'ഞങ്ങള്‍ക്ക് വിശക്കുന്നൂ….' ഗസ്സയിലെങ്ങും മുഴങ്ങുന്നത് വിശപ്പിന്റെ വിളിയാളങ്ങള്‍
'ഞങ്ങള്‍ക്ക് വിശക്കുന്നൂ….' ഗസ്സയിലെങ്ങും മുഴങ്ങുന്നത് വിശപ്പിന്റെ വിളിയാളങ്ങള്‍
ലോകമേ..കേള്‍ക്കുന്നില്ലേ ഗസ്സയിലെ കുഞ്ഞുങ്ങള്‍ വിശന്നു കരയുന്നത്. അലറിപ്പായുന്ന യുദ്ധവിമാനങ്ങളും പൊട്ടിത്തെറിക്കുന്ന ബോംബുകളും ഉച്ചത്തിലിരമ്പി വീഴുന്ന ഷെല്ലുകളുമെല്ലാം തീര്‍ക്കുന്ന ഘോരഘോര ശബ്ദങ്ങളേക്കള്‍ക്കിടയിലൂടെ നേര്‍ത്തൊരലയൊലിയാെങ്കിലും നിങ്ങളുടെ കാതുകളില്‍ അവരുടെ വിശപ്പിന്റെ വിളിയാളങ്ങളെത്തുന്നില്ലേ....
ഇസ്‌റാഈലിന്റെ അവസാനിക്കാത്ത യുദ്ധക്കൊതിയില്‍ കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പടെയുള്ള ലക്ഷക്കണക്കിനാളുകള്‍ കടുത്ത പട്ടിണിയിലായിരിക്കുകയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച ശേഷം വര്‍ധിത ക്രൗര്യത്തോടെ പിഞ്ചു കുഞ്ഞുങ്ങള്‍ ചികിത്സ തേടുന്ന ആശുപത്രികള്‍ക്കു മുകളില്‍ പോലും ബോബം വര്‍ഷിച്ച് കൂട്ടക്കൊലകള്‍ നടത്തുന്ന ഇസ്‌റാഈല്‍ ശേഷിക്കുന്നവരെ പട്ടിണിക്കിട്ടു കൊല്ലുകയാണെന്ന് യു.എന്‍ പിന്തുണയോടെ ആഗോള സംഘടനയായ ഐ.പി.സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
'കഴിഞ്ഞ 70 ദിവസത്തിലേറെയായി അതിക്രൂരമായ ബോംബ് വര്‍ഷമാണ് ഗസ്സയില്‍ നടക്കുന്നത് ആ.ിരക്കണക്കിനാളുകള്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലാണ്. എവിടെ നോക്കിയാലും കുടിയിറക്കപ്പെട്ടവരാണ്. അവര്‍ക്ക് ഭക്ഷണമോ വെള്ളമോ ഇല്ല. ഇതിനെല്ലാം പുറമേ മാരകരോഗങ്ങളും പകര്‍ച്ച് വ്യാധികളും അവരെ അലട്ടുന്നു' ഗസ്സ നിവാസിയായ മുഹമ്മദ് അല് ഖാത്തിബ് പറയുന്നു.
അധിനിവേശ സേന മാനുഷിക ഇടനാഴി മുറിച്ചു. അയിരക്കണക്കിനാളുകളാണ് തെരുവുകളില്‍ കഴിയുന്നത്. തങ്ങളുടെ അഭയസ്ഥാനങ്ങള്‍ നഷ്ടമായി പോരാത്തതിന് തെരുവില്‍ അലയുന്ന മൃഗങ്ങളും ധാരാളം. ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ മരിക്കാത്തവര്‍ വിശന്നും ദാഹിച്ചും മരിച്ചു കൊണ്ടിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കടിയില്‍ പെട്ട മൃതദേഹങ്ങള്‍ അളിഞ്ഞതിന്റെ പ്രത്യാഘാതമായും രോഗങ്ങള്‍ പരക്കുന്നു. ക്യാംപുകളിലും മറ്റും മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു- മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഅരക്ഷിതാവസ്ഥകളിലൊന്നിലൂടെയാണ് ഗസ്സയിലെ മുഴുവന്‍ ജനങ്ങളും കടന്നുപോകുന്നത്.ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളും കനത്ത പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. ഈ അപകടസാധ്യത ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലും യെമനിലും നേരിട്ട ക്ഷാമത്തേക്കാള്‍ വലുതാണ് ഗസ്സയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ പേര്‍ക്ക് ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും ഭക്ഷണം ലഭിക്കുന്നില്ല. മാരകമായി മുറിവേറ്റവരെ പട്ടിണിക്ക് പിന്നാലെ മറ്റു രോഗങ്ങള്‍ പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
'എവിടെ നോക്കിയാലും വിശപ്പാണ്. ഞങ്ങള്‍ ഒറ്റപ്പെടുത്തപ്പെട്ടസ്ഥിതിയിലാണ്. ഒരു സഹായവും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഭക്ഷണവും വെള്ളവുമില്ല. എങ്ങും വിശപ്പ് വ്യാപിച്ചിരിക്കുന്നു. ഒന്നും കിട്ടാനില്ല. അഥവാ വല്ല ഭക്ഷ്യവസ്തുക്കളും കിട്ടുകയാണെങ്കില്‍ തന്നെ അതിന് തീപിടിച്ച വിലയാണ്- മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം തുടങ്ങിയ ശേഷം അപകടകരമായ രീതിയിലാണ് ഗസ്സ പോഷകാഹാരക്കുറവ് അഭിമുഖീകരിക്കുന്നത്. ഇത് ജനങ്ങളുടെ പ്രതിരോധ ശേഷിയില്‍ വലിയ കുറവാണുണ്ടാക്കിയിരിക്കുന്നത്. ഭക്ഷണവും മരുന്നുമുള്‍പ്പടെ വലിയ സഹായം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ അടുത്ത ആറാഴ്ചയ്ക്കുള്ളില്‍ ഗസ്സ പൂര്‍ണമായും പട്ടിണിയിലേക്ക് പോകാനിടയുണ്ട്.
ഭയപ്പെടുത്തുന്ന കണക്കാണ് ഗസ്സയില്‍ നിന്ന് പുറത്ത്!വരുന്നതെന്ന് അന്താരാഷ്ട്ര സംഘടനയായ 'കെയര്‍' സാക്ഷ്യപ്പെടുത്തുന്നു.അടിയന്തര ഇടപെടലുകളുണ്ടായില്ലെങ്കില്‍ പട്ടിണിയുണ്ടാക്കുന്ന ദുരന്തസാധ്യത ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഇസ്രായേല്‍ ബോംബിങ്ങിലൂടെ തകര്‍ത്തുകളഞ്ഞ ഗസ്സയിലേക്ക് ഭക്ഷണവും മരുന്നുമെത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഈജിപ്തില്‍ നിന്ന് ഭക്ഷണവും വെള്ളവും മരുന്നുമായി എത്തുന്ന ട്രക്കുകള്‍ പത്ത് ശതമാനത്തിന്റെ ആവശ്യങ്ങള്‍ക്ക് പോലും തികയുന്നില്ലെന്നാണ് യു.എന്‍ പറയുന്നത്. വെടിവെപ്പിന് തുടരുന്നതിന് പുറമെ സഹായങ്ങളെത്തിക്കാനുള്ള യു.എന്നിന്റെതടക്കമുള്ള ശ്രമങ്ങളെ ഇസ്രായേല്‍ തടയുന്നതാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. സൈന്യത്തിന്റെ അമിതാധികാരവും, വാര്‍ത്തവിനിമയ ബന്ധങ്ങള്‍ തകര്‍ന്നതും ഇന്ധനക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
വിശപ്പ് സഹിക്കാനാകാതെ ഫലസ്തീനികള്‍ ഭക്ഷണ ട്രക്കുകളിലേക്ക് ഓടിക്കയറിയതായും ചിലര്‍ കഴുതകളെ അറുത്ത് ഭക്ഷിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെ സമയം ഇസ്‌റാഈലിന്റെ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു. അതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഏകദേശം 1.9 ദശലക്ഷം പേരാണ് (ജനസംഖ്യയുടെ 80 ശതമാനത്തിലധികം) വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടത്.
ഒരു ദശലക്ഷത്തിലധികം ആളുകള്‍ യുഎന്‍ ഷെല്‍ട്ടറുകളിലാണ് തിങ്ങിപ്പാര്‍ക്കുന്നത്. 36 ആശുപത്രികളില്‍ ഒമ്പത് എണ്ണംമാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."