ബേട്ടി ബച്ചാവോ!
ഒളിംപ്യന്മാരെ വാര്‍ത്തെടുക്കാനുള്ള ജെ.എസ്.ഡബ്ല്യു സ്‌പോര്‍ട്‌സ് എക്‌സലന്‍സ് പരിപാടിക്ക് ഒളിംപിക് മെഡലേന്തി ചിരിച്ചു നില്‍ക്കുന്ന സാക്ഷിമാലികിന്റെ മുഖമാണ്. ആ പോര്‍ട്ടലിന്റെ മുഖവാചകം ഇങ്ങനെ: ഇന്ത്യയില്‍ നിന്ന് ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ നേടിയ സാക്ഷിമാലിക് രാജ്യത്തിന്റെ പൊതു വികാരമാണ്. പുരുഷാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഹരിയാനക്ക് സ്ത്രീകളെ കുറിച്ചുള്ള സങ്കല്‍പത്തെ തന്നെ സാക്ഷി മാലിക് തിരുത്തിയിരിക്കുന്നു.
അവള്‍ പെണ്‍കുട്ടികള്‍ക്ക് ആരാധനാപാത്രവും മാതൃകയുമാണ്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (മകളെ രക്ഷിക്കൂ മകളെ പഠിപ്പിക്കൂ) എന്ന പ്രചാരണത്തിന്റെ മുഖം സാക്ഷിമാലികാണ്."ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ നേടി രാജ്യത്തെ പെണ്‍കുട്ടികളുടെയും രാജ്യത്തിന്റെയും യശസ് ഉയര്‍ത്തിയ ഹരിയാനക്കാരി സാക്ഷി മാലിക് ഇനി ഗോദയിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നു. ഗോദയിലണിയുന്ന ഷൂസ് അഴിച്ച് മേശപ്പുറത്ത് വച്ചിരിക്കുന്നു. ഇനിയില്ല, ആവില്ല. പെണ്‍മക്കള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇനി തുടരുന്നതില്‍ അര്‍ഥമില്ലെന്നും നല്‍കിയ എല്ലാ വാക്കും സര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നുവന്നും സാക്ഷി മാലിക്. ഇനി പ്രതീക്ഷയില്ല.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ തലതൊട്ടപ്പനായിരുന്ന ബ്രിജ്ഭൂഷണ്‍ എം.പി, പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി ഉയര്‍ത്തിയത് രാജ്യാന്തര വേദികളില്‍ ത്രിവര്‍ണ പതാക പാറിച്ച കായികതാരങ്ങളായിട്ടും അയാളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ബേട്ടി ബച്ചാവോക്കാര്‍ ചെറുവിരലനക്കിയില്ല. 40 ദിവസം ഗുസ്തി താരങ്ങള്‍ ഡല്‍ഹിയിലെ തെരുവില്‍ വെയിലും മഞ്ഞും കൊണ്ട് സമരം ചെയ്തു. കൊലയും കൊള്ളിവയ്പ്പും അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബ്രിജ്ഭൂഷണ് മേല്‍ ജാമ്യം കിട്ടാവുന്ന തുക്കടാ വകുപ്പുകള്‍ വച്ച് കേസെടുക്കുകമാത്രമാണ് ചെയ്തത്.
സമരം ചെയ്യുന്നവരെ കേസില്‍ കുടുക്കുക മാത്രമല്ല അവരുടെ ജോലി കളയിക്കുമെന്ന ഭീഷണിയുമുണ്ടായി. കേരളത്തില്‍ നിന്നുള്ള ഒളിംപ്യ പി.ടി ഉഷക്ക് പോലും ബ്രിജ്ഭൂഷണിനും ഇയാളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും മുന്നില്‍ വാ തുറക്കാനായില്ല.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍ ഓഗസ്റ്റില്‍ വരേണ്ടതായിരുന്നു. വൈകിയതിനാല്‍ അന്തര്‍ ദേശീയ മത്സരങ്ങളില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. ഇനിയെങ്കിലും ഗുസ്തി ഫെഡറേഷനില്‍ ഇത്തരം ലൈംഗിക ചൂഷണം ഉണ്ടാവരുതെന്ന ഉറപ്പ് കിട്ടുമോ? വനിതാ പ്രസിഡന്റ് വന്നാല്‍ നന്നായിരുന്നുവന്ന് പറഞ്ഞു നോക്കി. ഇല്ല. ബ്രിജ്ഭൂഷണിന്റെ സ്വന്തക്കാരും ബന്ധുക്കാരും ശിങ്കിടികളും വരരുതെന്ന മന്ത്രിയുടെ ഉറപ്പ് പോലും കുറുപ്പിന്റെ ഉറപ്പാണെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് സിങ്ങിന്റെ സ്ഥാനാരോഹണത്തോടെ തെളിഞ്ഞു.
ഇനി പെണ്‍കുട്ടികളെ ഗുസ്തിയിലേക്കും കായിക മേഖലയിലേക്കും കൊണ്ടുവരുന്നത് എങ്ങനെ? കണ്ണീരോടെയാണ് സാക്ഷി മാലിക് ഷൂ അഴിച്ചത്. പദ്മശ്രീ തിരിച്ചുകൊടുക്കുകയാണെന്ന് ബജ്‌റങ് പുനിയ പറയുന്നു.
റോഥകിലെ ബസ് കണ്ടക്ടറായ സുഖ്ബിറിന്റെ മകള്‍ തനിക്ക് ഗുസ്തിയിലാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരോടൊപ്പം കുടുംബവും അതിശയിച്ചതാണ്.
പരിശീലിപ്പിച്ച ദഹിയക്കും നാട്ടുകാരുടെ പഴി കേട്ടു. ഇതൊക്കെ പെണ്ണുങ്ങള്‍ക്ക് പറഞ്ഞതാണോ? 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സില്‍ മെഡല്‍ നേടിയ സുശീല്‍കുമാറായിരുന്നു വലിയ പ്രചോദനം. അവള്‍ക്ക് ഏറ്റുമുട്ടാന്‍ വനിതകളെ കിട്ടാത്തതിനാല്‍ ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചാണവള്‍ പരിശീലിച്ചത്. 2009ലും 2010ലും 2015ലും എല്ലാം അന്തര്‍ദേശീയ മെഡലുകള്‍ നേടിയ സാക്ഷിക്ക് 2016ലെ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചു.
റിയോവിലേക്ക് പോയത് മൂന്നു വനിതകളടക്കം അഞ്ചു താരങ്ങളാണ്. എന്നിട്ടും ഒരു വനിതാ ഫിസിയോ തെറാപിസ്റ്റിനെ ടീമില്‍ വച്ചില്ല. നാടുകാണാന്‍ പോകുന്ന പെണ്ണുങ്ങള്‍ക്കെന്തിനാ ഫിസിയോ തെറാപിസ്റ്റ് എന്നായിരുന്നു ചോദ്യം. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം നടത്തിയ സാക്ഷി മാലിക് ക്വാര്‍ട്ടറില്‍ വലേറിയ കൊബ്ലാവയോട് തോറ്റു. പക്ഷെ വലേറിയ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ വീണുകിട്ടിയ അവസരത്തില്‍ കിര്‍ഗിസ്താനിലെ അയിസുലദിനിയെ 85ന് തോല്‍പിച്ചാണ് ഇന്ത്യയിലേക്ക് ആദ്യത്തെ വനിതാ ഗുസ്തിതാരത്തിന്റെ ഒളിംപിക് മെഡല്‍ വരുന്നത്.
05ന് തോറ്റു നിന്നിടത്തുനിന്ന് പൊരുതി നേടിയതാണ് മെഡല്‍. എല്ലാ പോരാട്ടവീര്യവും അധികാര മുഷ്‌ക്കിന് മുമ്പില്‍ തോറ്റു. ഒളിംപിക്‌സിലെ വനിതകളുടെ നാലാമത്തെ മെഡലായിരുന്നു സാക്ഷിയുടേത്. നേരത്തെ ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിയും ബോക്‌സിങ്ങില്‍ മേരികോമും ബാഡ്മിന്റണില്‍ സൈനയും മാത്രമാണ് ഒളിംപിക് മെഡല്‍ നേടിയിരുന്നത്.
ബോക്‌സര്‍ വിജേന്ദ്രസിങ് പറഞ്ഞുവച്ചതാണ് ശരി. രാജ്യാന്തര രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമ പരാതിയുണ്ടായിട്ട് കുറ്റവാളികളെ രക്ഷിക്കുകയും പരാതിക്കാരെ ശിക്ഷിക്കുകയും ചെയ്യുന്ന ഭരണകൂടം എന്തു സന്ദേശമാണ് പുതിയ തലമുറക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത്. പ്രശസ്തരായ ഈ താരങ്ങള്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകും.
അന്തര്‍ദേശീയ തലത്തില്‍ കായിക മേഖലയില്‍ ഇന്ത്യക്ക് വലുതായൊന്നും അവകാശപ്പെടാനില്ല. വനിതകളുടെ സുരക്ഷയെ പറ്റിയുള്ള മന്‍കീബാത്തുകളെല്ലാം വാചാടോപമാണെന്ന് തെളിയിക്കുകയാണ് ബ്രിജ്ഭൂഷണിന്റെ കാര്യത്തില്‍ നരേന്ദ്രമോദി.
Content Highlights:save daughter
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."