ട്വിറ്ററില്‍ കൊമ്പുകോര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
ബെംഗളൂരു: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ കൊമ്പുകോര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും. രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് മുഖ്യമന്ത്രിമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ മറുപടി പറയുന്നത് പതിവില്ലാത്തതാണ്. വാക്കുതര്‍ക്കത്തിനിടെ കുടുംബവേരുകള്‍ വരെ ഇരുവരും വലിച്ചിഴച്ചു.
സദാചാര പൊലിസിങ്ങിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തുവന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആഞ്ഞടിച്ചു. 'ഗുണ്ടകളുടെ സദാചാര പൊലിസിങ്ങിനെ ന്യായീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ തുറന്നു സമ്മതിക്കുകയാണ്. എല്ലാ പ്രവൃത്തികള്‍ക്കും പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന് ന്യായീകരിച്ചുകൊണ്ട് എന്ത് കാട്ടുനിയമമാണ് നിങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. സംഘപരിവാറിനെ പ്രീണിപ്പിച്ച് കസേര സംരക്ഷിക്കാന്‍ ഇത്രയും തരംതാഴേണ്ടതുണ്ടോ- സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
ക്രമസമാധാനപാലനം ആര്‍.എസ്.എസിന് കൈമാറാന്‍ വേണ്ടി പൊലിസ് വകുപ്പ് തന്നെ പൂട്ടാനാണോ ബൊമ്മൈ പദ്ധതിയിട്ടിരിക്കുന്നതെന്നും സിദ്ധരാമയ്യ ആശ്ചര്യപ്പെട്ടു. 'എന്റെ പിതാവ് പൊതുനന്മയുടെ മൂല്യങ്ങളാണ് എന്നെ പഠിപ്പിച്ചത്. അവര്‍ നിങ്ങളെയും സമാനമായ രീതിയില്‍ നയിച്ചതായി കരുതുന്നു. എന്റെ പിതാവ് എസ്.ആര്‍ ബൊമ്മൈ ഒരു ദേശീയവാദിയായിരുന്നു. ഞാനും അതാണ് പിന്തുടരുന്നത്. ആര്‍.എസ്.എസും നിലകൊള്ളുന്നത് അതിനുവേണ്ടി തന്നെയാണ്'- ബൊമ്മൈ കുറിച്ചു.
സിദ്ധരാമയ്യയുടെ മറുപടി ഇങ്ങനെയായിരുന്നു. മിസ്റ്റര്‍ ബൊമ്മൈ, എന്നില്‍ നിന്ന് ഭരണകൈകാര്യമോ നയതന്ത്രമോ പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. നന്ദിയുണ്ട്. പക്ഷേ, നിങ്ങളുടെ അച്ഛനില്‍ നിന്നെങ്കിലും വല്ല മൂല്യങ്ങളും പഠിച്ചിരുന്നെങ്കില്‍, ഒരു വര്‍ഗീയ പാര്‍ട്ടിയോടൊപ്പം കേവലം അധികാരത്തിനും ഭരണഘടനയെ തകര്‍ക്കാനും വേണ്ടി കൂട്ടുചേരാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിന്ദുക്കളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുകയായിരുന്നുവെന്നാണ് ബൊമ്മൈ അവസാനമായി കുറ്റപ്പെടുത്തിയത്. ഇതിനെതിരേ കേസിനു പോകുമെന്നാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."