പി.സി കുഞ്ഞാലൻ കുട്ടി മുസ്‌ലിയാര്‍: നഷ്ട വസന്തത്തിന്റെ കാൽ നൂറ്റാണ്ട്
മാനവ സൗഹാർദ്ദത്തിന്റെയും സുകൃത പാരമ്പര്യത്തിന്റെയും മഹനീയ കഥകൾ പറയാനുള്ള അനുഗ്രഹീത നാടാണ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത അമ്പലക്കണ്ടി പുതിയോത്ത് മഹല്ല്.മഹാരഥൻമാരായ ഒട്ടേറെ മഹത്തുക്കൾ ജീവിച്ച വിജ്ഞാന ചൈതന്യവും സാമുദായിക മൈത്രിയും തുടിക്കുന്ന നാട്.സൂഫിവര്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാർ മുതൽ ഒട്ടേറെ മനീഷികളുടെ കർമ്മ ഭൂമിയായിരുന്നു പുതിയോത്ത്.ആ ശ്രേണിയിലെ പ്രമുഖനായിരുന്നു ശൈഖുനാ പി.സി കുഞ്ഞാലൻ കുട്ടി മുസ്ല്യാർ.അനുഗ്രഹീത പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഫത്‌വാ കമ്മിറ്റി മെമ്പറുമായ അദ്ദേഹം നിപുണനായ കർമ്മ ശാസ്ത്ര പണ്ഡിതൻ കൂടിയായിരുന്നു. മഹാനായ പണ്ഡിത വര്യൻ വിടവാങ്ങിയിട്ട് ഈ വർഷത്തെ റബീഉൽ അവ്വലിൽ 25 വർഷം തികയുന്നു.
ദീനി വിജ്ഞാന പ്രസരണ രംഗത്ത് എണ്ണപ്പെട്ട കേന്ദ്രമായി പുതിയോത്തിനെ മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു.മരണപ്പെടുന്നത് വരെ പുതിയോത്തെ പ്രശസ്തമായ ദർസിൽ അദ്ദേഹം മുദർരിസായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദീനി വിജ്ഞാനം തേടി നൂറ് കണക്കിന് പഠിതാക്കൾ പുതിയോത്ത് പള്ളിയിലെത്തിയിരുന്നു.അവരെയെല്ലാം ഇരു കൈയും നീട്ടി മഹല്ല് നിവാസികൾ സ്വീകരിച്ചു.
ഓത്തുപള്ളി സമ്പ്രദായത്തിൽ നിന്ന് മദ്രസാ രീതിയിലേക്ക് പ്രാഥമിക മത വിദ്യാഭ്യാസം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയ കാലത്താണ് പി.സി ഉസ്താദ് പുതിയോത്ത് മുദർരിസായി വരുന്നത്. പ്രാഥമിക മത വിദ്യാഭ്യാസത്തിന് ശേഷം ഏതാനും വർഷങ്ങൾ ദർസിൽ പോയി പഠിക്കുക എന്നത് അക്കാലത്തെ ഒരു രീതിയായിരുന്നു. മത മേഘലയിൽ ഒരു ബിരുദവും പിന്നീട് ജോലിയും ലഭിക്കുക എന്നതിനപ്പുറം മതകാര്യങ്ങളിൽ അറിവും കാഴ്ചപ്പാടും ലഭിക്കുക എന്ന നിഷ്കളങ്ക താൽപര്യത്തിന് പുറത്താണ് പലരും ദർസീ പഠനത്തെ കണ്ടത്. അതിനാൽ തന്നെ വളരെ ലളിതമായ പ്രവേശന മാനദണ്ഡവും കരിക്കുലവുമായിരുന്നു അന്ന് പിന്തുടർന്നത്. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായ രീതിയിലുള്ള സിസ്റ്റത്തിന് അതിന്റേതായ മേന്മകൾ ഉണ്ടായിരുന്നു. ഇത്തരം മേന്മകൾ പരമാവധി പ്രയോജനപ്പടുത്തുന്ന തരത്തിലായിരുന്നു പി.സി ഉസ്താദിന്റെ ഇടപെടൽ.
ജാതി മത ഭേതമന്യെ എല്ലാവരും അദ്ദേഹത്തെ ആദരിച്ചു. ഉന്നത പണ്ഡിതനായിരികുമ്പോഴും സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ഭാഷയിൽ ദീനി വിജ്ഞാന കാര്യങ്ങൾ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.
പാണ്ഡിത്യത്തിന്റെ പേരിൽ വ്യക്തി താൽപര്യം സംരക്ഷിക്കാനും മതത്തെ സാമ്പത്തിക നേട്ടത്തിനുള്ള ചൂഷണോപാധിയാക്കാനുമുള്ള നീക്കങ്ങളെ അദ്ദേഹം എതിർത്തിരുന്നു.വ്യക്തി വിശുദ്ധിയോടൊപ്പം സാമ്പത്തിക വിശുദ്ധി കൂടി കാത്ത് സൂക്ഷിക്കേണ്ട അനിവാര്യത അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ഐക്യവും സമാധാനവും സൗഹാർദ്ധ അന്തരീക്ഷവും സ്ഥാപിക്കാൻ അദ്ദേഹം നില കൊണ്ടു.
പൊതുവെ ശാന്ത പ്രകൃതനും എല്ലാവരേയും ഉൾക്കൊള്ളുന്ന സ്വഭാവക്കാരനുമായിരുന്നു അദ്ദേഹം.ബഹളമയമായ പ്രസംഗ ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. പണ്ഡിതോജ്വലവും
കൂടുതൽ മടുപ്പിക്കാതെയുള്ളതുമായിരുന്നു ഓരോ പ്രസംഗവും.
അഭിപ്രായ വ്യത്യാസങ്ങളെ അദ്ദേഹം മാനിച്ചു.അതേസമയം സങ്കുചിതമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നാട്ടിൽ പ്രശ്നമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചവരോട് കണിശമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.സമുദായത്തിനകത്തെ ഐക്യം തകർത്ത് വിഘടന സ്വരം സൃഷ്ടിക്കുന്ന രീതിയെ അദ്ദേഹം നഖശിഖാന്തം എതിർത്തിരുന്നു. അതിനാലാണ് പൊതുവെ ശാന്ത സ്വഭാവിയായ അദ്ദേഹം വിവാദമായ മാസപ്പിറവി വിഷയത്തിൽ കണിശമായ നിലപാട് സ്വീകരിച്ചത്. ഒരു നാട്ടിൽ മഹല്ല് സംവിധാനവും ഖാസിയും നിലനിൽക്കെ അതിനെ ധിക്കരിച്ച് സമാന്തര വിഭാഗമായി പ്രവർത്തിക്കുന്നതിന്റെ വേദന അദ്ദേഹം പങ്ക് വെച്ചു. അത്തരം ദുഷ് പ്രവണതകളെ തള്ളിക്കളയാൻ അദ്ദേഹം മുന്നിൽ നിന്നു.
ഇരുപത്തഞ്ച് വർഷം മുമ്പ് ഒരു റബീഉൽ അവ്വൽ അഞ്ചിനാണ് അദ്ദേഹം വിടവാങ്ങിയത്.എല്ലാ വർഷവും റബീഉൽ അവ്വൽ മാസത്തിൽ നടക്കുന്ന ഉറുസ് മുബാറകിലും അനുബന്ധ പരിപാടികളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വിശ്വാസികൾ വന്ന് ചേരാറുണ്ട്.
വിജ്ഞാന വീഥിയിൽ ജീവൻ സമർപ്പിച്ച പി.സി ഉസ്താദിന്റെ പേരിൽ ദീനി സ്ഥാപനങ്ങൾ ഉയർന്ന് വരൽ കാലത്തിന്റെ കാവ്യനീതിയാണ്.നിലവിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയോത്ത് കേന്ദ്രമായി മഹല്ല് കമ്മിറ്റിയുടെ തണലിൽ പ്രവർത്തിക്കുന്നു.പാരമ്പര്യ ദർസീ കിതാബുകൾ അനുസരിച്ച് പഠിക്കാൻ താൽപര്യമുള്ളവർക്കായി ദർസും ഖുർആൻ മന:പാഠമാക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള ഹിഫ്ളുൽ ഖുർആൻ കോളേജുമുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ പി.സി. ഉസ്താദ് വാഫി കോളേജ് പ്രവർത്തനമാരംഭിച്ചത്. മിടുക്കരായ ഒട്ടേറെ വിദ്യാത്ഥികൾ ഇപ്പോൾ മത ഭൗതിക സമന്വയ വിദ്യാഭ്യാസം തേടി പുതിയോത്തിന്റെ മണ്ണിലേക്ക് കടന്ന് വരുന്നു. പാരമ്പര്യവും ആധുനികതയും കൈകോർക്കുന്ന ഈ വിദ്യാ ക്രമത്തെ പ്രതീക്ഷാ പൂർവ്വമാണ് ഒരു ജനത നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."