മോന്‍സന്റെ അറസ്റ്റ് അനിതയും ഐ.ജി ലക്ഷ്മണയുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്
സ്വന്തം ലേഖിക
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദ പ്രവാസി വനിത അനിത പുല്ലയിലും ട്രാഫിക് ഐ.ജി ജി.ലക്ഷ്മണയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റ് പുറത്ത്. മോന്സണ് മാവുങ്കലിനെ അറസ്റ്റുചെയ്ത വിവരം ഐ.ജിയെ അറിയിച്ചത് അനിതയാണ്. അടുത്ത ദിവസം ഫോണ്‍ചെയ്യുമ്പോള്‍ തനിക്ക് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അനിത ഐ.ജിയോട് വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്.
മോന്സണ് അറസ്റ്റിലായ ദിവസം രാത്രി 9.21നാണ് അനിത ഐ.ജിയെ വിവരം അറിയിച്ചുകൊണ്ട് സന്ദേശം അയക്കുന്നത്. എന്നാല്‍ ഇതിന് ഐ.ജി നല്കിയ മറുപടികള്‍ പിന്നീട് മായ്ച്ചുകളഞ്ഞ നിലയിലാണ്.
അനിതയുടെ ഫോണിലെ സ്ക്രീന്‍ ഷോട്ടുകളാണ് പുറത്തായിരിക്കുന്നത്. അറസ്റ്റുചെയ്ത വിവരം അറിയിച്ച അനിത 'നാളെ എന്നെ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് നല്‍കാം' എന്നും ഐ.ജിയോട് പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള ചാറ്റിനിടെ മോന്‍സന്റെ മാനേജരായ നിധിയെകുറിച്ചുള്ള പരാമര്‍ശങ്ങളും കടന്നുവരുന്നുണ്ട്. ഇവരെ അറിയുമോ എന്ന് ഐ.ജിയോട് ചോദിക്കുന്ന അനിത അവര്‍ ആളുകളെ കെണിയില്‍പ്പെടുത്തുന്ന മറ്റൊരു തട്ടിപ്പുകാരിയാണെന്നും പറയുന്നുണ്ട്.
മോന്‍സന്റെ ബിസിനസ് തട്ടിപ്പിനെസംബന്ധിച്ച് രണ്ട് വര്‍ഷംമുമ്പ് തന്നെ ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ചാറ്റില്‍ അനിത അവകാശപ്പെടുന്നുണ്ട്. മോന്സണ് അറസ്റ്റിലായതിനും കരുതിയിരിക്കാന്‍ നിര്‍ദേശിച്ചതിനും ലക്ഷ്മണ അനിതക്ക് നന്ദിയും ചാറ്റില്‍ അറിയിക്കുന്നു.
മോന്സണ് മാവുങ്കലിനായി പലപ്പോഴും ഇടപെട്ടതായി ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ജി.ലക്ഷ്മണ. സാമ്പത്തിക തട്ടിപ്പില്‍ പരാതി വന്നപ്പോള്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് ചേര്‍ത്തല എസ്.എച്ച്.ഓയ്ക്ക് കൈമാറാന്‍ ലക്ഷ്മണ ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ആറരക്കോടിയുടെ തട്ടിപ്പിലായിരുന്നു ഇത്. ഇതിനായി ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങള്‍ മോന്സണ് തന്നെ പരാതിക്കാര്‍ക്ക് അയച്ചു കൊടുത്തിരുന്നു.
മോന്‍സന്റെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അനിതയ്ക്ക് നേരത്തെതന്നെ അറിയാമായിരുന്നു എന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."