ക്രിസ്മസ്സ് സന്തോഷത്തിന്റെ സന്ദേശം
ഫാ.ഡോ.സിബു.ഇരിമ്പിനിക്കൽ
ക്രിസ്മസ്സന്തോഷത്തിന്റെ സന്ദേശം
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മസുള്ളവര്‍ക്ക് സമാധാനം. എല്ലാവര്‍ക്കുമുള്ള സദ്‌വാര്‍ത്തയായാണ് ബൈബിള്‍ യേശുക്രിസ്തുവിന്റെ ജനനത്തെ വിവരിക്കുന്നത്. ചരിത്രത്തെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നതാണ് ക്രിസ്തുവിന്റെ അവതാരവും ജീവിതവും. ബത്‌ലഹേമിലെ പുല്‍തൊഴുത്തില്‍ പിറന്ന യേശു നല്‍കുന്ന രക്ഷ, കേവലം മാനുഷികാധികാരങ്ങളുടെ കീഴില്‍ നിന്നുള്ള മോചനമല്ല. മറിച്ച് സ്വാര്‍ഥമോഹത്താല്‍ പ്രലോഭകന്റെ കെണിയില്‍പ്പെട്ട് ചൈതന്യം നഷ്ടപ്പെടുത്തി ആത്മീയ സാന്നിധ്യത്തില്‍നിന്ന് നിഷ്‌കാസിതരായ മാനവരാശിയുടെ വീണ്ടെടുക്കലാണ്. നസ്രത്തിലെ കന്യക മറിയത്തിന്റെ മകനായി പിറന്ന യേശു,
ലോകത്തിന്റെ രക്ഷകനായി എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്നത് സകല മനുഷ്യരെയും വിമോചിപ്പിക്കാന്‍ കഴിയും എന്നതിനാലാണ്.
ഈ ക്രിസ്മസ് ആഘോഷകാലം പ്രതിസന്ധികള്‍ നിറഞ്ഞതാണ്. യുദ്ധം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ചുപോരുന്ന മനുഷ്യരെ ഇല്ലാതാക്കുന്നു. അന്ധതയുടെ ഇരുള്‍ രാഷ്ട്രത്തലവൻമാരെ മൂടിനില്‍ക്കുന്ന കാലമാണിത്. ഇത് ലോകത്തെ മുഴുവന്‍ ദുരിതത്തിലാക്കുന്നു. സൗഹൃദം തണല്‍ വിരിച്ച മനുഷ്യബന്ധങ്ങള്‍ ഡിജിറ്റല്‍ കാലത്തിന്റെ അനിവാര്യമായ കയങ്ങളില്‍ ഉഴലുന്നു. സംഘടിത ശക്തികളും കോര്‍പറേറ്റ് അധികാര കേന്ദ്രങ്ങളും അടിസ്ഥാന ജനതയുടെയും സാധാരണ പൗരന്റെയും ജീവിതത്തെ വിലയില്ലാത്തതായി കരുതുന്നു.
ഇങ്ങനെ മനുഷ്യന്‍ പ്രതീക്ഷ നഷ്ടപ്പെട്ട് യാന്ത്രികമായി ജീവിക്കുമ്പോള്‍ ക്രിസ്തുവിന്റെ പിറവിതിരുനാള്‍ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്. ഏതു യുദ്ധവും മനുഷ്യജീവനോടുള്ള കടുത്ത വെല്ലുവിളിയും അതിക്രമവുമാണ്. അവിടെയാണ് യേശു നല്‍കുന്ന സന്ദേശത്തിന്റെ പ്രസക്തി മനസിലാക്കേണ്ടത്.
പടയോട്ടമല്ല, മാനവവിമോചനത്തിന്റെ മാര്‍ഗം പ്രത്യുത കുരിശുമരണമാണ്. അതിനാലാണ് ക്രിസ്തു വെളിച്ചമാണെന്ന് ആട്ടിടയരും രാജാക്കന്മാരും ഒരുപോലെ കണ്ടെത്തുന്നത്. സത്യാനന്തരകാലത്ത് പലതരം വികാരപ്രകടനങ്ങളും അവാസ്തവങ്ങളും വിശ്വസിച്ചേ പറ്റൂവെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. സത്യത്തെ, സത്യമെന്ന ആശയത്തെ അസ്ഥിരീകരിക്കാനും വിശ്വാസയോഗ്യമല്ലാതാക്കാനും നിരസിക്കാനും ശ്രമിക്കുന്ന ചോദ്യങ്ങളും പ്രവർത്തനങ്ങളും ലോകമെങ്ങും കാണാവുന്നതാണ്.
സത്യമെന്ന ഒന്നുണ്ടോ എന്ന ചോദ്യവും നിരാസവാദങ്ങളും ന്യൂനീകരണങ്ങളും ഇന്ന് എവിടെയും ഉയർന്നുകേൾക്കാം. എന്നാൽ, സത്യത്തിന്റെ, യാഥാർഥ്യത്തിന്റെ കൂടെത്തന്നെയാണ് നാം നിൽക്കേണ്ടത്. അധികാരവും പണവും പാര്‍ക്കുന്ന കൊട്ടാരത്തിലെ അടുക്കളയില്‍ വേവിച്ച നുണകളെ സത്യമെന്നു വിളിക്കരുത്. സത്യം നമ്മോടുകൂടെ ജീവിക്കുന്നു. ധര്‍മബോധത്തിന്റെ അടിസ്ഥാനം ഈ സത്യമാണ്. എല്ലാവരും ദൈവമക്കളാണ് എന്നു ക്രിസ്തുവിന്റെ പിറവി പറഞ്ഞു. പിന്നീട് ക്രിസ്തു പഠിപ്പിച്ചു, സത്യാനന്തര വര്‍ത്തമാനത്തില്‍ അതുണ്ടാവില്ലെന്ന്.
മനുഷ്യന്‍ കൂടുതല്‍ അര്‍ഥപൂര്‍ണമായ ഒരു ജൈവപ്രതിഭാസമാണ്. ഇവിടെ കൂടിയ മനുഷ്യനും കുറഞ്ഞ മനുഷ്യനുമില്ല. എല്ലാവര്‍ക്കും ഒരേ ദൈവികജീവന്‍ എന്നു പറയുന്നത് ഒരു രാഷ്ട്രീയപ്രസ്താവന കൂടിയാണ്. നീതിയും നിയമവും ഒരുപോലെ, നിറവും ജാതിയും ഇല്ലാത്ത മനുഷ്യജീവനുകൾ മാത്രമാണ് ഇവിടെയുള്ളത്. മനുഷ്യര്‍ പ്രദര്‍ശനവസ്തുവായി പരിഗണിക്കപ്പെടുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ഭൂമിയില്‍ നിധി കോര്‍പറേറ്റുകള്‍ക്കു കച്ചവടത്തിനു കൊടുക്കാന്‍ കലാപത്തിലൂടെ കുടിയിറക്കുന്നതും കുഴിച്ചുമൂടുന്നതും നമ്മുടെ മുമ്പിലാണ്. പല ലോകത്തും പല കാലത്തും സത്യം ഭീതിയുടെ നിഴലിലാണ്. മരണനിഴലില്‍ പാര്‍ത്ത മനുഷ്യര്‍ക്കുള്ള പ്രകാശമാണ് ക്രിസ്തു (മത്തായി 4/16). സമഗ്ര വിമോചനത്തിന്റെ സന്ദേശമാണ് ക്രിസ്മസ്. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്ന് പിറന്നു എന്ന് മാലാഖമാര്‍ പറഞ്ഞത് സര്‍വകാലത്തേക്കും സര്‍വമനുഷ്യര്‍ക്കുമുള്ള രക്ഷയുടെ സന്ദേശമാണ് (ലുക്കോസ് 2/1011).
ക്രിസ്മസ് നമ്മെയും മനുഷ്യരാശിയെയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും മൂല്യത്താല്‍ പുനര്‍നിര്‍ണയിക്കേണ്ട അവസരമാണ്. അതില്‍ സാംസ്‌കാരികവും രാഷ്ട്രീയവും ആത്മീയവുമായ തിരുത്തലുകള്‍ അനിവാര്യമാണ്. അത്തരം വിമോചനത്തിന്റെ അടയാളമായി നക്ഷത്രങ്ങള്‍ തിളങ്ങട്ടെ.
(കെ.സി.ബി.സി മീഡിയ കമ്മിഷന്‍
സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."