കേരളത്തിനൊരു വാര്‍ഷികഇസ‌്ലാമോഫോബിയ റിപ്പോര്‍ട്ട്
ബാബുരാജ് ഭഗവതി, കെ.അഷ്റഫ്
അനുഭവങ്ങള്‍ ഒരു പരിധിവരെ വ്യക്തിനിഷ്ഠമാണ്. വസ്തുനിഷ്ഠമായ വിവരശേഖരണവും ക്രോഡീകരണവും വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ സാമൂഹ്യമായ അറിവായി പരിവര്‍ത്തിപ്പിക്കും. സാമൂഹ്യമായ അറിവ് ശാക്തീകരണത്തിന് സഹായിക്കും. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തിലും അത് ശരിയാണ്. വാര്‍ഷിക ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗവേഷകരും ആക്റ്റിവിസ്റ്റുകളും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തൊണ്ണൂറുകള്‍ മുതല്‍ തന്നെ ഇസ് ലാമോഫോബിയ വലിയൊരു ആഭ്യന്തര സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അക്കാദമിക രംഗത്തും നയരൂപീകരണ രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. 1997ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ച റെന്നിമെഡ് കമ്മിഷന്‍ റിപ്പോര്‍ട്ട് ഇസ് ലാമോഫോബിയ വിഷയമായുള്ള പ്രധാനപ്പെട്ട നയരൂപീകരണ രേഖയായി കണക്കാക്കപ്പെടുന്നു.
അതിനുശേഷം 2015 മുതല്‍ യൂറോപ്യന്‍ ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് എന്ന വാര്‍ഷിക കണക്കെടുപ്പ് ഫരീദ് ഹാഫിസ് അടക്കമുള്ള ഗവേഷകര്‍ ചേര്‍ന്നു പുറത്തിറക്കുന്നുണ്ട്. ഓരോ യൂറോപ്യന്‍ ഭരണകൂടങ്ങളുടെ കീഴിലും നടക്കുന്ന ഇസ് ലാമോഫോബിയയെ കുറിച്ചുള്ള അഞ്ഞൂറോളം പേജുള്ള വിവരണമാണിത്.
കേരളത്തിലും സമാനമായ നീക്കങ്ങള്‍ നടക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും നടക്കുന്ന സംഭവങ്ങളെയും ആഖ്യാനങ്ങളെയും പരിശോധിച്ച് അതില്‍ ഉള്ളടങ്ങിയിട്ടുള്ള ഇസ്‌ലാമോഫോബിയയുടെ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുന്നതിനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കണം. സംഭവങ്ങളോട് അപ്പോള്‍ പ്രതികരിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് സ്വാഭാവികമാണെങ്കിലും ഇസ് ലാമോഫോബിയയെന്ന സാമൂഹിക പ്രശ്നത്തെ വിലയിരുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപകാരപ്രദമാകില്ല.
നയരൂപീകരണങ്ങളിലും സാമൂഹിക-രാഷ്ട്രീയ പരിപാടികളിലും മാറ്റം വരുത്താന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുന്ന അന്വേഷണങ്ങള്‍ക്കൊണ്ടേ കഴിയൂ.
പഠനങ്ങളും പ്രതികരണങ്ങളും
അറിഞ്ഞിടത്തോളം മുജീബുറഹ്‌മാന്‍ കിനാലൂരിന്റെ 'ഇസ് ലാമോഫോബിയ: വംശവെറിയുടെ രാഷ്ട്രീയം' (2015 ) ആണ് ഈ വിഷയത്തില്‍ പുറത്തിറങ്ങിയ ആദ്യ സ്വതന്ത്ര രചന. വിവരണാത്മകമായ നിരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ പ്രത്യേകത. വി. ഹിക്മതുല്ല എഡിറ്റു ചെയ്ത 'ഇസ് ലാമോഫോബിയ: പ്രതിവിചാരങ്ങള്‍' (2016) ഒരു സംഘം ലേഖകരുടെ പഠനങ്ങളുടെ സമാഹാരമാണ്. ഇസ് ലാമോഫോബിയ പഠനങ്ങള്‍ ഉപയോഗിച്ചുള്ള ഗവേഷണ രീതിശാസ്ത്ര സ്വഭാവമുള്ളതും വിവരാണത്മകമായ നിരീക്ഷണങ്ങളും ഒരേ രീതിയില്‍ അണിനിരത്തിയ പഠനങ്ങളാണ് ഇതിലുള്ളത്.
കെ. അഷ്‌റഫിന്റെ 'ഇസ് ലാമോഫോബിയ: മലയാള ഭൂപട'ത്തില്‍ (2020) ഗവേഷണ പഠനങ്ങളുടെ രീതിശാസ്ത്രം ഉപയോഗപ്പെടുത്തിയെഴുതിയ ലേഖനങ്ങളാണ്. കെ. ദില്‍റുബ എഡിറ്ററായ 'തട്ടവും തിട്ടൂരങ്ങളും: ഇസ് ലാമോഫോബിയ കാലത്തെ ഹിജാബനുഭവങ്ങള്‍' (2023 ) ലിംഗവല്‍കൃത ഇസ് ലാമോഫോബിയയെ സവിശേഷമായി പരിശോധിച്ച് മുസ് ലിം സ്ത്രീ എഴുത്തിന്റെ രാഷ്ട്രീയം പങ്കുവയ്ക്കുന്നു. ഇസ് ലാമോഫോബിയ എന്ന ഉപതലക്കെട്ടില്‍ ചില പുസ്തകങ്ങളുണ്ടെങ്കിലും പലതിലും അതൊരു കേന്ദ്രപ്രമേയമല്ല. ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണങ്ങള്‍.
ശ്രദ്ധേയമായ അന്താരാഷ്ട്ര പഠനങ്ങളുടെ വിവര്‍ത്തനങ്ങളും ലഭ്യമാണ്. ദീപകുമാര്‍ എഴുതിയ 'ഇസ് ലാമോഫോബിയ ആൻഡ് ദ പൊളിറ്റിക്സ് ഓഫ് എംപയര്‍' കലീം എന്ന തൂലികാനാമത്തില്‍ പ്രൊഫ. കോയ വിവര്‍ത്തനം ചെയ്ത 'ഇസ് ലാമോഫോബിയ' (2016) എന്ന പേരില്‍ പുറത്തിറക്കിയത് ആദ്യത്തെ മലയാള വിവർത്തന സംരംഭമാണ്. ഹരീന്ദ്രനാഥ് വിവര്‍ത്തനം ചെയ്ത സിയാവുദ്ദീന്‍ സര്‍ദാറിന്റെ 'ഇസ് ലാമോഫോബിയ' (2018 ) അതേ പേരില്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. നഥാന്‍ ലീനിന്റെ 'ഇസ് ലാമോഫോബിയ ഇന്‍ഡസ്ട്രി' വി.ടി സന്തോഷ് കുമാറും ഇ.ജി രതീഷും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത 'ഇസ് ലാമോഫോബിയ ഇന്‍ഡസ്ട്രി: മുസ് ലിം വിരോധത്തിന്റെ വലതുപക്ഷ നിര്‍മിതി' (2020) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
ഇംഗ്ലിഷില്‍ ഇസ് ലാമോഫോബിയയെക്കുറിച്ചു പുറത്തിറങ്ങിയ പഠനങ്ങളുടെ ബാഹുല്യം നോക്കിയാല്‍ നാമിപ്പോഴും ശൈശവദശയിലാണ്. വിവര്‍ത്തനങ്ങളും സ്വതന്ത്രപഠനങ്ങളും ഇനിയും വികസിക്കാനുണ്ട്.
പുസ്തകങ്ങള്‍ക്കു പുറമേ നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളും മലയാളത്തിലുണ്ട്. ഇക്കാര്യത്തില്‍ മുസ് ലിം എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും മുസ് ലിം സംഘടനാ പ്രസിദ്ധീകരണങ്ങളും തന്നെയാണ് മുന്നില്‍. ഇസ്‌ലാമോഫോബിയയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റ് വിഭാഗങ്ങളും സജീവമാണ്. ദലിത് പിന്നോക്ക രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിമത ഇടതുപക്ഷ പ്രവര്‍ത്തകര്‍, ഫെമിനിസ്റ്റുകള്‍, വൈ.ടി വിനയരാജ് അടക്കമുള്ള ക്രൈസ്തവ ദൈവശാസ്ത്രജ്ഞര്‍ തുടങ്ങിയവരും ശ്രദ്ധേയമായ ലേഖനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇസ് ലാമോഫോബിയക്കു കാരണം മുസ് ലിംകളുടെ പ്രവര്‍ത്തനമല്ല
മറിച്ച് ഇസ്‌ലാമോഫോബിയ മാത്രമാണെന്ന തിരിച്ചറിവ് വികസിക്കുന്നതിന്റെ ഭാഗമാണിത്. സുദേഷ് എം. രഘുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട 'കേരള നെറ്റ്‌വര്‍ക്ക് അഗൈന്‍സ്റ്റ് ഇസ് ലാമോഫോബിയ' ഇസ് ലാമോഫോബിയക്കെതിരേ ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ബിനോജ് നായരുടെ യൂട്യൂബ് ചാനലായ 'അപ്രിയ സത്യങ്ങള്‍' ഇസ് ലാമോഫോബിയയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നു. പ്രതീഷ്. ബി, ഡോ. സി.കെ വിശ്വനാഥന്‍ തുടങ്ങിയവര്‍ യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ രൂപംകൊണ്ടിട്ടുള്ള ഇസ് ലാമോഫോബിയയെ പരിശോധിച്ച് നടത്തിയ പ്രഭാഷണങ്ങള്‍ വലിയാരു ഇടപെടലായിരുന്നു.
കേരളത്തിലെ ഇസ് ലാമോഫോബിയക്ക് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പൊതുവായി പറയുന്നത്. ഒപ്പം ദേശീയമായ സവിശേഷതകളുമുണ്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ മാത്രം നിലനില്‍ക്കുന്ന മുന്‍വിധികളും വിവേചനങ്ങളുമാണ് മറ്റൊരു പ്രത്യേകത. ഇവയൊക്കെ വേര്‍തിരിച്ചുള്ള വിശകലനങ്ങളും റിപ്പോര്‍ട്ടുകളും ഇനിയും പുറത്തിറങ്ങേണ്ടതുണ്ട്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
ഇസ് ലാമോഫോബിയയോടുള്ള നിലപാടുകള്‍ കേവല പ്രതികരണമോ പ്രതിഷേധമോ ആയി മാത്രം ചുരുങ്ങാതെ അറിവായും വിജ്ഞാനമായും മാറാന്‍ ഉതകുന്ന ഇടപെടലുണ്ടാവണം. അതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഡാറ്റകളുടെ സഞ്ചയം നിര്‍മിക്കണം. ഇസ് ലാമോഫോബിയ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കുന്ന സംവിധാനത്തിന് ഇത് സാധിക്കും. ഇക്കാര്യത്തില്‍ വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മുന്‍കൈ എടുക്കാവുന്നതാണ്. റിപ്പോര്‍ട്ടുകള്‍ തയാറാക്കുമ്പോള്‍ ചില തിരിച്ചറിവുകള്‍ പ്രധാനമാണ്.
1. കേരളത്തില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും മാധ്യമങ്ങളിലൂടെയും മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്. സംഘ്പരിവാറിന്റെ ഇസ് ലാമോഫോബിയ വ്യത്യസ്തമായി തന്നെ പഠിക്കുകയും വിലയിരുത്തുകയും വേണം. ഫാഷിസവും ഇസ് ലാമോഫോബിയയും തമ്മിലുള്ള ബന്ധവും പരിശോധിക്കപ്പെടണം.
2. സംഘ്പരിവാര്‍ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായവരും ഇസ് ലാമോഫോബിയയില്‍ അധിഷ്ഠിതമായ നിലപാടുകളും സമീപനങ്ങളും പുലര്‍ത്തുന്നു. പാര്‍ട്ടിനയം എന്നതിലുപരി അടവു നയമെന്ന രീതിയിലാണ് ഇത്. സംഘ്പരിവാറില്‍ നിന്നു വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ട പ്രശ്നമാണിത്.
3. ഇസ് ലാമോഫോബിയയുടെ വ്യാപനത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാള്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. മാധ്യമ ഇസ് ലാമോഫോബിയ വേറിട്ട് വിലയിരുത്തണം.
4. ദേശീയത, മതേതരത്വം, ജാതി, ലിംഗ പ്രശ്നങ്ങള്‍, സമുദായം, സാമ്പത്തികം, സംസ്കാരം, സാഹിത്യം, സിനിമ തുടങ്ങി കേരളീയ രാഷ്ട്രീയത്തിന്റെ ചലനനിയമങ്ങളെ രൂപപ്പെടുത്തുന്ന പൊതുപ്രശ്നങ്ങള്‍ക്കുള്ളിൽ പ്രവർത്തിക്കുന്ന ഇസ് ലാമോഫോബിയ വേറിട്ടുതന്നെ പരിഗണിക്കണം. ഇതൊക്കെ മുന്‍നിർത്തിയുള്ള ചര്‍ച്ചകളും ക്രോഡീകരിക്കണം.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു വാര്‍ഷിക ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് എന്ന സംവിധാനം രൂപപ്പെടുത്തുന്നത് കേരളത്തിലുള്ള ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തും. അതോടൊപ്പം അറിഞ്ഞോ അറിയാതെയോ ഇസ് ലാമോഫോബിയയുടെ ആഖ്യാനങ്ങളും മാതൃകകളും രീതിശാസ്ത്രവും സ്വീകരിക്കുന്ന മാധ്യമങ്ങള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ബോധവൽക്കരിക്കാനും പരിഷ്‌കരിക്കാനും സാധിച്ചേക്കും.
(ബാബുരാജ് ഭഗവതി: സ്വതന്ത്ര
മാധ്യമപ്രവർത്തകനും ഗവേഷകനും ആണ്. കെ. അഷ്റഫ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെല്ലോയും ഇംഗ്ലണ്ടിലെ വാർവിക്ക് യൂനിവേഴ്സിറ്റിയിൽ അധ്യാപകനുമാണ്)
Content Highlights:An annual Islamophobia report for Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."