HOME
DETAILS

മൗലിദാഘോഷവും മൗലിക വിമര്‍ശനങ്ങളും

  
backup
October 15 2021 | 19:10 PM

9793543512-2

എം.ടി അബൂബക്ര്‍ ദാരിമി പനങ്ങാങ്ങര


ലോകത്തെല്ലായിടത്തും റബീഉല്‍ അവ്വലില്‍ പുണ്യനബിയുടെ മീലാദ് നടക്കുന്നു. ഈയടുത്തായി ചെറിയൊരു പക്ഷം മീലാദിനോട് വിമുഖത കാണിക്കുന്നുണ്ട്. വിമര്‍ശനങ്ങളിലൂടെയാണ് അവര്‍ മീലാദിനെ വരവേല്‍ക്കുന്നത്. അടിസ്ഥാനപരമായി മൂന്നു കാര്യങ്ങളിലാണ് അവരുടെ തര്‍ക്കം ഉടലെടുത്തിട്ടുള്ളത്. നബിജന്മം സവിശേഷ അനുഗ്രഹമാണോ, അനുഗ്രഹമാണെങ്കില്‍ അതിനുള്ള നന്ദി ആവര്‍ത്തിക്കപ്പെടണോ, ആവര്‍ത്തിക്കപ്പെടണമെങ്കില്‍ വര്‍ഷാവര്‍ഷം റബീഉല്‍ അവ്വലില്‍ വിശിഷ്യാ പന്ത്രണ്ടില്‍ തന്നെ ആഘോഷിക്കപ്പെടാമോ എന്നിവയാണവ. നബിജന്മത്തിന് സാധാരണയില്‍ നിന്ന് ഭിന്നമായി പ്രത്യേകതയൊന്നുമില്ലെന്നും രിസാലത്തിന്റെയും നുബുവ്വത്തിന്റെയും ഔദ്യോഗിക വാഹകത്വത്തിന്റെ ഇരുപത്തിമൂന്ന് കൊല്ലത്തെ പരിമിതമായ കാലയളവില്‍ മാത്രമാണ് നബി(സ) ലോകത്തിന് റഹ്മത്താകുന്നതെന്നുമാണ് എതിര്‍പ്പിന്റെ കാതല്‍. എന്നാല്‍ ഖുര്‍ആനും ഹദീസും നബി ചരിത്രവും ഈ വാദത്തിന്റെ മുനയൊടിച്ചിരിക്കുന്നു. ഖുര്‍ആന്‍ 9:128 ല്‍ തിരുദൂതരുടെ ആഗമനത്തെ മഹാസംഭവമായിട്ടാണ് അവതരിപ്പിക്കുന്നത്. അതിലെ രണ്ട് പാരായണ ഭേദമനുസരിച്ച്, റസൂലിന്റെ രണ്ട് ആഗമനങ്ങള്‍ പ്രതിപാദിച്ചിരിക്കുന്ന സൂക്തമാണത്. ഒന്ന്, 'ഇഖ്‌റഇ'ന്റെ സന്ദേശവുമായി ഹിറാഗുഹയില്‍ നിന്ന് ഖദീജ ബീവിയിലേക്കും തുടര്‍ന്ന് പൊതുസമൂഹത്തിലേക്കുമുള്ള ആഗമനം. രണ്ട്, പവിത്രമായ സൃഷ്ടിപ്പിലൂടെയും ശ്രേഷ്ഠരായ മാതാപിതാക്കളില്‍നിന്ന് ജനിച്ചുമുള്ള ശാരീരികമായ ആഗമനം. പ്രവാചക നിയോഗംപോലെ അനുഗ്രഹമാണ് പ്രവാചക ജന്മവുമെന്ന് സാരം. തിങ്കളാഴ്ച നോമ്പ് സുന്നത്താണ്. അതായത് പ്രത്യേകം സുന്നത്താണ്. എന്നുവച്ചാല്‍ അത് മുന്തിച്ചു ചെയ്താല്‍ നിഷിദ്ധവും പിന്തിച്ചാല്‍ ഖളാഉമാണ്. അതേപ്പറ്റി ഒരിക്കല്‍ നബി(സ)യോട് ചോദിക്കപ്പെട്ടു. 'അന്ന് ഞാന്‍ ജനിച്ചു, ഞാന്‍ പ്രവാചകനായി, എനിക്കു ഖുര്‍ആന്‍ ഇറങ്ങി' എന്നീ മൂന്നു കാരണങ്ങളാണ് നബി(സ) ഉത്തരം നല്‍കിയത്(മുസ്‌ലിം 1162). മൂന്നും നബിയുമായി ബന്ധപ്പെട്ടവ. അതില്‍ പ്രഥമവും പ്രധാനവുമാണ് നബി ജന്മമെന്നത്. ആ പവിത്ര ദിനത്തില്‍ എത്രയോ മഹാത്ഭുതങ്ങള്‍ അരങ്ങേറിയത് പ്രാമാണിക ഗ്രന്ഥങ്ങള്‍ വിവരിച്ചിട്ടുമുണ്ട്. വാനലോകവും സ്വര്‍ഗീയരും അന്ന് സന്തോഷിച്ചു. പിശാചു മാത്രമേ അന്ന് ദുഃഖിച്ചുള്ളൂ.


ഒരാളുടെ ജനനമെന്ന അനുഗ്രഹത്തിന്റെ നന്ദിയും സന്തോഷവുമാണ് അഖീഖത്ത്. നബി(സ)യുടെ അഖീഖത്ത് പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബ് ജനനത്തിന്റെ ഏഴാം നാളില്‍ നടത്തിയതാണ്. രണ്ടാമതു ആവര്‍ത്തിക്കപ്പെടുന്ന കര്‍മ്മമല്ല അഖീഖത്ത്. എന്നിട്ടും നുബുവ്വത്തിന് ശേഷം നബി(സ) സ്വന്തമായി അഖീഖത്ത് നിര്‍വഹിച്ചു. ഇത് നബി(സ)യുടെ ജന്മത്തില്‍ ആവര്‍ത്തിച്ചു നന്ദി ചെയ്യപ്പെടേണ്ടതാണെന്നും സന്തോഷം പ്രകടിപ്പിക്കേണ്ടതാണെന്നും പഠിപ്പിക്കുന്നുവെന്ന് ഹാഫിള് സുയൂത്വി(റ) 'ഹുസ്‌നുല്‍ മഖ്‌സ്വിദി'ല്‍ രേഖപ്പെടുത്തുന്നു(അല്‍ ഹാവി 1 - 188). ഈ ഹദീസ് അബ്ദുല്ലാഹിബ്‌നുല്‍ മുസന്നായിലൂടെയും അബ്ദുല്ലാഹിബ്‌നു മുഹര്‍ററിലൂടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നുല്‍ മുസന്നായിലൂടെയുള്ള റിപ്പോര്‍ട്ട്, വിമര്‍ശകരുടെ അവലംബമായ ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി പോലും പ്രബലമാണെന്ന് സമ്മതിച്ചിട്ടുണ്ട്(സില്‍സിലത്തുസ്സഹീഹ: 2726). എങ്കില്‍ ഇതു പ്രകാരം സ്വഹാബികളാരെങ്കിലും പ്രവര്‍ത്തിച്ചോ എന്ന് ചോദിക്കുന്നതിന് അര്‍ഥമില്ല. കാരണം, സ്വഹാബികള്‍ ദീനില്‍ പ്രമാണമല്ല എന്നതാണ് ആരോപകരുടെ ഇതപര്യന്തമുള്ള നിലപാട്. നബിദിനാഘോഷത്തില്‍ മാത്രം സ്വഹാബികള്‍ ദീനില്‍ ഇക്കൂട്ടര്‍ക്ക് തെളിവാകുന്നതെങ്ങനെ? നബിയില്‍നിന്ന് ഒരു തെളിവ് ഉദ്ധരിച്ചുകഴിഞ്ഞാല്‍ അത് സ്വഹാബത്ത് പ്രവര്‍ത്തിച്ചതായി കണ്ടെങ്കിലേ അംഗീകരിക്കൂ എന്ന വാദം ഹദീസു നിഷേധമാണ്. ഉദാഹരണത്തിന്, 'എല്ലാ ബാങ്കു ഇഖാമത്തിന്റെ ഇടയിലും സുന്നത്തു നിസ്‌കാരമുണ്ട്' എന്ന് ഹദീസില്‍ കാണാം. അതുപ്രകാരം ജുമുഅയുടെ മുമ്പും റവാതിബ് നിസ്‌കാരം സുന്നത്താണല്ലോ. എന്നാല്‍ സ്വഹാബികള്‍ ജുമുഅയുടെ മുമ്പ് റവാതിബ് നിസ്‌കരിച്ചതായി സഹീഹായ റിപ്പോര്‍ട്ട് കാണിച്ചുതന്നെങ്കിലേ നബിയുടെ ഹദീസ് സ്വീകരിക്കുകയുള്ളൂ എന്ന വാശി ഹദീസ് നിഷേധമാണ്.


നബി(സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതര്‍ ആശൂറാഅ് ദിനത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. അതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു: ഇത് മഹത്തായ ദിവസമാണ്. അല്ലാഹു മൂസാ നബിയെയും ജനതയെയും രക്ഷിക്കുകയും ഫിര്‍ഔനിനെയും കൂട്ടരെയും മുക്കി നശിപ്പിക്കുകയും ചെയ്ത ദിവസമാണിത്. മൂസാ നബി നന്ദിസൂചകമായി ഇന്ന് നോമ്പെടുത്തു. അതിനാലാണ് ഇന്ന് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നത്. നബി(സ) പറഞ്ഞു: 'നിങ്ങളേക്കാള്‍ മൂസാ നബിയോട് കടപ്പെട്ടവര്‍ ഞങ്ങളാണ്'. അങ്ങനെ നബി(സ) അന്ന് നോമ്പനുഷ്ഠിക്കുകയും അനുചരരോട് നോമ്പ് കല്‍പ്പിക്കുകയും ചെയ്തു(മുസ്‌ലിം 1130). പ്രവാചക ജന്മമെന്ന നിഅ്മത്തിന്റെ ശുക്ര്‍ വര്‍ഷാവര്‍ഷം റബീഉല്‍ അവ്വലിലെ നബി ജന്മദിനത്തില്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇതു മതിയായ തെളിവാണെന്ന് ഹാഫിള് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തുന്നു(അല്‍ ഹാവി. ആശൂറാഇന്റെ പ്രത്യേക നോമ്പ് റബീഉല്‍ അവ്വലില്‍ നിര്‍വഹിക്കണമെന്നല്ല ഈ താരതമ്യത്തിലുള്ളത്. കാരണം ശുക്‌റിലും അമലിലും മാത്രമേ 'ഖിയാസ്' നടത്തുകയുള്ളൂ. അതേസമയം പ്രത്യേകതയിലും ശ്രേഷ്ഠതയിലും ഖിയാസ് ചെയ്യുകയില്ല(ഫത്ഹുല്‍ ബാരി). അതുകൊണ്ടാണ് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് 'പ്രത്യേക നോമ്പി'ല്ലാത്തത്.


'മൗലിദ് നടത്തല്‍ മുമ്പ് പതിവില്ലാത്തതാണ്, അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണ്' എന്ന ഒരു വരി, എതിര്‍പ്പുകാര്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഉന്നയിക്കാറുണ്ട്. സത്യത്തില്‍, ഹിജ്‌റ മൂന്നൂറല്ല, ആയിരത്തി മുന്നൂറിനു ശേഷമാണ് 'മൗലിദ്' നടന്നതെന്ന് വന്നാലും ഇസ്‌ലാമിക നിയമപ്രകാരം അതിലെന്താണ് വിരോധം? എല്ലാ വര്‍ഷവും ശവ്വാലില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകവും യൂണിഫോമും നല്‍കുന്ന സമ്പ്രദായം ഹിജ്‌റ 1400ല്‍ തുടങ്ങിയെന്നിരിക്കട്ടെ. ഭാഷാപരമായി അത് 'ബിദ്അത്താ'ണല്ലോ. അതായത് 'പുതിയ ആചാര'മാണല്ലോ. എന്നാല്‍ മതപരമായി അത് 'അനാചാര'മല്ല. പുണ്യപ്രവൃത്തിയാണ്. മതത്തില്‍ അടിസ്ഥാനമുള്ള, മതവിരുദ്ധമല്ലാത്ത ഏതു ആചാരവും അനാചാരമല്ല എന്നാണ് ഇസ്‌ലാമിന്റെ നിയമം. അത് ചിലപ്പോള്‍ വാജിബും ചിലപ്പോള്‍ സുന്നത്തും ചിലപ്പോള്‍ മുബാഹുമാകുന്നതാണ്. 'മൗലിദ്' എന്ന നാമത്തിലും നടപടിക്രമത്തിലും ഹിജ്‌റ മുന്നൂറിനു ശേഷമാണെന്നേ, ഉന്നയിക്കുന്ന വരിയില്‍ വിവക്ഷിക്കുന്നുള്ളൂവെന്ന് ഒരല്‍പ്പം മതബോധമുള്ള ആര്‍ക്കും ബോധ്യമാകും. തുടര്‍ന്നുള്ള വരികള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 'മദ്‌റസ നടത്തല്‍ മുമ്പ് പതിവില്ലാത്തതാ... അത് ഹിജ്‌റ ആയിരത്തിനുശേഷം വന്നതാ' എന്ന് ആരെങ്കിലും പാടിയാല്‍ അതിനര്‍ഥം മദ്‌റസകള്‍ ദുരാചാര കേന്ദ്രങ്ങളാണെന്നല്ലല്ലോ.


അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബിയെ പിന്‍പറ്റുകയാണ് വേണ്ടതെന്ന് ഖുര്‍ആന്‍ ആലു ഇംറാന്‍ 31ല്‍ വ്യക്തമാക്കിയതിനാല്‍ മൗലിദാഘോഷം പാടില്ലത്രെ! നല്ല കണ്ടുപിടുത്തം! 'നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നബിയെ പിന്തുടരുക' എന്നാണ് ഖുര്‍ആന്‍ 3:31 ലുള്ളത്. അതിനര്‍ഥം അല്ലാഹുവിനോടുള്ള മഹബ്ബത്തും നബിയോടുള്ള ഇത്തിബാഉം ഒന്നാണെന്നല്ല. നബിയോടുള്ള മഹബ്ബത്തും ഇത്തിബാഉം ഒന്നാണെന്നുമല്ല. മഹബ്ബത്തില്‍ നിന്നാണ് ഇത്തിബാഅ് ഉണ്ടാകുകയെന്ന് മാത്രം.


നബിയെ പിന്‍പറ്റണമെന്നാല്‍ നബിയുടെ ജന്മമെന്ന അനുഗ്രഹത്തില്‍ സന്തോഷിക്കരുതെന്നാണോ! നബിചര്യയില്‍ ഒന്നാമത്തേത് 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന ശഹാദത്തിന്റെ ഇരുവാക്യങ്ങളാണ്. അവയില്‍ തന്നെ പിഴച്ച വിശ്വാസം പുലര്‍ത്തുന്ന വിമര്‍ശകരാണോ നമ്മെ നബിചര്യ പഠിപ്പിക്കുന്നത്. നബിചര്യയില്‍ പെട്ടതാണ്, നബിയുടെ ജന്മത്തിന്റെ സന്തോഷവും ശുക്‌റും നബിയുടെ മദ്ഹുമെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അതുതന്നെയാണ് നബിദിനാഘോഷമെന്നതും. 'പ്രവാചക സ്‌നേഹ'മെന്നാല്‍ നബിചര്യ പിന്‍പറ്റല്‍ എന്നല്ല. പ്രവാചകനെ ഉള്ളറിഞ്ഞ് മനസിലാക്കലും പ്രവാചകനെ ബഹുമാനിക്കലും പ്രവാചകനെന്ന അനുഗ്രഹത്തിന് നന്ദി ചെയ്യലും മുഹമ്മദീയ യാഥാര്‍ഥ്യവും തിരുജന്മത്തിന്റെ പരിശുദ്ധിയും പ്രാധാന്യവുമെല്ലാം ഉള്‍ക്കൊള്ളലും പ്രവാചകനെ വാഴ്ത്തലും അതേത്തുടര്‍ന്ന് നബിചര്യ അനുധാവനം ചെയ്യലുമാണെന്നാണ് ദീനിന്റെ ഇമാമുകള്‍ പഠിപ്പിച്ചിട്ടുള്ളത് (ശുഅബുല്‍ ഈമാന്‍).
സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് നമ്മെ അകറ്റുന്നതുമെല്ലാം നബി(സ) പഠിപ്പിച്ചു. അതില്‍ നബിദിനാഘോഷം പെടില്ലെന്നാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരാക്ഷേപം. യഥാര്‍ഥത്തില്‍ എന്താണ് അതിന്റെയര്‍ഥം? എല്ലാ പുണ്യകര്‍മങ്ങളും നബി(സ) ലൈവായി പഠിപ്പിച്ചതായി സ്ഥിരപ്പെട്ടുവെന്നല്ല അതിനര്‍ഥം. എല്ലാ തിന്മകളും നബി(സ) നേരില്‍ ഓതിത്തന്നുവെന്നുമല്ല. ഉദാഹരണം ജുമുഅ ഖുത്ബയില്‍ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ ഫര്‍ളാണല്ലോ. എന്നാല്‍ അത് ഹദീസുകൊണ്ട് നേരിട്ട് സ്ഥിരപ്പെടുത്താന്‍ ആക്ഷേപകര്‍ക്ക് കഴിയുമോ? പില്‍ക്കാലത്തുവന്ന പുകവലി, കറാഹത്തോ ഹറാമോ ആണെന്ന വിധി കര്‍മശാസ്ത്രത്തില്‍ കാണാം (ശര്‍വാനി). പക്ഷേ അക്കാര്യം നബി(സ) നേരിട്ട് പറഞ്ഞ ഹദീസ് കാണിക്കാനാകില്ല. ഇത്തരത്തിലുള്ള ആയിരക്കണക്കിന് മസ്അലകള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ബിദ്അത്തെന്നാല്‍ നബി(സ) പഠിപ്പിക്കാത്തത്, ചെയ്യാത്തത് എന്നല്ല. പ്രത്യുത, 'മതവിരുദ്ധമായ പുതിയവിശ്വാസവും ആചാരവുമാണ് ബിദ്അത്ത്. ഇതു നബി(സ) തന്നെയാണ് പഠിപ്പിച്ചത്. 'ആരെങ്കിലും നമ്മുടെ ഇക്കാര്യത്തില്‍ മതവിരുദ്ധമായത് പുതുതായി ഉണ്ടാക്കിയാല്‍ അതു തള്ളപ്പെടേണ്ടതാണ്'(ബുഖാരി).
ബിദ്അത്തിന് രണ്ടു നിബന്ധനകളാണ് ഇതിലുള്ളത്.


1, പുതിയതാകുക 2, മതവിരുദ്ധമാകുക. എങ്കില്‍ മതവിരുദ്ധമല്ലാത്ത പുതിയ കാര്യങ്ങള്‍ ബിദ്അത്തല്ല എന്ന് റസൂല്‍(സ) തന്നെ പഠിപ്പിച്ചു. ഇക്കാര്യം ഇമാം ശാഫിഈ, ബൈഹഖി, നവവി, തഫ്താസാനി, അസ്ഖലാനി, സുയൂത്വി(റ) തുടങ്ങിയ അനേകം ഇമാമുകള്‍ ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. എന്നിരിക്കെ മൗലിദാചാരത്തെ ബിദ്അത്താക്കുന്നതെന്തിനാണ്.


നബി(സ) ജനിച്ച ദിവസത്തിലാണ് നബി(സ) വഫാത്തായത്. അതിനാല്‍ അന്ന് സന്തോഷിക്കരുത്, അന്ന് ദുഃഖിക്കേണ്ടതാണ് എന്ന വിവരക്കേടും ചിലര്‍ പറയുന്നു. എന്തിനും, സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ നബി(സ)യുടെ വഫാത്ത് റബീഉല്‍ അവ്വല്‍ 12 നായിരുന്നുവെന്നതിന് വല്ല ഹദീസും അന്വേഷിച്ചുവോ? നബി(സ) വഫാത്തായത് 12 നാണെന്നാണ് പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ വേറെയും അഭിപ്രായങ്ങളുണ്ട്. ആരുടെയും വഫാത്തില്‍ വര്‍ഷാവര്‍ഷം ദുഃഖമാചരിക്കാന്‍ പാടില്ല. അനിയന്ത്രിതമായി വന്ന ദുഃഖം കഴിയുംവിധം ഒതുക്കിവയ്ക്കുകയാണ് വേണ്ടത്. പക്ഷേ നബി(സ) യുടെ വഫാത്തില്‍ യാതൊരു ദുഃഖവും നിലവിലില്ലാത്ത ആളുകള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ ദുഖാചരണം.
മുളഫ്ഫര്‍ രാജാവ് നീതിമാനായ രാജാവും മഹാപണ്ഡിതനും ഇസ്‌ലാമിന്റെ സംരക്ഷകനും കറകളഞ്ഞ സുന്നിയുമായിരുന്നു. പൊതുവെ രാജാക്കന്മാരില്‍ കാണുന്ന സുഖലോലുപത ഉള്ളവരായിരുന്നില്ല. അദ്ദേഹം രാജകീയമായും ഭരണപരമായും മൗലിദിനെ ജനകീയവല്‍ക്കരിച്ചെങ്കില്‍ അന്ത്യനാള്‍വരേക്കുമുള്ള മൗലിദാഘോഷത്തിന്റെ പുണ്യം അദ്ദേഹത്തിന് ലഭിക്കുമെന്നത് തീര്‍ച്ച. കാരണം ഇമാമുകള്‍ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കുകയാണ് ചെയ്തത്. വിമര്‍ശകരുടെ തന്നെ മുന്‍കാല നേതാക്കളും സംഘടനകളും നബിദിനം ആഘോഷിച്ചിരുന്നതും അതിനായി ആഹ്വാനം ചെയ്തിരുന്നതും അനിഷേധ്യ വസ്തുതയാണ് (അല്‍ മുര്‍ഷിദ് - 1935- ജൂണ്‍).


മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ സന്തോഷിക്കല്‍ മറ്റു മതസ്ഥരില്‍നിന്ന് പകര്‍ത്തിയതല്ല. ആണെന്ന് കള്ളം പറയുന്നത് അവര്‍ പോലും അംഗീകരിക്കില്ല. നബിയുടെ ജന്മം ഏറ്റവും വലിയ അനുഗ്രഹമാണ്. അനുഗ്രഹത്തിലും റഹ്മത്തിലും സന്തോഷിക്കണമെന്നത് ഖുര്‍ആന്‍ (10:58) കല്‍പിച്ചതാണ്. ഇത് അംഗീകരിക്കാനാവാത്ത ഇക്കാലത്തെ പുത്തനാശയക്കാര്‍ മാത്രമാണ് നബി ജന്മദിനാഘോഷത്തെ ഇതര മതസ്ഥരുടെ ജയന്തികളോട് ഉപമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago