ഇരു വിരലുകൾക്കിടയിലെ സ്വർഗം
ടി.പി ചെറൂപ്പ
ചിലയാളുകൾ വിടപറയുമ്പോൾ പകരക്കാർ ഉണ്ടാവുന്നില്ല എന്നൊരു നേരുണ്ട്. പ്രവർത്തന മണ്ഡലത്തിൽ അവർ കാഴ്ചവച്ച നിസ്വാർഥ സേവനങ്ങളുടെ ഫലമാണ് ഈ പകരക്കാർ ഇല്ലാതെ പോകുന്നതിനു കാരണം. ഇന്നലെ വിടപറഞ്ഞ വയനാട്ടിലെ മുഹമ്മദ് ജമാൽ സാഹിബിന്, അനാഥ സംരക്ഷണ മേഖലയിൽ ഒരു പകരക്കാരനെ ചൂണ്ടിക്കാണിക്കാമോ എന്ന ചോദ്യത്തിന് ഉത്തരമുണ്ടെങ്കിൽ ഈ പ്രസ്താവന പിൻവലിക്കാം. ഒരാൾക്കുശേഷം തൽസ്ഥാനത്തേക്ക് വേറൊരാൾ വരാം. എന്നാൽ കിഴക്കോളം ഉദയവീര്യമുണ്ടാകുമോ പടിഞ്ഞാറിന്!
ലളിത ജീവിതവും ഉയർന്ന ചിന്തയും സമദൂര സമീപനവും സദാ വ്യാപൃതമായ സേവന പ്രവർത്തനങ്ങളുമായിരുന്നു ജമാൽ സാഹിബിന്റെ ജീവിത ദർശനം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടങ്ങളിൽ മൈസുരുവിൽനിന്ന് അത്തറ് കച്ചവടത്തിന് വയനാട്ടിലെത്തിയ കുടുംബത്തിന്റെ പൈതൃക ധാരയുടെ സുഗന്ധം ആ പൊതുജീവിതത്തെയും സുഗന്ധ പൂരിതമാക്കി.
ഗുരുവായൂരപ്പൻ, ഫാറൂഖ് കോളജുകളിൽനിന്ന് വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷമാണ് മുഹമ്മദ് ജമാൽ എന്ന ചെറുപ്പക്കാരൻ പൊതുരംഗത്തേക്കു വന്നത്. സൽക്കർമ്മിയായ മാതാവിൽനിന്നും സാത്വികരായ ഗുരുവര്യരിൽ നിന്നും ലഭിച്ച ശിക്ഷണം അദ്ദേഹത്തെ കരുതലോടെ ജീവിക്കുന്ന വിശ്വാസിയാക്കി. സുൽത്താൻ ബത്തേരി മുഹ്‌യിദ്ദീൻ പള്ളിദർസിൽ ശംസുൽ ഉലമയുടെ സഹോദരൻ ഇ.കെ ഹസൻ മുസ്‌ലിയാർ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ഗുരു. മുതഫർരിദ്, നൂറുൽ അബ്സ്വാർ ഗ്രന്ഥങ്ങൾ ഓതിപ്പഠിച്ചത് ഈ ഗുരുമുഖത്തു നിന്നാണ്.
മൈസുരുവിൽനിന്ന് വന്ന് വയനാട്ടിൽ താമസമാക്കിയ റഹീം അധികാരിയുടെ മൂന്നാമത്തെ ഭാര്യ മാഹി സ്വദേശി ഫാത്വിമ ഹജ്ജുമ്മയാണ് മാതാവ്. വയനാട് യതീംഖാനയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സന്ദർഭം. അതിക്ഷോഭത്തോടെ മാതാവ് മുഹമ്മദ് ജമാലിനെ വിളിപ്പിച്ചു ചോദിച്ചു; നീ യതീംഖാനയിൽനിന്ന് പണം കൊടുക്കാതെ യതീം മക്കളുടെ ഭക്ഷണം കഴിക്കുന്നു എന്ന് കേൾന്നു, ശരിയാണോ?
'അതിനൊരു ന്യായമുണ്ട് ഉമ്മാ, യതീം കുട്ടികളെ നമ്മളിൽ ഒരാളായി കാണണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ അവർക്കൊപ്പം ഇരുന്നു കൊടുത്തില്ലെങ്കിൽ അതിലെന്തോ തകരാറുണ്ടെന്ന് അവർക്കു തോന്നിയാലോ?' - ഇതായിരുന്നു മുഹമ്മദ് ജമാലിന്റെ മറുപടി. മാതാവ് അത് അംഗീകരിച്ചില്ല. അവർക്കൊപ്പം തന്നെ തിന്നോ. പക്ഷേ അതിനു വില കൊടുക്കണമെന്നായിരുന്നു ആ മാതാവിൻ്റെ കൽപന.
അനാഥാലയത്തിലെ ഭക്ഷണം പ്രതിഫലം കൊടുക്കാതെ മകൻ ഭക്ഷിച്ചതിൽ ഫാത്വിമ ഹജ്ജുമ്മയുടെ പൊറുതികേട് അവസാനിച്ചില്ല. ആ ദണ്ണം തീർക്കാൻ സുൽത്താൻ ബത്തേരിയിൽ സ്വന്തം പേരിലുള്ള ഒരേക്കർ ഭൂമി അവർ വിറ്റു. യതീംഖാനയിൽനിന്ന് തന്റെ മകൻ കഴിക്കുന്ന ഭക്ഷണത്തിന്റെ വിഹിതം അതിൽ നിന്നെടുക്കാൻ അവർ ഏർപ്പാടാക്കുകയും ചെയ്തു. ഇന്നാണെങ്കിൽ കോടികളുടെ മൂല്യമുള്ള ഭൂമി! പക്ഷേ ഈ മാതാവ് മരണപ്പെട്ടപ്പോൾ യതീംഖനാ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന കമ്മിറ്റിക്കാർ അടക്കമുള്ളവരുടെ സമ്മർദത്തിന് ജമാൽ സാഹിബ് വഴങ്ങിയില്ല. ഉമ്മക്ക് അതിഷ്ടമാവുകയില്ലെന്ന് മകന് തീർച്ചയുണ്ടായിരുന്നു.
നമ്മൾ ഓരോരുത്തരുടെയും വിരലിനും ചൂണ്ടാണി വിരലിനുമിടയിൽ ഒരു സ്വർഗമുണ്ട്. ആർക്കാണ് അത് എടുക്കാനാവുക? ഇരുവിരലുകൾ ഉയർത്തിപ്പിടിച്ച് പ്രവാചകൻ മുഹമ്മദ് റസൂൽ ആണ് ആ സ്വർഗത്തെ പ്രഖ്യാപിച്ചത്: 'അന, വ കാഫിലുൽ യതീമി ഫിൽ ജന്നത്തി ഹാകദാ'.
പ്രവാചകനും അനാഥകളെ സംരക്ഷിക്കുന്നവനും നടുവിരലും ചൂണ്ടാണി വിരലുംപോലെ സ്വർഗത്തിൽ ചേർന്നുനിൽക്കുമെന്ന് പ്രവാചകൻ പറഞ്ഞാൽ അതിൽപ്പിന്നെ ശങ്കകളില്ല. നമ്മളിൽ എത്ര പേരു കാണും അതിലെ ചെറുവിരൽ ആകാൻ യോഗ്യത നേടിയവരായി!
ആറ് അനാഥ മക്കൾ. കിടക്കാൻ ഇടമില്ല, ഭക്ഷണമില്ല, ഉടുതുണിയില്ല, കണ്ണീർ തുടക്കാൻ തൂവാലയില്ല, ദാഹം തീർക്കാൻ ശുദ്ധ ജലമില്ല - ഇതായിരുന്നു 1967കളിലെ വയനാട് മുസ്‌ലിം യതീംഖാന. എന്നാൽ ഇന്നത് ഒരു അനാഥശാലയേ അല്ല. സനാഥത്വത്തിന്റെ ഭൂമികയാണ്. വിദ്യാ വൈവിധ്യങ്ങളുടെ സ്ഥാപന സങ്കേതമാണ്; അവിടത്തെ കുട്ടികൾ പ്രമാണിമാരുടെ മക്കളെക്കാൾ ഐശ്വര്യത്തിലാണ്. അവരെ സനാഥരാക്കിയ ശിൽപിയാണ് വിടപറഞ്ഞത്. അനാഥശാലകൾ നടത്തുന്ന പ്രവർത്തകർക്ക് ഒരു മാതൃകാ കൈപ്പുസ്തകം വേണമെങ്കിൽ അതു പകർത്താനാകും, ജമാൽ സാഹിബിന്റെ ജീവിതത്തിൽനിന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."