റിയാസിന്റെ പ്രസ്താവന മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിഞ്ഞ്
തിരുവനന്തപുരം: റോഡ് നിര്‍മാണക്കരാര്‍ മേഖലയില്‍ രാഷ്ട്രീയക്കാരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രസ്താവന സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അറിവോടെയെന്ന് സൂചന.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പലവിധം ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇതോടൊപ്പം നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചും ആക്ഷേപങ്ങളുയര്‍ന്നു. എം.എല്‍.എമാരും മറ്റും കരാറുകാര്‍ക്കു വേണ്ടി സംസാരിക്കുന്നതു സംബന്ധിച്ച് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും പരാതികളും ലഭിക്കുകയുണ്ടായി. ഇതിനിടെയാണ് കരാറുകാരെ കൂട്ടി എം.എല്‍.എമാര്‍ തന്നെ കാണാന്‍ വരരുതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. പരാതികളും ആക്ഷേപങ്ങളും വ്യാപകമായതോടെ മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നു.
കരാറുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശവും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കരാറുകാരും തമ്മിലുള്ള ഒത്തുകളി മൂലം കോടികളുടെ അധികച്ചെലവ് സര്‍ക്കാരിനുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
റിയാസിന് പരസ്യപിന്തുണയുമായി സി.പി.എം നേതാവ് കൂടിയായ മുന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും രംഗത്തുവന്നിട്ടുണ്ട്. റിയാസ് പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ നിലപാടാണ് ഇടതുപക്ഷത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."