ദാസനും വിജയനും; ഒരു തണ്ടര്‍ബോള്‍ട്ട് വീരഗാഥ
അബ്ദുല്‍ മജീദ്
ഈ തണ്ടര്‍ബോള്‍ട്ട് എന്നു പറഞ്ഞാല്‍ എന്താണെന്നാണ് നിങ്ങളുടെയൊക്കെ വിചാരം? പഴയ സിനിമകളിലും നാടകങ്ങളിലുമൊക്കെ കാണുന്ന കുട്ടന്‍പിള്ള പൊലിസൊന്നുമല്ല അത്. കൊടും ഭീകരവാദികളെ, പ്രത്യേകിച്ച് അത്യാധുനിക തോക്കും റോക്കറ്റും മിസൈലുമൊക്കെ കൊണ്ടുനടക്കുന്ന മാവോയിസ്റ്റുകളെ സിമ്പിളായി പിടികൂടാന്‍ വൈദഗ്ധ്യം നേടിയ ഭൂലോക കില്ലാടി സംഘമാണത്. ഏതു കൊടുംഭീകരനും തണ്ടര്‍ബോള്‍ട്ട് എന്നു കേട്ടാല്‍ പേടിച്ചുവിറയ്ക്കും. ചില ഭീകരര്‍ നിന്നനില്‍പ്പില്‍ മൂത്രമൊഴിച്ചെന്നും വരും.
തണ്ടര്‍ബോള്‍ട്ട് പൊലിസ് പദ്ധതി കൊണ്ടുവരാന്‍ വൈകിയതുകൊണ്ടാണ് കാട്ടുകള്ളന്‍ വീരപ്പന്‍ ഏറെക്കാലം വിലസിയത്. അന്ന് തണ്ടര്‍ബോള്‍ട്ടുണ്ടായിരുന്നെങ്കില്‍ വീരപ്പന്‍ ആയുധംവച്ച് കീഴടങ്ങി കൈകൂപ്പി 'കാപ്പാത്തുങ്കോ' എന്ന് യാചിക്കുമായിരുന്നു. രൂപീകരിക്കാന്‍ ഇത്തിരി ലേറ്റായെങ്കിലും തണ്ടര്‍ബോള്‍ട്ട് ലേറ്റസ്റ്റാണ്. കമാന്‍ഡോ ഓപറേഷനില്‍ പരിശീലനം നേടിയവര്‍ അക്കൂട്ടത്തിലുണ്ട്. ലക്ഷ്യം തെറ്റാതെ വെടിവയ്ക്കാനറിയുന്നവരുമുണ്ട്. മൊട കണ്ടാല്‍ അവര്‍ എടപെട്ടളയും. കുറ്റവാളികളെ തേടി അവര്‍ ഇടംവലം നോക്കാതെ രണ്ടും കല്‍പ്പിച്ച് ചാടിയിറങ്ങും. ദാസനെയും വിജയനെയും പോലെ. ഏതു കാട്ടില്‍ പോയിട്ടായാലും അവര്‍ പിടിക്കേണ്ടവരെ പിടിച്ചിരിക്കും. വെടിവച്ചു കൊല്ലേണ്ടവരെ അങ്ങനെ ചെയ്യും. പ്രത്യേകിച്ച് ഇരന്നു ജീവിക്കുന്ന ഏഴാംകൂലി മാവോയിസ്റ്റുകളെ.
അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മലമ്പുഴ വനത്തില്‍ കഞ്ചാവ് വേട്ടയ്ക്കിറങ്ങിയ നാര്‍കോട്ടിക് വിഭാഗം പൊലിസുകാര്‍ ചില തണ്ടര്‍ബോള്‍ട്ടുകാരെ കൂടെ കൂട്ടിയത്. അവര്‍ കൂടെയുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലല്ലോ. കഞ്ചാവ് കൃഷി വെട്ടിനശിപ്പിക്കുകയും അതു നട്ടുവളര്‍ത്തി വില്‍ക്കുന്നവരെ കൈയോടെ പിടികൂടുകയുമായിരുന്നു ലക്ഷ്യം. കുറ്റകൃത്യം നടക്കുന്നത് വനഭൂമിയിലാണെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചില്ല. അറിയിച്ചാല്‍ വിവരം ചോരാനിടയുണ്ടെന്ന് സംശയിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്. അതീവ രഹസ്യ ഓപറേഷനുകളില്‍ അങ്ങനെ ചില രീതികളുണ്ട്. മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കുക തന്നെ വേണ്ടിവരും. സി.ഐ.ഡികള്‍ക്ക് സി.ഐഡികളുടേതായ വഴികളുണ്ടല്ലോ. അതുപോലെ തണ്ടര്‍ബോള്‍ട്ടിനുമുണ്ട് അവരുടേതായ വഴികള്‍.
ദിശ കണ്ടെത്താനും സന്ദേശങ്ങള്‍ കൈമാറാനുമൊക്കെ പൊലിസ് സേനയുടെ പക്കല്‍ പ്രത്യേക ഉപകരണങ്ങളുണ്ടെങ്കിലും അതൊന്നും അവര്‍ എടുത്തിരുന്നില്ല. അത്യാധുനിക കാലത്ത് മൊബൈല്‍ ഫോണും അതില്‍ ഗൂഗിള്‍ മാപ്പ് കിട്ടാനുള്ള സൗകര്യവുമുണ്ടെങ്കില്‍ പിന്നെ അതു മതിയല്ലോ. ദിശാസൂചികളുടെ കാലമൊക്കെ കഴിഞ്ഞില്ലേ. തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും ആവശ്യത്തിന് എടുത്തിരുന്നില്ല. കുറച്ചു ബിസ്‌കറ്റല്ലാതെ ആവശ്യത്തിന് ഭക്ഷണസാധനങ്ങളും കരുതിയിരുന്നില്ല. തീറ്റയും കുടിയുമല്ലല്ലോ, ചുമതലയല്ലേ പ്രധാനം. അതിന് എന്തു ത്യാഗവും സഹിക്കേണ്ടിവരും. മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നവരും എന്തും ചെയ്യാന്‍ മടിക്കാത്തവരുമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അവരെ നേരിടാനുള്ള ആധുനിക ആയുധങ്ങളും വേണ്ടത്ര കരുതിയിരുന്നില്ല. വല്ലഭന്‍മാര്‍ക്ക് പുല്ലും ആയുധമാണല്ലോ. കാട്ടിലാണെങ്കില്‍ പുല്ല് ഇഷ്ടംപോലെ കിട്ടാനുമുണ്ട്. പിന്നെന്തിനു പേടിക്കണം.
ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണിന് റെയ്ഞ്ചില്ല. ഗൂഗിള്‍ മാപ്പും കിട്ടാനില്ല. അതൊന്നും തണ്ടര്‍ബോള്‍ട്ടിന്റെ കുറ്റമല്ല. മൊബൈല്‍ കമ്പനികളുടെ കുറ്റമാണ്. അങ്ങനെ സംഘം ഒന്നര ദിവസം കാട്ടില്‍ കുടുങ്ങി. തണുപ്പും വിശപ്പുമകറ്റാന്‍ മാര്‍ഗമില്ലാതെ കൊടുങ്കാട്ടില്‍ വലഞ്ഞു. ഒടുവില്‍ രക്ഷപ്പെടുത്താന്‍ നേരത്തെ വിവരമറിയിക്കാതിരുന്ന, കാടിനെക്കുറിച്ച് അറിയാവുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വേണ്ടിവന്നു.
ദാസനും വിജയനും ഒരു കേസിനു പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ അബദ്ധത്തിലെങ്കിലും പ്രതികളെയും തൊണ്ടിമുതലുമൊക്കെ പിടികൂടാറുണ്ട്. എന്നാല്‍ വെട്ടിനശിപ്പിക്കാന്‍ ഒരു കഞ്ചാവുചെടി പോലും കണ്ടെത്താതെയാണ് നമ്മുടെ പൊലിസ് സംഘം കാട്ടില്‍നിന്ന് മടങ്ങിയത്. ഒരാളെപ്പോലും പിടികൂടാനുമായില്ല. പിന്നീടാണറിഞ്ഞത് ആരോ പറഞ്ഞുപറ്റിച്ചതാണെന്ന്. അതും പൊലിസുകാരുടെ കുറ്റമല്ല. പറ്റിച്ചാല്‍ ആരും പറ്റുമല്ലോ. പൊലിസ് മേധാവിയടക്കം പൊലിസ് സേനയുടെ സുപ്രധാന നട്ടും ബോള്‍ട്ടും പോലും പറ്റിപ്പുകാരുടെ വലയില്‍ പെടുന്ന നാടാണിത്. പിന്നല്ലേ തണ്ടര്‍ബോള്‍ട്ട്.
മ്മിണി വല്യൊരു എന്‍.സി.പി
ചില പാര്‍ട്ടികളുടെ വലുപ്പം നാട്ടുകാര്‍ അറിഞ്ഞുകൊള്ളണമെന്നില്ല. എന്തിന് നാട്ടുകാരെ മാത്രം പറയണം, ആ പാര്‍ട്ടികളില്‍ തന്നെ കാണും സ്വന്തം വലുപ്പമറിയാത്തവര്‍. ആനയെക്കൊണ്ട് നമ്മള്‍ മനുഷ്യര്‍ പറയുന്നതുപോലെ. അതൊരു കുറ്റവുമല്ല. മികവ് നടിക്കാതിരിക്കുന്നത് വിനയത്തിന്റെ ലക്ഷണമാണെന്ന് കരുതിയാല്‍ മതി.
അങ്ങനെയൊരു പാര്‍ട്ടിയാണ് എന്‍.സി.പി എന്ന ദേശീയവാദി പാര്‍ട്ടി. ആ പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാരും ഒരു മന്ത്രിയും മാത്രമാണുള്ളതെങ്കിലും സത്യത്തില്‍ അതിനൊന്നുമല്ല അവര്‍ക്കര്‍ഹത. ചുരുങ്ങിയത് 30 എം.എല്‍.എമാരെയെങ്കിലും ജയിപ്പിച്ചെടുക്കാനുള്ള ആള്‍ബലം, പ്രത്യേകിച്ച് നേതൃബലം ആ പാര്‍ട്ടിക്കുണ്ട്. ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം അധികം സീറ്റുകള്‍ നല്‍കാത്തതുകൊണ്ടാണ് അവര്‍ രണ്ടിലൊതുങ്ങിപ്പോയത്. പിന്നെ അവരതൊന്നും കാര്യമാക്കാറുമില്ല. സദാസമയവും ദേശീയതയെക്കുറിച്ച് ചിന്തിച്ച് അസ്വസ്ഥരായി നടക്കുന്ന എന്‍.സി.പിക്കാര്‍ക്ക് അധികാരത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമില്ല.
കോണ്‍ഗ്രസില്‍നിന്ന് പലതവണയായി തെറ്റിത്തെറിച്ചവര്‍ ചേര്‍ന്നുണ്ടായ പാര്‍ട്ടിയാണെങ്കിലും, പേരിലൊരു കോണ്‍ഗ്രസുണ്ടെങ്കിലും കൈയിലിരിപ്പ് കോണ്‍ഗ്രസിന്റേതല്ല. അച്ചടക്കത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു വിട്ടുവീഴ്ചയുമില്ല. അക്കാര്യത്തില്‍ വെട്ടൊന്ന് മുറി രണ്ട് എന്നാണ് നിലപാട്. അതുകൊണ്ടാണ് കഴിഞ്ഞദിവസം എട്ടു നേതാക്കളെ ഒറ്റയടിക്ക് പുറത്താക്കിക്കളഞ്ഞത്. അതും ചില്ലറക്കാരെയല്ല. ദേശീയ സമിതിയിലും സംസ്ഥാന സമിതിയിലുമൊക്കെ ഉള്ളവരെ. ഇത്ര വലുപ്പമുള്ള, ഇത്ര നേതാക്കളെ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റ പത്രക്കുറിപ്പില്‍ പുറത്താക്കാനുള്ള ധൈര്യം കേരളത്തില്‍ മറ്റൊരു പാര്‍ട്ടിക്കും കാണില്ല. പുറത്താക്കലിനു പേരുകേട്ട സി.പി.എം പോലും ഇങ്ങനെയൊരു കൂട്ടപ്പുറത്താക്കല്‍ നടത്തിയ ചരിത്രമില്ല. എന്‍.സി.പിക്കല്ലാതെ വേറെ ഒരു പാര്‍ട്ടിക്കും അതിനുള്ള ധൈര്യമില്ല എന്നതാണ് സത്യം.
അവിടെയാണ് എന്‍.സി.പിയുടെ വലുപ്പം നമ്മള്‍ കാണേണ്ടത്. നേതാക്കള്‍ ഒരുപാടുള്ളതുകൊണ്ടാണ് പാര്‍ട്ടിക്ക് എട്ടു നേതാക്കള്‍ പോയാല്‍ പുല്ലെന്നു പറഞ്ഞ് പുറത്താക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ പരിഗണന കിട്ടാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് എന്‍.സി.പിയിലെത്തിയ നിലവിലെ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്‌ക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് ഇവരെ പുറത്താക്കിയത്. ദേശീയതയോടുള്ള പ്രതിബദ്ധതകൊണ്ടാണ് വന്നയുടന്‍ ചാക്കോയെ സംസ്ഥാന പ്രസിഡന്റാക്കിയത്. കുറേക്കാലം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ചയാളാണ് ചാക്കോ. അതു വലിയൊരു ദേശീയ എക്‌സ്പീരിയന്‍സാണ്. അല്ലെങ്കിലും ഡല്‍ഹിയില്‍ പോയി ഏതെങ്കിലും താഴേ ഘടകത്തില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയപ്രവര്‍ത്തകരെപ്പോലും ദേശീയ നേതാക്കളായാണല്ലോ കണക്കാക്കുന്നത്.
അങ്ങനെയുള്ളൊരു നേതാവിനെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നത് ദേശീയ താല്‍പര്യത്തിനെതിരാണ്. അങ്ങനെയുള്ളവരെ പണ്ടും എന്‍.സി.പി വച്ചുപൊറുപ്പിക്കാറില്ല.
പിന്നെ ഇവരെ പുറത്താക്കിയാലും വേറെ ആളുകള്‍ വരാനുമിടയുണ്ട്. കെ.പി.സി.സി ഭാരവാഹിപ്പട്ടിക വരാനിരിക്കുന്നു. തുടര്‍ന്ന് കീഴ്ഘടകങ്ങളിലും അഴിച്ചുപണി വരും. കോണ്‍ഗ്രസിലെ നടപ്പനുസരിച്ച് അതൊക്കെ സംഭവിക്കുമ്പോള്‍ കുറച്ചുപേര്‍ പാര്‍ട്ടി വിടാനിടയുണ്ട്. അതില്‍ വലിയ നേതാക്കളെ സി.പി.എം കൊണ്ടുപോയാലും താഴേക്കിടയിലെ കുറച്ചുപേരെങ്കിലും എന്‍.സി.പിയിലും ചേരാന്‍ സാധ്യതയുണ്ട്. അവരെ ദേശീയ സമിതിയിലും സംസ്ഥാന സമിതിയിലുമൊക്കെ ഉള്‍പ്പെടുത്തി നേതാക്കളാക്കിയാല്‍ മതി. നേതാക്കള്‍ ഉണ്ടാകുകയല്ലോ, ഉണ്ടാക്കുകയല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."