വെളിച്ചത്തിന്റെ തടവറ
ഹംസ ഏലാന്തി
ഇരുട്ടിന്റെ കോട്ടകള്‍ക്കുള്ളിലും സമയത്തിന്റെ പാകപ്പെടലും നോക്കി അഗോചരമായ ചെറുസുഷിരങ്ങള്‍ കണ്ടുവച്ചിട്ടുണ്ടാകും തടവിലാക്കപ്പെട്ട പ്രകാശം. വിത്തിന്റെ പുറംതോട് പൊട്ടിച്ചൊരിക്കല്‍ പുറത്തേക്ക് നാമ്പുനീട്ടാന്‍ വെമ്പുന്ന ചെറുമുകുളം പോലത് ഒളിയിടങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാകണം. തീരെ ദുര്‍ബലമായൊരു വല നെയ്തുകൊണ്ടിരിക്കുമ്പോഴും ഇരയുടെ ആകാരമോ ശത്രുവിന്റെ വലുപ്പമോ ഓര്‍ത്ത് ആകുലപ്പെടാറില്ലാത്ത ചിലന്തിയില്‍ നിന്നതൊരു പാഠം പഠിച്ചെടുക്കുന്നുണ്ടാകും.
ഭീമന്‍ ധാന്യമണികളും പേറി ദുര്‍ഘടപാതകള്‍ പിന്നിടുമ്പോഴും മുതുകിലെ ഭാരമോ താണ്ടാനുള്ള ദൂരമോ ഭയന്ന് ദൗത്യത്തില്‍നിന്ന് പിന്തിരിയാറില്ലാത്ത ഉറുമ്പുകളുടെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നത് മാതൃക തിരയുന്നുണ്ടാകും.
അശാന്തമായ ഇന്നലെകളുടെ ചോരത്തെരുവുകളില്‍ പച്ചപ്പിന്റെ കൊടുംകാടിനെ പുനര്‍ജനിപ്പിക്കാന്‍ കരുത്തുള്ള മാനവഭാഷ വശമുള്ളവരെയത് പ്രതീക്ഷയോടെ ചെവിയോര്‍ക്കുന്നുണ്ടാകും.
ഭൂഖണ്ഡങ്ങള്‍ക്കുമേല്‍ ഗര്‍വോടെ അടയിരുന്ന കഴുകന്‍മാരൊക്കെയും കാലത്തിന്റെ കുഴിമാടങ്ങളില്‍ ഇരകളുടെ ശാപം പുതച്ചുറങ്ങുമ്പോള്‍, പ്രകാശത്തിനെത്ര നാളാണിങ്ങനെ മറ്റൊരിരുണ്ട യുഗത്തിന്റെ തടവറയില്‍ ഒളിഞ്ഞിരിക്കാനാവുക?!
വീണ്ടുമൊരു മിശിഹയെ വൃഥാ കാത്തിരിക്കുമ്പോഴല്ല, കര്‍മപഥങ്ങള്‍ തിരിച്ചറിഞ്ഞ് മിശിഹമാരായി സ്വയം മാറുന്നതിന്റെ ആരവങ്ങള്‍ വാനിലുയര്‍ന്നു കേള്‍ക്കുമ്പോഴാണ് ഇരുട്ടിന്റെ പെരുങ്കോട്ടകള്‍ ഭേദിച്ച് തടവിലാക്കപ്പെട്ട പ്രകാശത്തിനു ശാന്തിയുടെ ചക്രവാളങ്ങളിലേക്ക് പറക്കാനുള്ള ചിറകുകള്‍ മുളയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."