മഹ്മൂദ് ദാർവിഷ്,നിന്നെയോർക്കുമ്പോൾ
നസ്രേത്തിൽ ജോസ് വർഗ്ഗീസ്
പ്രിയപ്പെട്ട അരിസ്റ്റോട്ടിൽ,
താങ്കളുടെ തീൻമേശയിലെ
ഒരു പങ്കെനിക്കുകൂടി തരൂ,
ഞാനും ചീവീടുകളെ ഭക്ഷിക്കട്ടെ
എനിക്കുമൊന്നു പുനർജ്ജനിക്കണം
ചാവുകടലിനെതിരേയൊഴുകാൻ!
വെടിയുണ്ടകളേറ്റു രക്തമൊലിക്കുന്ന
ആകാശത്ത്ഒരത്ഭുതനക്ഷത്രം
കാണുംവരെയും ഒഴുകാൻ!
യൂനോമോസിൻ്റെ തന്ത്രികളോടിഴ-
ചേർന്നുപാടിയ ചീവിടേ, നീയെവിടെ?
ഇവിടെ ഗസ്സയിൽ തന്ത്രികൾ പൊട്ടിച്ചു
ചോരവാർന്നു പിടഞ്ഞുമരിക്കുന്നു
ഇനിയും പാടാത്ത കുഞ്ഞുസിത്താറുകൾ!
കണ്ണടക്കാനറിയത്ത പാവകൾക്കറിയില്ലല്ലോ
കൂടെക്കളിച്ചവരിനി കണ്ണുതുറക്കില്ലെന്ന്!
അക്ഷര പിതാവേ മഹ്മൂദ് ദാർവിഷ്,
താങ്കളുടെ ഉറ്റബന്ധുക്കളായ
പ്രവാചകന്മാരോടൊന്നു ചോദിക്കൂ
തുറന്ന ട്രക്കിൽനിന്ന് ഉരുണ്ടുവീണ
തുളകൾവീണ പിതാവിന്റെ മൃതദേഹം
എടുത്തിടുന്ന മകന്റെ കണ്ണുകളിലേക്ക്
തുറിച്ചുനോക്കുന്ന സ്വപ്നങ്ങൾ
മരിക്കാത്ത ആ കണ്ണുകൾക്കു
പറയാനുള്ളതെന്താണെന്ന്?
ഇവിടെ ചാവുകടലിൻ്റെ വേലിയേറ്റമാണ്!
ഭൂമികറങ്ങി വേലിയിറക്കം വരുംവരെ ഈ
പാതിജീവനുകൾ പിടയുന്നുണ്ടാകുമോ?
ഇതിൽ വലയെറിയുന്നവരുടെ ലാഭം
അഭയർഥികളോ അംഗമറ്റ കബന്ധങ്ങളോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."