കൈയകലത്തില്‍ പ്രിയപ്പെട്ടവരെ ഉരുള്‍ കവര്‍ന്നു; ദുരന്തത്തില്‍ തേങ്ങി മോഹന്‍
സ്വന്തം ലേഖകന്‍
കൂട്ടിക്കല്‍ (കോട്ടയം): അപ്രതീക്ഷിതമായി കുതിച്ചെത്തിയ മലവെള്ളപ്പാച്ചില്‍ സഹധര്മിണിയുടേതടക്കം നാലു ജീവനുകളെടുത്തത് പായുന്നത് നിസഹായതയോടെ കണ്ടു നില്‍ക്കാനേ പ്ലാപ്പള്ളി പന്തലത്തില്‍ മോഹനായുള്ളൂ.
വീടിനോട് ചേര്‍ന്ന ചായക്കടയില്‍ മറ്റുള്ളവരുമായി സംസാരിച്ചിരിക്കെ വെള്ളം വരുന്ന ശബ്ദം കേട്ടു എന്താണെന്ന് നോക്കാന്‍ പുറത്തിറങ്ങിയതായിരുന്നു മോഹന്‍. മലമുകളില്‍ നിന്നും ഹുങ്കാരത്തോടെ ആര്‍ത്തലച്ചു വെള്ളം ഒഴുകിയെത്തുന്നത് കണ്ട മോഹന്‍ എല്ലാവരോടും ഓടിരക്ഷപ്പെടാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍, മോഹന്റെ നിലവിളി അവസാനിക്കും മുമ്പേ ചായക്കടയും സമീപത്തെ ആറ്റുചാലില്‍ ജോമിയുടെ വീടും ഉരുള്‍ കവര്‍ന്നിരുന്നു. ചായക്കടയില്‍ സംസാരിച്ചിരുന്ന മോഹന്റെ ഭാര്യ സരസമ്മയും അയല്‍വാസികളായ മുണ്ടകശ്ശേരി റോഷ്നി വേണു, സോണിയ ജോമി, മകന് അലന് എന്നിവരെയുമാണ് ഉരുള്‍ കവര്‍ന്നത്. അല്‍പ്പം മുന്‍പ് തൊട്ടടുത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍ കാണാന്‍ പോയി മടങ്ങി വന്നതായിരുന്നു നാലുപേരും. ഒരു ഉയര്‍ന്ന മരത്തിനേക്കാള്‍ പൊക്കത്തില്‍ വെള്ളവും കല്ലും മണ്ണും അതിവേഗം പതിക്കുകയായിരുന്നുവെന്ന് മോഹന്‍ പറഞ്ഞു.
ടാപ്പിങ് തൊഴിലാളിയായ ജോമി ജോലിക്ക് പോയിരുന്നു. മകള്‍ ആന്മരിയ വല്യമ്മയെയുമായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പോയതായിരുന്നു. ഭാര്യയേയും അയല്‍വാസികളെയും ഉരുള്‍ കവര്‍ന്നെടുത്ത സ്ഥലത്ത് നിന്നും മാറാതെ നില്‍ക്കുകയാണ് മോഹന്‍. വിവരങ്ങള്‍ തിരക്കുന്നവരോട് വിതുമ്പലോടെയുള്ള മറുപടി. മോഹന്റെ മകന് സന്തോഷ് വിദേശത്താണ്. മകള്‍ സൗമ്യയെ കൂട്ടിക്കല്‍ ഏന്തയാറിലേക്കാണ് വിവാഹം ചെയ്തു അയച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."