സിന്‍ഗു കൊലപാതകം രണ്ട് നിഹാന്‍ഗുകള്‍ കൂടി അറസ്റ്റില്‍
സിഖ് മതാചാരങ്ങള്‍ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചു
ന്യൂഡല്‍ഹി: സിന്‍ഗു അതിര്‍ത്തിയില്‍ കര്‍ഷക സമരവേദിയില്‍ 35കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് നിഹാന്‍ഗുകള്‍ കൂടി അറസ്റ്റിലായി.
ഭാഗവന്ത് സിങ്, ഗോവിന്ദ് പ്രീത്‌സിങ് എന്നിവരെയാണ് ഹരിയാന പൊലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഇതുവരെ അറസ്റ്റിലായ നാലുപേരും പൊലിസിന് കീഴടങ്ങുകയും കുറ്റം സമ്മതിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. അറസ്റ്റിലായവരെല്ലാം കൊല നടത്തിയതിനെ ന്യായീകരിച്ചിട്ടുണ്ട്. സിഖ് വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതിനാല്‍ കൊലപ്പെടുത്തിയതില്‍ തെറ്റില്ലെന്നാണ് നിഹാന്‍ഗുകള്‍ വാദിച്ചത്.
ലഖ്ബീര്‍ സിങ്ങിന്റെ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നു രക്തം വാര്‍ന്നതാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സോനിപത്തിലെ സിവില്‍ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ ചെറുതും വലുതുമായി 22 മുറിവുകളുണ്ടായിരുന്നു. ഇതില്‍ പത്തോളം മുറിവുകള്‍ ആഴമേറിയതാണ്. കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയതിന്റെയും റോഡിലൂടെ വലിച്ചിഴച്ചതിന്റെയും അടയാളങ്ങള്‍ ശരീരത്തിലുണ്ടായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ലഖ്ബീര്‍ സിങ്ങിന്റെ സ്വദേശമായ പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലുള്ള ചീമ ഗ്രാമത്തില്‍ അടക്കം ചെയ്തു. സിഖ് മതാചാരം അനുസരിച്ചുള്ള അന്ത്യകര്‍മങ്ങള്‍ ഇല്ലാതെയാണ് മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങില്‍ ലഖ്ബീര്‍ സിങ്ങിന്റെ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചതിനാല്‍ ആചാരപ്രകാരമുള്ള സംസ്‌കാരം അനുവദിക്കില്ലെന്ന് സിഖ് സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."