വയലുകള്‍ കൂട്ടത്തോടെ മണ്ണിട്ട് നികത്തുന്നു
അലനല്ലൂര്‍: കടുത്ത വേനലിലും നീരുറവ കണ്ടിരുന്ന വയലുകള്‍ കൂട്ടത്തോടെ മണ്ണിട്ട് നികത്തുന്നു. അലനല്ലൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കുണ്ടില്പാടമാണ് കോഴി ഫാം സ്ഥാപിക്കാനായി മണ്ണിട്ട് നികത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചുണ്ടോട്ടുകുന്നിലെ കൈരളിയില്‍ നിന്നും മുണ്ടക്കുന്നിലേക്ക് എത്തുന്നതിന് മുന്‍പാണ് ഈ വയലുകള്‍. മൂന്നുവിള നെല്‍കൃഷി ചെയ്തിരുന്ന ഇവിടം പിന്നീട് കമുകുകളും മറ്റും പിടിപ്പിച്ച് പള്ളിയാല്‍ ആക്കുകയായിരുന്നു. അര ഏക്കറോളം വയല്‍ ഇതിനകം നികത്തി. അലനല്ലൂര്‍ മൂന്നാം നമ്പര്‍ വില്ലേജ് പരിധിയിലാണ് വയലുകള്‍.
പാടം മണ്ണിട്ട് മൂടാന്‍ തുടങ്ങിയിട്ടും റവന്യു അധികൃതര്‍ തുടര്‍ നടപടികള്‍ എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. രണ്ടാഴ്ച മുന്‍പ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ വയല്‍ നികത്തരുതെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണത്രെ പുതിയ വില്ലേജ് ഓഫിസര്‍ ചുമതലയേറ്റത്.
അടുത്ത ആഴ്ച മുതലുള്ള നീണ്ട അവധി ദിവസങ്ങളില്‍ വയലുകള്‍ മുഴുവനായും മണ്ണിട്ട് നികത്താനാണ് സ്വകാര്യ വ്യക്തി ശ്രമിക്കുന്നതെന്ന് സി.പി.എം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ജയകൃഷ്ണന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."