HOME
DETAILS
MAL
മഴ: കേരളം അപകടത്തിലോ?
backup
October 18 2021 | 04:10 AM
മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് സംസ്ഥാനം. കാലം തെറ്റിയുള്ളതാണെന്ന് കഴിഞ്ഞ ദിവസം പെയ്ത മഴയെ വിശേഷിപ്പിക്കപ്പെട്ടു. നിരവധി പേരാണ് മരിച്ചത്. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. ഇത്തരം ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കാലം തെറ്റിയ മഴ എന്ന് വിശേഷിപ്പിക്കുന്നതിലുപരി മനുഷ്യര്‍ കാലത്തെ തെറ്റിച്ചതുകൊണ്ടുള്ള തീവ്രമഴ എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. മനുഷ്യര്‍ മണ്ണിനടിയില്‍ അപ്രത്യക്ഷരാകുന്നു. വീടുകളും വാഹനങ്ങളും ഒലിച്ചുപോകുന്നു. നൂറ്റാണ്ടിലൊരിക്കലോ അമ്പത് വര്‍ഷം കൂടുമ്പോഴോ ഉണ്ടായിരുന്ന പ്രളയം ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളകള്‍ പോലുമില്ലാതെ നാടിനെ മുക്കുകയാണ്.
2018 ഓഗസ്റ്റിലാണ് തെക്കന്‍ കേരളത്തെ ജലത്തില്‍ മുക്കിയ പ്രളയം ഉണ്ടായത്. 2019ലും അതാവര്‍ത്തിച്ചു. മുമ്പുണ്ടായ പ്രളയക്കെടുതികളില്‍ ഇരയായവര്‍ ഇപ്പോഴും കരകയറിയിട്ടില്ല. ഇടവേളകളില്‍ ഉണ്ടാകുന്ന ഇത്തരം കഠിന മഴകള്‍ നമ്മുടെ ജീവിതതാളമാണ് തെറ്റിക്കുന്നത്. 2018 ലെ പ്രളയം ഒരു പാഠമായി കണക്കിലെടുത്ത് വരുംകാലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളിലും വീട് നിര്‍മാണങ്ങളിലും കാതലായ മാറ്റംവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അന്നത്തെ പ്രളയ ജലത്തോടൊപ്പം ഒഴുകിപ്പോയി.
പടിഞ്ഞാറന്‍ നാടുകളില്‍ ചൂടുകാറ്റും കാട്ടുതീയും വരള്‍ച്ചയുമാണ് ദുരന്തം വിതയ്ക്കുന്നതെങ്കില്‍ കടലിലേക്ക് തൂങ്ങിക്കിടക്കുന്ന കൊച്ചു കേരളം പ്രളയങ്ങളാലാണ് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കടലില്‍ അലിഞ്ഞുചേര്‍ന്നേക്കുമോ ഈ കൊച്ചു സംസ്ഥാനം എന്ന് വരെ ഭയക്കേണ്ട ഒരവസ്ഥയാണിപ്പോഴുള്ളത്. വര്‍ഷം കഴിയുന്തോറും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പ്രവചനാതീതമാവുകയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് 2018 ലും 2019 ലും ഇപ്പോള്‍ 2021 ലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശൈത്യമേഖലയില്‍ പോലും കഴിഞ്ഞ വര്‍ഷം 40 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലുള്ള ചൂട് കാറ്റ് വീശിയടിച്ചു എന്ന് പറയുമ്പോള്‍, കവികള്‍ മലകളെയും പുഴകളെയും ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങളെന്ന് വാഴ്ത്തിപ്പാടിയ കാലം കഴിഞ്ഞിരിക്കുന്നു എന്നോര്‍ക്കാം. പകരം അവയെല്ലാം സംഹാരരുദ്രയായി എല്ലാം തകര്‍ത്തുകൊണ്ടിരിക്കുയാണ്. നമ്മുടെ മലകള്‍ ഉരുള്‍പൊട്ടലായും നദികള്‍ കരകവിഞ്ഞും മനുഷ്യരെ പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വശക്തികളുടെ ഒടുങ്ങാത്ത ധനാര്‍ത്തിയാണ് ഭൂമിയെ ജീവിക്കാന്‍ കൊള്ളാത്ത മൃതഭൂമിയാക്കി കൊണ്ടിരിക്കുന്നത്. ഒരിടത്ത് പ്രളയമാണെങ്കില്‍ മറ്റൊരിടത്ത് ചൂടുകാറ്റിന്റെയും കാട്ടുതീയുടെയും രൂപത്തിലായിരിക്കും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് കേരളം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലങ്ങളാണെന്നാണ്. പൊയ്‌തൊഴിയാത്ത കാലവര്‍ഷവും നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷവും ഇതിന്റെ അടയാളങ്ങളാണ്. മഴ മാറിനിന്നാല്‍, അങ്ങനെയൊരു മഴ പെയ്തിരുന്നുവെന്ന് തോന്നാത്തവിധമുള്ള കഠിന വെയിലാണ് പിന്നീട് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പേമാരി കൂടി കണക്കാക്കുമ്പോള്‍ അന്‍പത് ശതമാനത്തിലധികമാണ് ഈ പ്രാവശ്യം മഴ കിട്ടിയത്. ഇത്തരം വ്യതിയാനം മഴയെ ആശ്രയിച്ചു നടത്തിപ്പോരുന്ന നമ്മുടെ കാര്‍ഷികവൃത്തിയെ താളം തെറ്റിക്കുന്നു. സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം ക്രമംതെറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇതേ നില തുടര്‍ന്നാല്‍ 50 വര്‍ഷം കഴിഞ്ഞാല്‍ ഭൂമി വാസയോഗ്യമല്ലാതായി തീരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും അതുണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ചും നാം കേരളീയര്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു നമ്മെ ബാധിക്കുന്നതല്ലെന്നും മറ്റെവിടെയൊക്കെയോ സംഭവിക്കുന്നതാണെന്നുമായിരുന്നു പൊതു ധാരണ. എന്നാലിപ്പോള്‍ നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നത്. എല്ലാം കടലെടുത്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയിലേക്കു നമ്മളും എത്തുകയാണോ എന്ന് കരുതേണ്ടിവരുന്ന കാലാവസ്ഥാ മാറ്റമാണ് സംഭവിക്കുന്നത്. 2018ലും 2019ലും ഉണ്ടായ പേമാരി നമ്മുടെ മുന്‍ധാരണകളില്‍ മാറ്റംവരുത്തിയെങ്കില്‍ കഴിഞ്ഞ ദിവസങ്ങളിലെ തീവ്രമഴ ആ ധാരണയെ അരക്കിട്ടുറപ്പിക്കുന്നതാണ്. വികസന നയത്തില്‍ മാറ്റം വരുത്തേണ്ടതിനെ സംബന്ധിച്ച് കാര്യമായ ആലോചനകള്‍ ഇപ്പോഴും തുടങ്ങിയിട്ടില്ല. നവകേരള നിര്‍മിതിയെക്കുറിച്ച്, ആസൂത്രണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വാ തോരാതെ സംസാരിച്ചതുകൊണ്ടെന്ത് ഫലം. ഇതുവരെ പിന്തുടര്‍ന്ന് പോരുന്ന വ്യവസായ നയത്തിന്റെ ദുരന്തമാണ് നാം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ അടിസ്ഥാന കാരണം. സാമ്പത്തിക വളര്‍ച്ചയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനം മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത തലത്തിലേക്കാണ് എത്തുന്നതെങ്കില്‍ അതിനെയാണ് തലതിരിഞ്ഞ വികസനമെന്ന് വിശേഷിപ്പിക്കേണ്ടത്. അതിനെത്തുടര്‍ന്നുണ്ടായ ദുരന്തമാണ് കൊച്ചു കേരളമടക്കം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധത്തിലുള്ള വികസന പ്രക്രിയകള്‍ക്ക് രൂപംകൊടുക്കാന്‍ ഇപ്പോഴും നാം തയാറല്ലെങ്കില്‍ പ്രളയം നമ്മുടെ കൊച്ചു കേരളത്തെ വിട്ടൊഴിയുമെന്ന് തോന്നുന്നില്ല. ഇനിയുള്ള കാലത്തെങ്കിലും പരിസ്ഥിതിയുമായി ഇണങ്ങിച്ചേര്‍ന്ന് പോകാവുന്ന സുസ്ഥിര വികസനപ്രക്രിയകള്‍ക്ക് മാത്രമേ ഈ കൊച്ചു സംസ്ഥാനത്തെ രക്ഷിച്ച് നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. പാരിസ്ഥിതിക ബോധം വികസന പ്രവര്‍ത്തനങ്ങളില്‍ വരും കാലങ്ങളില്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍ സര്‍വനാശം തന്നെയായിരിക്കും അന്തിമഫലം. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍. മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് പ്രകൃതിയുമായി ഇഴ പിരിയ്ക്കാനാകാത്തവിധം ബന്ധപ്പെട്ട് കിടക്കുന്നു. ആ ഇഴകള്‍ മനുഷ്യകരങ്ങളാല്‍ വേര്‍പ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ കാലം തെറ്റിയുള്ള തീവ്രമഴകളും ചൂടുകാറ്റുകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."