എടുക്കലിനും മുകളിലാണ ് കൊടുക്കല്‍
ഉൾക്കാഴ്ച
മുഹമ്മദ്
വീട്ടുവളപ്പില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മാവിനു വയസ് മുപ്പത്. അതുവരെ അതില്‍ മാങ്ങയുണ്ടായിട്ടില്ല. മാങ്ങ തരാത്ത മാവിനെ ഇനിയും എന്തിനു പോറ്റിനടക്കണമെന്നാണ് അച്ഛന്‍ ചോദിച്ചത്. അതിനെ വെട്ടിമാറ്റാന്‍ പലപ്പോഴും ആലോചിച്ചതാണ്. പക്ഷേ, തൊട്ടടുത്ത മാസം അതു പൂത്തു. അതോടെ വെട്ടിമാറ്റാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്തു.
വാങ്ങുന്നതിനല്ല, കൊടുക്കുന്നതിനാണ് വിലയും മൂല്യവും. ഒന്നുകില്‍ പഴങ്ങള്‍ നല്‍കണം. അല്ലെങ്കില്‍ കാതലുള്ള തടികള്‍ നല്‍കണം. അതുമല്ലെങ്കില്‍ തണലേകുകയോ മനസിനു ഹരം നല്‍കുന്ന വര്‍ണക്കാഴ്ചകള്‍ സമ്മാനിക്കുകയോ വേണം. ഒരുപകാരത്തിനുമില്ലാത്ത വൃക്ഷത്തെ ആരും വളരാനനുവദിക്കില്ല.
മാനത്തേക്ക് കണ്ണയച്ചാല്‍ മേഘങ്ങളനേകം കാണാം. അതില്‍ മഴ നല്‍കുന്ന കാര്‍മേഘത്തെയാണ് ആളുകള്‍ ഇഷ്ടപ്പെടുക. വെള്ളം അനേകമുണ്ട്. അതില്‍ ദാഹശമനം നല്‍കുന്ന ശുദ്ധ ജലത്തിനാണു വിലയുള്ളത്. എണ്ണിയാല്‍ തീരാത്തത്ര മനുഷ്യര്‍ ലോകത്തുണ്ട്. അവരില്‍ മറ്റുള്ളവര്‍ക്കു കൂടുതല്‍ ഉപകാരിയാരോ അവര്‍ക്കാണ് വിലയും നിലയും.
കൊടുക്കുന്നവരെ സമൂഹം ഏറ്റെടുക്കും. വാങ്ങാന്‍ മാത്രം നടക്കുന്നവരില്‍നിന്ന് സമൂഹം വിട്ടുനില്‍ക്കും. ഉദാരമതിയെ ആളുകള്‍ തേടിപ്പോകും. യാചകരില്‍നിന്ന് ആളുകള്‍ മാറിനടക്കും.
നിങ്ങളൊരാളുടെ കൈയില്‍ വല്ലതും വച്ചുകൊടുക്കുമ്പോള്‍, കൊടുക്കുന്ന നിങ്ങളുടെ കൈ മേലെയും വാങ്ങുന്നയാളുടെ കൈ താഴെയുമാണിരിക്കുക. അതു നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നതല്ല, സ്വമേധയാ സംഭവിക്കുകയാണ്. പ്രകൃതിപോലും ദാതാവിനെയാണ് മേലെ നിര്‍ത്തുന്നതെന്നര്‍ഥം. അതുകൊണ്ടാണ് ഉയര്‍ന്ന കൈകളാണ് താഴ്ന്ന കൈകളേക്കാള്‍ ഉത്തമം എന്നു പറഞ്ഞത്.
കൊടുക്കലും വാങ്ങലും ജീവിതത്തിന്റെ ഭാഗമാണെങ്കിലും കൊടുക്കലാണ് ജീവിതത്തെ ശ്രേഷ്ഠമാക്കുന്നത്. പ്രകൃതിയിലുള്ളതെല്ലാം വാങ്ങുന്നതിനേക്കാള്‍ കൊടുക്കുകയാണു ചെയ്യുന്നത്. സസ്യങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നു. കൃഷിക്കു നല്‍കിയ വളവും കൃഷി നല്‍കിയ ഫലവും താരതമ്യം ചെയ്താല്‍ ഫലമായിരിക്കും കൂടുതല്‍. ഒരു വിത്തു വിതയ്ക്കുമ്പോള്‍ ഒരായിരം വിത്തുകളാണ് തിരികെ ലഭിക്കുന്നത്.
അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനതയല്ല, ഉത്തരവാദിത്വ നിര്‍വഹണത്തിനായി ജീവത്യാഗം ചെയ്യാന്‍ തയാറാകുന്ന ജനതയാണ് ഉത്തമജനത. മുന്‍ഗാമികള്‍ രാജ്യത്തിനുവേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്നു ചിന്തിച്ചു. പിന്‍ഗാമികള്‍ രാജ്യത്തുനിന്ന് എന്തൊക്കെ കിട്ടാനുണ്ടെന്നു ചിന്തിച്ചുനടക്കുന്നു!
അയാളെക്കൊണ്ട് ഒരുപകാരവുമില്ലെന്നു പറയുന്നവര്‍ അനേകം. അയാള്‍ക്ക് എന്തു ചെയ്തുകൊടുക്കാന്‍ കഴിയുമെന്നു ചിന്തിക്കുന്നവര്‍ അപൂര്‍വം. അതെനിക്കു വേണം എന്നു പറയാന്‍ വല്ലാത്ത തിടുക്കം. ഇതു നീയെടുത്തോ എന്നു പറയാനുള്ള മിടുക്ക് തുച്ഛം. ജോലി അന്വേഷിക്കുമ്പോള്‍ എത്രയാണ് ശമ്പളം എന്ന ചോദ്യത്തിനാണ് മുന്‍ഗണന. എന്തൊക്കെയാണു ചെയ്യേണ്ടത് എന്ന ചോദ്യത്തിനു പിന്‍ഗണന.
കൊടുക്കുന്നവര്‍ എന്നും കൊടുക്കുന്നവരും വാങ്ങുന്നവര്‍ എന്നും വാങ്ങുന്നവരുമായി നില്‍ക്കുന്നതാണ് പൊതുകാഴ്ച. കൊടുക്കുന്നവര്‍ എത്ര കൊടുത്താലും അവരുടെ കൈയിലുള്ളതു കാലിയാകാറില്ല. വാങ്ങുന്നവര്‍ എത്ര വാങ്ങിയാലും അവരുടെ കൈ നിറയാറുമില്ല. അവര്‍ എത്ര വാങ്ങിയാലും അവരുടെ കൈയിലുള്ളതിനെക്കാള്‍ കൂടുതല്‍ കൊടുക്കുന്നവരുടെ കൈയിലാണുണ്ടാവുക. കാരണം, കൊടുക്കുന്നവരുടെ കൈകളിലേക്കാണ് പടച്ചോന്‍ പണം വിതറുക.
പടച്ചോന്റെ ഖജനാവ് തുറന്നുകിട്ടാനുള്ള ചാവികൂടിയായി ദാനത്തെ കാണാം. ആ ചാവിയുപയോഗിക്കുമ്പോള്‍ വാനലോകത്തുനിന്ന് വിഭവങ്ങള്‍ അദൃശ്യമായ രീതിയില്‍ ഇറങ്ങിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ദാനം ധനത്തെ വര്‍ധിപ്പിക്കുകയല്ലാതെ കുറയ്ക്കില്ലെന്നു പറഞ്ഞത്.
കോരുന്ന കിണറ്റിലാണല്ലോ ശുദ്ധജലം കാണുക. അതിലാണു ഉറവെടുപ്പും കൂടുതലുണ്ടാവുക. ഉപയോഗശൂന്യമായ കിണറില്‍ വെള്ളം മലിനമായി കിടക്കുന്നുണ്ടാകും. ഉറവെടുപ്പും ദുര്‍ബലമായിരിക്കും. ഒഴുക്കുള്ള പുഴയിലേക്കാണ് ആളുകളെത്തുക. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങാന്‍ പലരും മടിക്കും. കാരണം, കൊതുകുകളുടെയും വിഷജന്തുക്കളുടെയും ആവാസകേന്ദ്രമായിരിക്കുമത്.
വാങ്ങിയതു വാങ്ങിയവന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടേക്കും. മോഷ്ടാക്കള്‍ അടിച്ചുമാറ്റിയേക്കാം. പ്രകൃതിദുരന്തങ്ങള്‍ കവര്‍ന്നെടുത്തേക്കും. എന്നാല്‍, മനസറിഞ്ഞു കൊടുത്തത് ഒരിക്കലും നഷ്ടപ്പെടില്ല. അതൊരു നിക്ഷേപമായി ദൈവസമക്ഷം നിലനില്‍ക്കും. അതിനെ മോഷ്ടിക്കാനോ അടിച്ചുമാറ്റാനോ കവരാനോ കഴിയില്ലതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."