മുതലാളിത്ത-ആധുനിക-ലിബറൽ മൂല്യങ്ങൾ രൂപപ്പെടുത്തിയ പടിഞ്ഞാറൻ ഫ്രയിമിനോട് ചേരുന്ന ഇസ്‌ലാം കുടിയേറ്റ/സമ്പന്ന മുസ്‌ലിംകൾക്ക് ആവശ്യമായി.
തിരിച്ച്, മോഹന നിക്ഷേപങ്ങളുടെ വമ്പൻ സ്രോതസുകളായ വരേണ്യ മുസ്‌ലിം കുടിയേറ്റക്കാരെ കൂടെനിർത്തേണ്ടത് യൂറോപ്പിന്റെയും ആവശ്യമായി. ഫെഡറേഷൻ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫ്രാൻസിൽ സംഘടിപ്പിച്ച സെമിനാറിലാണ് ആദ്യമായി ഒരു പടിഞ്ഞാറൻ-അറബ് സാംസ്കാരിക സമന്വിത കർമശാസ്ത്രം ചർച്ചയാവുന്നത്. തുടർച്ചയെന്നോണം 1999ൽ അമേരിക്കയിൽ കോൺഫറൻസ് ഓഫ് ശരീഅ സ്കോളേഴ്സ് നടത്തി സങ്കൽപ്പത്തിന് കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു.
ത്വാഹ ജാബിർ അൽവാനി, അബ്ദുൽ മജീദ് അന്നജ്ജാർ, താരിഖ് റമദാൻ, മുസ്തഫ അൽ സർഖ, മന്നാ അൽ ഖത്താൻ, അബ്ദുല്ലാഹ് ബിൻ ബയ്യാ, യൂസുഫുൽ ഖറദാവി തുടങ്ങിയവരാണ് മൊത്തത്തിൽ ആശയദാതാക്കളെങ്കിലും കൂട്ടത്തിൽ അൽവാനിയും ഖറദാവിയുമാണ് പിന്നീട് ഇതിനെ ഒരു നിദാനശാസ്ത്രമാക്കാൻ കൂടുതൽ ഉത്സാഹിച്ചത്. ആധുനിക മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കുന്ന ' മുഖ്യധാരാ പ്രവേശന വിലക്ക്' നാല് മദ്ഹബുകളോ ആദ്യകാല ശറഈ നിയമസംഹിതകളോ അഭിമുഖീകരിച്ചിട്ടില്ലെന്നും കർമശാസ്ത്ര ഗവേഷണങ്ങൾ സാഹചര്യമനുസരിച്ച് നൈരന്തര്യപ്പെടേണ്ടതാണെന്നും അവർ സിദ്ധാന്തിച്ചു.
ന്യൂനപക്ഷമെന്ന മുദ്രയുണ്ടാക്കുന്ന കീഴാളത്വം, സാമൂഹിക ഒറ്റപ്പെടൽ, അമുസ്‌ലിം പങ്കാളിയോടൊപ്പമുള്ള ജീവിതം, ബാങ്കിങ്, പൊതുശ്മശാനം, വിർച്വൽ ബിസിനസ്, മദ്യസൽക്കാരം, പൊതു ആഘോഷങ്ങൾ തുടങ്ങിയവയാണ് അവർ മുന്നോട്ടുവയ്ക്കുന്ന ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ. അതിനെ മറികടക്കാൻ തൈസീറുൽ ഫിഖ്ഹ്, മസ്വാലിഹുമുർസല, സദുദ്ദറാഇർ, ഉർഫ്, ഇജ്തിഹാദ് തുടങ്ങിയ സങ്കേതങ്ങൾ അവർ പുതിയ വ്യാഖ്യാനങ്ങളോടെ മുന്നോട്ടുവച്ചു. മലബാറിലേക്ക് ഈ കാഴ്ചപ്പാട് ഏകദേശം 20 വർഷങ്ങൾക്ക് മുമ്പേ കടന്നുവന്നത് ജമാഅത്തെ ഇസ്‌ലാമി ചേരിയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുക്കൾ വഴിയായിരുന്നു. കടുത്ത മതരാഷ്ട്രവാദത്തിൽനിന്ന് സവർണ ദേശീയതാശ്ലേഷത്തിലേക്ക് നിസ്സങ്കോചം ചുവടുമാറാൻ അവരെ പാകപ്പെടുത്തിയ മതകീയ മാനം അതായിരുന്നു.
മതേതര പൊതുബോധത്തിന്റെ മതിപ്പും അംഗീകാരവും നേടാൻ ഇസ്‌ലാമിക് എലമെന്റുകളുടെ സെമി സെക്യുലറൈസേഷനാണ് പ്രത്യാഖ്യാനമെന്ന അപകർഷ ചിന്ത ഉൾവഹിക്കുന്ന ചില സുന്നികൾപോലും ആത്മഭ്രംശവും വ്യതിചലനവും ഉൾക്കൊള്ളാതെ അതേവഴി സഞ്ചരിക്കുന്നതിനെ മഹത്വവൽക്കരിക്കുമ്പോൾ അടിസ്ഥാന തത്വമായ ന്യൂനപക്ഷ കർമശാസ്ത്രത്തിന്റെ നിരാകരണ ന്യായങ്ങൾ പറയേണ്ടതുണ്ട്.
ഒന്ന്: സുന്നി പണ്ഡിതനായിരുന്ന സഈദ് റമദാൻ ബൂത്വിയുടെ അല്ലാമദ്ഹബിയ്യ അടക്കമുള്ള കൃതികൾ സെക്യുലർ-സിൻക്രറ്റിക് ഇസ് ലാമിന്റെ അപകടം തുറന്നുകാട്ടുന്നുണ്ട്. കൊളോണിയൽ-യൂട്ടിലിറ്റേറിയൻ തത്വങ്ങൾ നിയന്ത്രിക്കുന്ന യൂറോ-സെൻട്രിക് ലോക ഘടനയുടെ സൃഷ്ടിയാണ് മെനോരിറ്റി ഫിഖ്ഹ് എന്ന് അദ്ദേഹം തുറന്നെഴുതി. മദ്ഹബുകൾ നാലായതിനെ ഇകഴ്ത്തി 'വിശാല ഉമ്മ' വാദം ഉന്നയിക്കുന്നവർ ഓരോ രാജ്യത്തും ഓരോ ഫിഖ്ഹ് ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതിനർഥം മനസിലാക്കാൻ പോലും മറുപക്ഷത്തിന് പറ്റിയില്ല. മൈനോരിറ്റി ഫിഖ്ഹ് കൃത്യമായ കാഴ്ചപ്പാടല്ല. കാഴ്ചപ്പാടിന്റെ പേരുപോലും നിർണിതമല്ല. ഡോ. ഖാലിദ് മുഹമ്മദ് അബ്ദുൽ ഖാദിർ From the jurisprudence of Muslim minorities എന്ന കൃതിയിൽ 'സഹവർത്തനത്തിന്റെ കർമശാസ്ത്രം' എന്നാണതിനെ പരിചയപ്പെടുത്തുന്നത്.
ഡോ. അബ്ദുൽ മജീദ് അന്നജ്ജാർ The jurisprudence of citizenship for muslims in Europe എന്ന കൃതിയിൽ 'പൗരത്വത്തിന്റെ കർമശാസ്ത്രം' എന്നാണ് പരിചയപ്പെടുത്തുന്നത്. ഡോ. ജമീൽ ഹംദാവി ഒന്നുകൂടെ കടന്ന് 'സാംസ്കാരിക കൊടുക്കൽ വാങ്ങലുകളുടെ കർമശാസ്ത്രം' എന്നും. ഇവിടെയൊക്കെ അനാവൃതമാകുന്നത്, മുസ്‌ലിംകൾ എന്നാൽ ഒരു വിശ്വാസ ന്യൂനപക്ഷമല്ല, സാംസ്കാരിക ന്യൂനപക്ഷമാണെന്ന രാഷ്ട്രീയസത്യം അവഗണിക്കപ്പെടുന്നുവെന്നതാണ്.
രണ്ട്: ഇജ്മാഅ്, ഖുർആൻ, ഹദീസ്, ഖിയാസ് എന്നിവ തന്നെയാണ് മാർഗമെന്ന് മുഖവുര പറഞ്ഞുകൊണ്ടുതന്നെ ജാബിർ അലവാനിയും സംഘവും ക്ലാസിക് ഫിഖ്ഹിൽനിന്ന് മുക്തമായ ഒരു സ്വതന്ത്ര കർമശാസ്ത്രശാഖയാണ് പ്രയോഗത്തിൽ വിഭാവനം ചെയ്യുന്നത്. ഫിഖ്ഹുൽ അഖല്ലിയ്യാത്ത് എന്നാൽ പുതിയ കാഴ്ചപ്പാടല്ല, പരമ്പരാഗത രീതികളുടെ നവീകരണമാണെന്ന് പ്രചരിപ്പിക്കുന്നവർ ഉയർത്തിക്കാണിക്കുന്ന ഫിഖ്ഹല്ല അലവാനിയുടെയും ഖറദാവിയുടെയും കർമശാസ്ത്രം. സ്വയം മതനിയമ നിർമാണാവകാശം വാദിക്കുന്ന അവർക്ക് നാലാലൊരു മദ്ഹബിന്റെ(School of thoughts) അകത്തുനിന്നുകൊണ്ടുള്ള ആധുനിക സമസ്യാനിർദ്ധാരണം പിന്തിരിപ്പൻ സമീപനമാണ്.
അവയ്ക്കകത്തെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നുകൊണ്ട് പരിഹരിക്കാനാവാത്ത വിഷയങ്ങൾ അന്ത്യനാളോളം മുസ്‌ലിം സമൂഹത്തിന് ഉണ്ടാവില്ല. കാരണം, മനുഷ്യവർഗത്തെ പ്രാകൃതൻ, ഗോത്രകാലികൻ, മധ്യകാലികൻ, ആധുനികൻ, ഉത്തരാധുനികൻ, പരിഷ്കൃതൻ എന്നിങ്ങനെ തരംതിരിച്ചത് മോഡേണിറ്റിയാണ്. മനുഷ്യവർഗം എന്നും ഒന്നാണ്. ഉപകരണങ്ങൾ മാത്രമാണ് മാറുക. കാലാവസാനം വരുന്ന ഈസ(അ) ഇന്നത്തെ ശരീഅ നിയമങ്ങൾ തന്നെയാണ് നടപ്പിൽവരുത്തുക. ഇതാണ് ഇസ്‌ലാമിന്റെ ആന്ത്രോപോളജിക്കൽ & എസ്ക്കറ്റോളജിക്കൽ വീക്ഷണം.
മൂന്ന്: ഇല്ലാത്ത പ്രശ്നം ക്ലാസിക് ഫിഖ്ഹിലുണ്ടെന്ന് വരുത്തിയശേഷം അതിന് പരിഹാരം പറഞ്ഞ് 'വെടക്കാക്കി തനിക്കാക്കുകയാണ്' മൈനോരിറ്റി ഫിഖ്ഹ്. മുസ്‌ലിംകൾ ഒരിടത്ത് ന്യൂനപക്ഷമായാൽ അവിടം യുദ്ധഭൂമി (ദാറുൽ ഹർബ്) ആണെന്നും ഹിജ്റ(പലായനം) നിർബന്ധമാണെന്നുമാണ് മദ്ഹബ് വീക്ഷണമെന്നും അതനുസരിച്ച് യൂറോപ്പും അമേരിക്കയും ദാറുൽ ഹർബാണെന്നും എന്നാൽ മുസ്‌ലിംകൾക്ക് അവിടെനിന്ന് ഹിജ്റ പോവൽ പ്രായോഗികമല്ലെന്നും അതിനാൽ മറ്റൊരു കർമശാസ്ത്രം വേണമെന്നുമാണ് അവരുടെ 'മദ്ഹബ്'. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങൾ എന്ന ദ്വന്ദവും അതിർത്തി ദേശീയതാ സങ്കുചിതത്വവും ഡമോക്രാറ്റിക് വിവക്ഷകളാണ്. രാഷ്ട്രം എന്നതല്ല, സമൂഹം എന്ന സ്ഥാപനമാണ് കർമശാസ്ത്ര ബിംബം. ഹിജ്റ സങ്കൽപ്പത്തെ മതേതര ഭരണഘടനയുടെ(സന്ധിപത്രം) ചുവട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല.
ഇമാം റാസി(റ) ദാറുൽ ഇസ്‌ലാം-ദാറുൽഹർബ് എന്ന ദ്വന്ദം തന്നെ അംഗീകരിക്കുന്നില്ല. ദാറുൽ ഇജാബയും ദാറുദ്ദഅ്‌വയുമാണ് അദ്ദേഹത്തിന്റെ വീക്ഷണത്തിൽ. അതനുസരിച്ച് മതേതര സമൂഹങ്ങൾ ദാറുദ്ദഅ്‌വയാണ്. അവിടെ നിന്ന് ഹിജ്റ പോവുകയല്ല, അവിടെ മുസ് ലിം സ്വത്വം ഉയർത്തിപ്പിടിച്ച് ജീവിതം പ്രബോധനമാക്കുകയാണ് വേണ്ടത്. മുസ്‌ലിമേതര സമൂഹങ്ങളിൽനിന്നുള്ള പലായനമല്ല, പ്രബോധനമാണ് ഉത്തമമെന്ന് അബുൽ ഹസൻ അൽ മാവർദി സൂറതുൽ മുംതഹിനയിലെ എട്ടാം വചനം ഉദ്ധരിച്ച് വിശദീകരിക്കുന്നുണ്ട്.
നാല്: തങ്ങൾക്കനുകൂല മതന്യായമുണ്ടാക്കാൻ വേണ്ടി പ്രവാചകാനുയായികളുടെ അബ്സീനിയൻ പലായനം അലവാനികൾ ഉദ്ധരിക്കാറുണ്ട്. 'ന്യൂനപക്ഷ' മുസ്‌ലിം സാമുദായിക സംഘാടനം എങ്ങനെയാവണമെന്നതിന്റെയും 'പൊതു'വിനെ പ്രീണിപ്പിക്കാൻ വേണ്ടി സ്വത്വം കളയരുതെന്നതിന്റെയും ചിരകാല മാതൃകയാണ് വാസ്തവത്തിൽ ആ സംഭവം. ക്രിസ്ത്യനായിരുന്ന നേഗസ് ചക്രവർത്തി അഭയം നൽകിയപ്പോൾ നയതന്ത്രജ്ഞൻ ജഅ്ഫർ ബിൻ അബീത്വാലിബ്(റ) നേഗസിന്റെ മുഖസ്തുതി പറഞ്ഞ് ചുറ്റിടം ഊഷ്മളാക്കി.
എന്നാൽ, അദ്ദേഹംതന്നെ, ആരാണ് ഈസ(അ) എന്ന് ചോദിക്കപ്പെട്ടപ്പോൾ പാതിരിമാർ ചുറ്റിലും മ്ലാനമനസ്കരായി ഉണ്ടായിട്ടും ശൗര്യം ചോരാതെ ഖുർആൻ വചനങ്ങൾ ഉരുവിട്ട് ക്രിസ്ത്യൻ ഖണ്ഡനം നടത്തുകയും ചെയ്തു. ഇതാണ് യഥാർഥ വഴി. സത്യത്തിൽ ഭൂരിപക്ഷത്തിന് ആ ആദർശബോധത്തിൽ മതിപ്പാണുളവായത്. ശേഷം എട്ടുവർഷം അവരവിടെ രണ്ടാം തരമില്ലാതെ ജീവിച്ചു. മദീനയിൽ ഇസ്‌ലാമിക് റിപ്പബ്ലിക് നിലവിൽ വന്നിട്ടും പ്രവാചകർ(സ) അവരെ തിരിച്ചുവിളിച്ചിട്ടുമില്ല. സാംസ്കാരിക സമന്വയത്തിനുവേണ്ടി ഇസ്‌ലാമിനെ ലഘൂകരിച്ചാൽ ഇസ്‌ലാം ഇല്ലാതായാലും 'പൊതു' സന്തുഷ്ടരാവില്ല.
അഞ്ച്: മഖാസിദുശ്ശരീഅ(മതനിയമങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങൾ) ഉർഫ്(നാട്ടുനടപ്പ്) എന്നീ സങ്കേതങ്ങളെ ഉപവസിച്ച് ലിബറലിസത്തെ സെമി ലിബറലിസംകൊണ്ട് മറികടക്കാൻ ശ്രമിക്കുന്നതിന് ഇസ്‌ലാമിക മാനം നൽകാൻ തത്വം ചമയ്ക്കുന്ന പണ്ഡിതസുഹൃത്തുക്കൾ മറാക്കിഷ് കർമശാസ്ത്ര വിശാദരൻ അഹ്മദ് അൽ ബൽഗീത്തിയെ വായിച്ചാൽ ധാരണപ്പിശക് തീരും. The fiqh of minorities, the new fiqh to subvert Islam എന്ന ആസിഫ് ഖാന്റെ 2016ൽ പുറത്തിറങ്ങിയ കൃതി അക്കാദമികമായും അവലംബിക്കാം. മഖാസ്വിദ് എന്നാൽ നിയമങ്ങൾ രൂപീകരിക്കാനുള്ള കാരണങ്ങൾ അല്ലെന്നും നേരത്തെ രൂപീകൃതമായ നിയമങ്ങളുടെ ഫലങ്ങളാണെന്നും അവർ സമർഥിക്കുന്നുണ്ട്. ഇന്ന് പലരും ലക്ഷ്യങ്ങൾ മുൻനിർത്തി നിയമങ്ങൾ മാറ്റുന്ന തിരക്കിലാണ്!
ഫിഖ്ഹിന്റെ പ്രാദേശികത്വം എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രയോഗമാണ്. നാട്ടുനടപ്പുകൾ മാറുന്നതിനനുസരിച്ച് നിയമങ്ങൾ മാറ്റാം എന്നല്ല അതിനർഥം. ഫിഖ്ഹ് നിയമങ്ങൾ രൂപപ്പെട്ടതിൽ നാട്ടുനന്മകളും നടപ്പുകളും പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്ന പിൽക്കാല വായനയാണത്. ഓരോ സാഹചര്യത്തിലും ബാധകമാക്കേണ്ട ശാഖാപരമായ കാര്യങ്ങൾ അവലംബിക്കുന്ന പൊതുതത്വങ്ങൾ നേരത്തെ നിർണിതമായതാണ്. പുതിയ പൊതു തത്വങ്ങൾ ഉണ്ടാക്കാൻവേണ്ടി പഴയ പൊതുതത്വങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് വിമർശിക്കപ്പെടുന്നത്. മൈനോരിറ്റി ഫിഖ്ഹ് ആധുനികതയെ മറികടക്കാനുള്ളതല്ല, ഒത്തുപോവാനുള്ള മാപ്പപേക്ഷയാണതിന്റെ ആകത്തുക.
Content Highlights:An Apology for Minority Fiqh Modernity
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."