രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
ഗസ്സ: ഹമാസിന്റെ തിരിച്ചടിയില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു. സ്‌പെഷ്യല്‍ റെസ്‌ക്യൂ ടാക്റ്റിക്കല്‍ യൂണിറ്റിലെ ലെഫ്റ്റനന്റ് തല്‍ ഷുവ, എഞ്ചിനീയറിങ് ബറ്റാലിയനിലെ മേജര്‍ ജനറല്‍ ഷായ് അയേലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു. തല്‍ ഷുവ വടക്കന്‍ ഗസ്സയിലും ഷായ് അയേലി തെക്കന്‍ ഗസ്സയിലുമാണ് വധിക്കപ്പെട്ടത്. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ഇസ്‌റാഈല്‍ അറിയിക്കുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് തെക്കന്‍ ഗസ്സയില്‍ നടന്ന പോരാട്ടത്തിലും ഒരാള്‍ക്ക് വടക്കന്‍ ഗസ്സയില്‍വെച്ചുമാണ് പരിക്കേറ്റത്.
ഇന്നലെ മൂന്നുസൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 19 വയസ്സുകാരനായ സര്‍ജന്റ് ലവി ഘാസി, 20 വയസ്സുകാരനായ ലെഫ്റ്റനന്റ് യാക്കോവ് എലിയാന്‍, 21 വയസ്സുകാരനായ ലെഫ്റ്റനന്റ് ഒമ്രി ഷ്വാര്‍ട്‌സ് എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.
ഗസ്സയില്‍ കനത്ത തിരിച്ചടിയാണ് ഇസ്‌റാഈല്‍ നേരിടുന്നത്. ഗസ്സയില്‍ കരയുദ്ധം തുടങ്ങിയ ശേഷം ഇതിനകം കുറഞ്ഞത് 138 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്‌റാഈല്‍ പറയുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇവര്‍ പറയുന്നു. 2000ലേറെ പേര്‍ വികലാംഗരായതായും ഐ.ഡി.എഫ് അറിയിച്ചിരുന്നു. തിരിച്ചടികള്‍ക്കു പിന്നാലെ പ്രത്യേക സൈനിക വിഭാഗമായ ഗൊലാന്‍ ബറ്റാലിയനെ ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍വലിച്ചിരുന്നു. നിരവധി സൈനികര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു നടപടി.
അതിനിടെ, ഗസ്സ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍ക്കും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ക്കും വിവാഹമോചന നടപടികള്‍ എളുപ്പമാക്കാന്‍ പ്രത്യേക മതകോടതി (റബ്ബിനിക്കല്‍ കോടതി) ഇസ്‌റാഈല്‍ രൂപവത്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."