നജീബ് എവിടെ?
ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഇന്നലെ അഞ്ചു വര്‍ഷം പിന്നിട്ടു. 2016 ഒക്ടോബര്‍ 15നാണ് കാംപസിലെ ഹോസ്റ്റലില്‍നിന്ന് നജീബിനെ കാണാതായത്. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികളെല്ലാം ഈ അഞ്ചു വര്‍ഷം അന്വേഷിച്ചിട്ടും നജീബിന്റെ തിരോധാനത്തെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ലെന്നത് ആശ്ചര്യകരം തന്നെ. അന്വേഷണ ഏജന്‍സികളുടെയെല്ലാം കടിഞ്ഞാണ്‍ ചില കരങ്ങളില്‍ നിക്ഷിപ്തമായതിനാല്‍ നജീബിന്റെ തിരോധാനം ഇന്നത്തെ ഇന്ത്യയില്‍ ആശ്ചര്യപ്പെടേണ്ട വാര്‍ത്തയുമല്ല. മൂന്നു വര്‍ഷം സി.ബി.ഐ അന്വേഷിച്ചിട്ടും നജീബിന്റെ തിരോധാനത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് അവര്‍ കണ്ടെത്തിയത്. ദുരൂഹതയില്ലെങ്കില്‍ നജീബ് എവിടെയാണെന്നും അവന് എന്തു സംഭവിച്ചുവെന്നും തെരഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മയെ അറിയിക്കാനുള്ള ബാധ്യത സി.ബി.ഐക്കില്ലേ?
നജീബിന്റെ തിരോധാനത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഡല്‍ഹി വസന്ത് കുഞ്ജന്‍ പൊലിസ് സ്റ്റേഷനിലായിരുന്നു. നജീബിന്റെ മാതാവ് ഫാത്വിമ നഫീസിന്റെ നിയമപോരാട്ടത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചും സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും അവസാനം സി.ബി.ഐയും വരെ അന്വേഷിച്ചിട്ടും തിരോധാനത്തില്‍ അസ്വഭാവികതയില്ലെന്നാണ് കണ്ടെത്തിയത്. വിചിത്രമാണ് ഇത്തരമൊരു അന്വേഷണ ഫലം. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ കണ്ടെത്തിയ ഫോണ്‍ കോള്‍ രേഖകള്‍ നജീബിന്റെ ഉമ്മയ്ക്ക് കൈമാറണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിയും പാലിക്കപ്പെട്ടില്ല. അതു പ്രസക്തമല്ലെന്ന് പറഞ്ഞ് സി.ബി.ഐ രേഖകള്‍ നല്‍കിയില്ല. അവര്‍ കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന കേസിലാണ് ഫോണ്‍ കോള്‍ രേഖകള്‍ പ്രസക്തമല്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചത്. നജീബിന്റെ അപ്രത്യക്ഷമാകലില്‍ ഒരു തുമ്പും അവര്‍ക്ക് കിട്ടാത്തതില്‍ പിന്നെ എന്തിനത്ഭുതപ്പെടണം.
ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് നജീബിന്റെ മുറിയിലെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ അയാളെ ക്രൂരമായി മര്‍ദിച്ചിരുന്നു. 2016 ഒക്ടോബര്‍ 14നായിരുന്നു അതിനീചമായ ഈ ആക്രമണം നടന്നത്. അടുത്ത ദിവസം നജീബിനെ കാണാതാവുകയും ചെയ്തു. ഹോസ്റ്റല്‍ മുറിയിലെ മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ നജീബ് വാര്‍ഡന്റെ മുറിയില്‍ അഭയം പ്രാപിച്ചെങ്കിലും അവിടെയും എ.ബി.വി.പി പ്രവര്‍ത്തകരെത്തി അക്രമിച്ചു. അടുത്ത ദിവസം നജീബിനെ കാണാതായത് സംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അവര്‍ നജീബിനെ കുഴപ്പക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.
രാജ്യത്തെ ഭരണകൂട ഏകാധിപത്യ പ്രവണതയ്‌ക്കെതിരേയും ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു വേണ്ടിയും പൊരുതുന്ന ജെ.എന്‍.യുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നജീബിന്റെ തിരോധാനത്തില്‍ മുഖംതിരിച്ചു. നജീബിന്റെ കാര്യത്തില്‍ ഉദാസീനമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. മുസ്‌ലിം-ദലിത് വിദ്യാര്‍ഥി കൂട്ടായ്മയുടെ നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയത്. വിഷയത്തില്‍ തുടര്‍നടപടിക്കായി സര്‍വകലാശാലയോ കാംപസിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളോ കാര്യമായ ഇടപെടലുകളൊന്നും നടത്തിയില്ല. കാംപസില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നു പോലും ഉദാസീനമായ സമീപനമാണ് ഉണ്ടാകുന്നത്.
എന്റെ പേരാണ് കുഴപ്പം എന്നെഴുതിവച്ച് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണശേഷം രാജ്യത്ത് അണപൊട്ടിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജെ.എന്‍.യുവില്‍ നജീബിനെ കാണാതാവുന്നത്. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭം ഇനിയും ആവര്‍ത്തിക്കരുതെന്ന ഭരണകൂടത്തിന്റെ മുന്നറിയിപ്പാണോ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നജീബ് തിരോധാനത്തെക്കുറിച്ച് ഒരു തുമ്പും അന്വേഷണ ഏജന്‍സികള്‍ക്കൊന്നും കിട്ടാതെ പോകുന്നതെന്ന് തോന്നിപ്പോകുന്നു. അല്ലെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ പുറത്തുവിടാതെ മൂടിവയ്ക്കുന്നത് രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം പോലുള്ള മറ്റൊന്ന് ഇനിയും ആവര്‍ത്തിക്കുമെന്ന് കരുതിയാണോ?
നജീബിനെ കാണാതായത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനമായിരുന്നു പൊലിസിനെതിരേ ഉണ്ടായത്. നജീബിന്റെ ഉമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നായിരുന്നു ഇത്. നജീബിനെ കാണാതായി 50 ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഹൈക്കോടതി വിമര്‍ശനം. യുവാവ് അപ്രത്യക്ഷനായത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിന് പൊലിസിന് ഉത്തരമില്ലായിരുന്നു. ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതാണ് പൊലിസില്‍നിന്ന് ഉണ്ടാകുന്ന ഇത്തരം നടപടികളെന്ന് കോടതി പറഞ്ഞിട്ടും അവര്‍ക്ക് കുലുക്കമൊന്നും ഉണ്ടായില്ല. നജീബ് സ്വയം പോയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലിസ് പല കഥകളും നേരത്തെ പ്രചരിപ്പിച്ചു. ഇപ്പോഴും നജീബിന്റെ ഉമ്മ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു തന്റെ മകന്‍ എവിടെയെന്ന്? പണ്ട് പ്രൊഫസര്‍ ഈച്ചരവാര്യര്‍ മകന്‍ രാജനെ അന്വേഷിച്ച് കോടതികള്‍ കയറിയിറങ്ങി അലഞ്ഞതിനെയാണ് നജീബിന്റെ ഉമ്മയും അനുസ്മരിപ്പിക്കുന്നത്.
ഉത്തരമില്ലാത്ത ഒരു ചോദ്യമായി നജീബിന്റെ തിരോധാനം അവസാനിക്കാന്‍ പാടില്ല. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു വേണ്ടി ഭരണകൂട ഭീകരതയോട് പൊരുതിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നജീബ് അഹമ്മദ് എവിടെയെന്ന ചോദ്യത്തിന് ഭരണകൂടത്തെക്കൊണ്ട് ഉത്തരം പറയിപ്പിക്കേണ്ട ബാധ്യതയുണ്ട്. നജീബ് എവിടെയെന്ന് അവര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."