സി.എ.ജിയും നിശബ്ദമാക്കപ്പെടുന്നു
മോദി ഭരണത്തിനു കീഴിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനുകൂടി കാലിടറുകയാണ്. ഇത്തവണ നിശബ്ദമാക്കപ്പെടുന്നത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി) എന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. കേന്ദ്ര സർക്കാരിന്റെ ദ്വാരക എക്സ്‌പ്രസ് ഹൈവേ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളിലെ അഴിമതികൾ ചൂണ്ടിക്കാണിച്ച് 12 സി.എ.ജി റിപ്പോർട്ടുകളാണ് പാർലമെന്റിന്റെ കഴിഞ്ഞ പ്രത്യേക സമ്മേളനത്തിൽ മേശപ്പുറത്തു വച്ചത്. ഈ റിപ്പോർട്ടുകളിലെല്ലാം കേന്ദ്രസർക്കാരിന്റെ പല മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനത്തിലെ അഴിമതിയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പ്രസ്തുത റിപ്പോർട്ടുകൾ പുറത്തുവന്നതിനുശേഷം പുതിയ സി.എ.ജി റിപ്പോർട്ടുകളൊന്നും തയാറാക്കേണ്ടതില്ല എന്ന തിട്ടൂരം ഉന്നതങ്ങളിൽനിന്നും ഉണ്ടായി. അഴിമതികൾ പുറത്തുകൊണ്ടുവന്ന മൂന്നു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിട്ടും സി.എ.ജിയുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാകാത്തത് മാറുന്ന മനോഭാവത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയാണ് ദേശീയ, സംസ്ഥാന ഗവൺമെന്റുകളുടെ ചെലവുകളുടെ ബാഹ്യവും ആന്തരികവുമായ ഓഡിറ്റിന് ഉത്തരവാദിയായ പരമോന്നത അതോറിറ്റി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148, 149, 150, 151 എന്നിവ സി.എ.ജിയുടെ പ്രവർത്തനങ്ങളും അധികാരങ്ങളും വിവരിക്കുന്നു. ഇന്ത്യയിൽ പ്രസിഡൻ്റ് നേരിട്ട് നിയമിക്കുന്ന ചുരുക്കം ചില ഓഫിസുകളിൽ ഒന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.
1971ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (ഡ്യൂട്ടീസ്, പവേഴ്‌സ് ആൻഡ് കൺഡിഷൻസ് ഓഫ് സർവിസ്) ആക്ടിൽ ഓഡിറ്റുകളെ സംബന്ധിച്ച സി.എ.ജിയുടെ അധികാരങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. യൂനിയന്റെയും സംസ്ഥാനങ്ങളുടെയും വരുമാനത്തിൽ നിന്നുള്ള എല്ലാ ചെലവുകളും ഓഡിറ്റ് ചെയ്യുക എന്നതാണ് സി.എ.ജിയുടെ പ്രധാന ദൗത്യം. സാമ്പത്തിക ക്രമക്കേടുകൾ, നഷ്‌ടങ്ങൾ, തട്ടിപ്പുകൾ, പാഴ്‌ചെലവുകൾ, ചെലവുകൾ, സമ്പാദ്യം തുടങ്ങിയവയുടെ ബജറ്റ് നിയന്ത്രണത്തിന്റെ കൃത്യത, തുടങ്ങിയവ ഉൾപ്പെടുന്ന കേസുകളുടെ വിവരണം സി.എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കടമ മറക്കുന്ന സി.എ.ജി
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുതിയ സി.എ.ജി റിപ്പോർട്ടുകളൊന്നും പുറത്തുവരാതിരിക്കുക എന്ന തന്ത്രം കേന്ദ്ര സർക്കാർ സ്വീകരിക്കുകയാണ്. അഴിമതികൾ പുറത്തായതോടെ റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ മാറ്റുകയായിരുന്നു കേന്ദ്രസർക്കാർ ആദ്യം ചെയ്തത്. ഇപ്പോൾ ഓഡിറ്റിങ് തന്നെ വേണ്ടെന്ന് പറയുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ബന്ധപ്പെട്ട എല്ലാ ഓഡിറ്റുകളും നിർത്തിവയ്ക്കാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കഴിഞ്ഞ സെപ്റ്റംബർ 26ന് നിർദേശം നൽകിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
മുകളിൽ നിന്നുള്ള ഉത്തരവ് വിശദമായി നൽകാതെ ഓഡിറ്റ് നിർത്തിവയ്ക്കണമെന്ന വിവരം ഫീൽഡിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുതിർന്ന ഓഫിസർമാർ കൈമാറുകയായിരുന്നു. സർക്കാരിന് പലതും മറച്ചുവയ്ക്കാനുണ്ടെന്നാണ് ഓഡിറ്റ് നിർത്തിവയ്ക്കാനുള്ള നിർദേശത്തിൽ നിന്ന് വ്യക്തമാകുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതിൽ സർക്കാർ എന്തിനാണ് ഭയപ്പെടുന്നത് ? അഴിമതിരഹിത ഭരണമെന്ന മോദിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. സി.എ.ജി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടെന്ന് ഒരു സർക്കാർ പറയുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണമാണ്.
മോദി സർക്കാർ നിലവിൽവന്നശേഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നരീതിയിൽ സി.എ.ജി റിപ്പോർട്ടുകൾ കാര്യമായി വന്നിരുന്നില്ല. 2015ൽ പാർലമെന്റിൽ 55 റിപ്പോർട്ടുകൾ സമർപ്പിച്ചപ്പോൾ 2020ൽ എത്തുമ്പോഴേക്കും റിപ്പോർട്ടുകൾ 14 എണ്ണത്തിലേക്ക് ചുരുങ്ങി. 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ ശരാശരി 40 റിപ്പോർട്ടുകൾ പാർലമെന്റിൽ വച്ചിരുന്നു എങ്കിൽ 2023ൽ അത് 18 ആയി കുറഞ്ഞു. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഏറ്റവും കുറവ് സി.എ.ജി റിപ്പോർട്ടുകൾ പാർലമെന്റിനു മുന്നിൽ വന്നത് 2023 ലാണ്. രണ്ടാം മോദി ഭരണത്തിൽ റിപ്പോർട്ടുകൾ ക്രമാനുഗതമായി കുറയുകയായിരുന്നു എന്ന് കണക്കുകളിൽ കാണാം.
ഈ വർഷം ഏപ്രിൽ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറത്തു വന്ന റിപ്പാർട്ടുകൾ ഇതുവരെ പാർലമെന്റിന് മുന്നിൽ എത്തിയിട്ടില്ല. മിക്ക വകുപ്പുകളുടെയും അവസ്ഥ ഇതാണ്. ഉദാഹരണത്തിന് റെയിൽവേയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ എണ്ണം കേവലം 14 മാത്രം. എന്നാൽ അതിനു മുൻപുള്ള അഞ്ചു വർഷങ്ങളിൽ സഭക്ക് മുന്നിൽ വന്നത് 27 എണ്ണമായിരുന്നു.
റിപ്പോർട്ടുകളുടെ എണ്ണത്തിലുള്ള കുറവ് കണക്കുകളിൽ വ്യക്തമാണല്ലോ. സി.എ.ജി ഒപ്പുവച്ചിട്ടു വേണം റിപ്പോർട്ടുകൾ പാർലമെന്റിൽ വയ്ക്കാൻ. നിലവിലുള്ള സി.എ.ജി ഗിരീഷ് ചന്ദ്ര മുർമു 1985 ഗുജറാത്ത് കേഡറിലുള്ള ഐ.എ.എസ് ഓഫിസറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്ത ബന്ധമുള്ള അദ്ദേഹം സി.എ.ജി ആകുന്നതിനു മുമ്പ് ജമ്മു കശ്മിരിലെ (കേന്ദ്രഭരണ പ്രദേശമായ ശേഷം) ആദ്യത്തെ ലഫ്റ്റനന്റ് ഗവർണറായിരുന്നു. പാവപ്പെട്ടവർക്ക് പാചകവാതകം സൗജന്യമായി നൽകുന്ന പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജന, ദേശീയപാത നിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികളെക്കുറിച്ച് നിലവിൽ സി.എ.ജി അന്വേഷിച്ചുവരികയാണ്. ഇവയുടെയെല്ലാം അന്വേഷണം കേന്ദ്രസർക്കാരിന്റെ ഇടപെടലുകളെത്തുടർന്ന് മരവിക്കപ്പെട്ടിരിക്കുന്നു.
അഴിമതിയിൽ മുങ്ങിക്കുളിച്ച്
കേന്ദ്ര പദ്ധതികൾ
ദ്വാരക എക്സ്‌പ്രസ് ഹൈവേ, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്രസർക്കാരിന്റെ പദ്ധതികളിലെ അഴിമതി സി.എ.ജി റിപ്പോർട്ടുകളിലൂടെ പുറത്തുവന്നതിന് ശേഷമാണ് സി.എ.ജിയെ നിശബ്ദമാക്കാൻ ശ്രമങ്ങൾ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഭാരത് മാല പദ്ധതിയുടെ ഭാഗമായി ഹരിയാനയിലെ ഗുരുഗ്രാമിനും ഡൽഹിക്കും ഇടയിൽ 14 വരി ദേശീയപാത നിർമിക്കുന്നതാണ് ഡൽഹി- ദ്വാരക എക്‌സ്പ്രസ് വേ പദ്ധതി. ഇതിന് അമിതമായി പണം ചെലവാക്കിയെന്നാണ് സി.എ.ജിയുടെ പ്രധാന കണ്ടെത്തൽ. ഹരിയാന ഭാഗത്ത് കിലോമീറ്ററിന് 18.20 കോടി രൂപയായിരുന്നു നിർമാണച്ചെലവായി നിശ്ചയിച്ചിരുന്നത്. ഇത് 250.77 കോടിയായി ഉയർത്തി. ഡൽഹി-വഡോദര എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് 32,839 കോടി രൂപയുടെ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയത് വഴിവിട്ടാണെന്നും റിപ്പോർട്ടിലുണ്ട്.
പദ്ധതിക്ക് ഭാരത് മാല പരിയോജന ഘട്ടം ഒന്നിൽ ഉൾപ്പെടുത്തി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതി അനുമതി നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന-ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്ന 28 സംസ്ഥാനങ്ങളിലെ 161 ജില്ലകളിലുള്ള 964 ആശുപത്രികൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് തീർപ്പാക്കലുകളിൽ 2.25 ലക്ഷം കേസുകളിൽ വൻ അഴിമതിയുണ്ടെന്നും കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. 57,626.20 കോടി രൂപ അനുവദിച്ച ബജറ്റിനേക്കാൾ 7,778.43 കോടി രൂപ റെയിൽവേ അധികച്ചെലവ് വരുത്തിയതായി 'യൂനിയൻ ഗവൺമെന്റ് റെയിൽവേ ഫിനാൻസ്' സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
2020-21ൽ 2775 കേസുകളിലായി 9127.97 കോടിയും 2021-22 വർഷത്തിൽ 1937 കേസുകളിലായി 23,885.47 കോടിയും കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതിയില്ലാതെ ചെലവാക്കിയെന്ന് റിപ്പോർട്ട് പറയുന്നു.
ഉഡാൻ പദ്ധതിയുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തെയും സി.എ.ജി പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ടൂറിസം മന്ത്രാലയം നടപ്പാക്കിയ സ്വദേശ് ദർശൻ പദ്ധതിയുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 500 കോടി രൂപ പ്രാരംഭ അടങ്കലിൽ ആരംഭിച്ച പദ്ധതിയിൽ മന്ത്രാലയം പദ്ധതികൾ തുടർന്നും അനുവദിച്ചുവന്നും അനുവദിച്ച തുക 2016-17 ആയപ്പോഴേക്കും 4,000 കോടി കവിഞ്ഞെന്നും പറയുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോധികർക്കും വിധവകൾക്കും വികലാംഗർക്കും അടിസ്ഥാന സാമ്പത്തിക സഹായം നൽകുന്ന ദേശീയ സാമൂഹിക സഹായ പദ്ധതിയിൽ നിന്നും ഗ്രാമീണ വികസന മന്ത്രാലയം 57.45 കോടി രൂപ വകമാറ്റിയെന്നും സി.എ.ജി റിപ്പോർട്ടുണ്ട്. അഴിമതിയില്ലാത്ത ഭരണം എന്ന് ഉയർത്തിക്കാട്ടുന്നതിനിടയിൽ പുറത്തുവന്ന ഇത്തരം റിപ്പോർട്ടുകൾ മോദി സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
സി.എ.ജിയുടെ റിപ്പോർട്ടുകൾ എന്തുകൊണ്ട് പാർലമെന്റിനു മുന്നിൽ വരുന്നത് തടയപ്പെടുന്നതിലെ കാര്യം ഇപ്പോൾ വ്യക്തമാണ്. സർക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് സി.എ.ജി കണ്ടെത്തിയ അഴിമതികളിൽ പലതിലും പ്രധാനമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതാണ്. അതിന് തയാറല്ലാത്ത മോദി ഭരണകൂടം സി.എ.ജിയെത്തന്നെ നിശബ്ദമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."