വീണ്ടും വിദ്വേഷപ്രചാരണം ; കാസക്കെതിരേ പൊലിസ് അന്വേഷണം തുടങ്ങി
ഇ.പി മുഹമ്മദ്
കോഴിക്കോട്: ക്രിസ്ത്യന്‍ തീവ്രവാദ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങി. വര്‍ഗീയ കലാപം ലക്ഷ്യമിട്ടും സംസ്ഥാനത്തെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തുന്നതുമായ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട്ട് അരക്കിണര്‍ സ്വദേശി സജീര്‍ മാത്തോട്ടം സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലിസാണ് കേസ് അന്വേഷിക്കുന്നത്. മൊഴി നല്‍കുന്നതിനായി തിങ്കളാഴ്ച കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സജീറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായും രക്ഷക്കായും പ്രവര്‍ത്തിക്കുന്നു എന്ന വ്യാജേന മുസ്‌ലിം സമുദായത്തിനും മത, രാഷ്ട്രീയ സംഘടനകള്‍ക്കുമെതിരേ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സജീര്‍ പരാതി നല്‍കിയത്. വിദ്വേഷം പ്രചരിപ്പിക്കുന്ന നിരവധി വിഡിയോകള്‍ യൂട്യൂബിലും ഫേസ്ബുക്കിലും ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
'മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍' എന്ന പേരില്‍ ടെലിഫിലിം നിര്‍മിക്കുന്നതാണ് കാസയുടെ ഒടുവിലത്തെ വിദ്വേഷപ്രവര്‍ത്തനം. കാല്‍നൂറ്റാണ്ട് മുന്‍പ് അസമില്‍ നടന്ന ഒരു സംഭവം പ്രമേയമാക്കിയാണ് സിനിമ നിര്‍മിക്കുന്നത്. ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അവഹേളിക്കാനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ഈ നീക്കമെന്നും സജീറിന്റെ പരാതിയില്‍ പറയുന്നു. കൊച്ചുകുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സിനിമ നിര്‍മിക്കുന്നതെന്നാണ് അവകാശവാദം. നവംബര്‍ 19ന് സിനിമ റിലീസ് ചെയ്യുമെന്നും കാസ പറയുന്നു.
അതേസമയം, മുസ്‌ലിം വിദ്വേഷം വളര്‍ത്തുകയെന്ന ലക്ഷ്യം മാത്രമാണ് ഈ പ്രവര്‍ത്തനത്തിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. ഇതിനകം നിരവധി തവണ കാസ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഏറ്റുപിടിച്ചും ഇവര്‍ പ്രചാരണം നടത്തി. നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയ്ക്ക് 'ഈശോ' എന്ന് പേരിട്ടതിനെതിരേ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി തള്ളിയ കോടതി ഇത്തരം പരാതികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ദൈവങ്ങളുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ കോടതിക്ക് ഇടപെടാനാകില്ലെങ്കില്‍ ഇത് പ്രവാചകന്‍മാര്‍ക്കും ബാധകമാണെന്നാണ് സംഘടന നടത്തിയ പ്രചാരണം.
പ്രവാചകന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേരില്‍ സിനിമയും ടെലിഫിലിമും ഇറക്കിയാല്‍ കോടതി ഇടപെടരുതെന്നും കാസ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ടെലിഫിലിം നിര്‍മാണവുമായി സംഘടന രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന കാസയുടെ ആഹ്വാനവും വിവാദമായിരുന്നു.
നിരന്തരമായി വര്‍ഗീയപ്രചാരണം നടത്തിയിട്ടും സര്‍ക്കാരും പൊലിസും കണ്ടില്ലെന്ന് നടിക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."