മാതാപിതാക്കളെ വഴിയില്‍ തള്ളുന്ന മക്കളെന്താണ് നേടുന്നത്
മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ 19 വരെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 8568 കേസുകള്‍ ട്രൈബ്യൂണലുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തിനു വേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്നതും തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്നതുമായ മക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ട്രൈബ്യൂണല്‍ രേഖകളില്‍ പറയുന്നു. അന്യായമായി സ്വത്തുക്കള്‍ എഴുതി വാങ്ങുന്ന മക്കള്‍ മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല.
കേരളത്തിന്റെ, അഥവാ ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാന നഗരിയാണ് ട്രൈബ്യൂണലുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കേസുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കിയ കേസുകളുടെ എണ്ണം 1826. മറ്റു ജില്ലകളിലും കേസുകളുടെ എണ്ണം കുറവല്ല.
ഭൂരിപക്ഷം കേസുകളിലും മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് ലഭിക്കുന്നത്. എങ്കിലും വിധി നടപ്പാക്കിക്കിട്ടുന്നതിന് വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കേണ്ട ഗിതികേടിലുമാണവര്‍. വിധിപ്രകാരം മക്കളില്‍ നിന്നും ജീവനാംശം ഈടാക്കി നല്‍കുന്നതിന് മാതാപിതാക്കള്‍ വേറെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു സാരം. പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും തീരുമാനിച്ചിട്ടുണ്ട്. വടകര എടച്ചേരി തണല്‍ വൃദ്ധസദനത്തിലെ അന്തോവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചത്.
മക്കള്‍ ഉപേക്ഷിച്ച കുറേയധികം മാതാപിതാക്കള്‍ തണല്‍ നടത്തുന്ന സംരക്ഷണ കേന്ദ്രത്തിലുണ്ട്. 'തണലി'ന്റെ തണലില്‍ ജീവിക്കുന്ന അന്തേവാസികള്‍ കമ്മിഷന്‍ അംഗം മുന്‍പാകെ നല്‍കിയ മൊഴിയില്‍ തങ്ങള്‍ക്ക് തണ്ടും തടിയുമുള്ള മക്കളുണ്ടെന്ന് മൊഴിനല്‍കി. ഇതായിരിക്കും കമ്മിഷനെ ഈ വഴിപിഴച്ച മക്കള്‍ക്കെതിരേ കേസെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മാതാപിതാക്കളോടുള്ള കടമയും കടപ്പാടും പറഞ്ഞുതരാത്ത, പഠിപ്പിക്കാത്ത മതമോ പ്രത്യയശാസ്ത്രമോ ഇല്ല. മാതാപിതാക്കളുടെ മഹത്വം പറയാതെ ഒരു ജ്ഞാനിയും കവിയും കടന്നുപോയിട്ടില്ല. ''അമ്മയാണ് ആദിഗുരു, ആധിതീര്‍ത്തിടുന്ന വീടിന്റെ വിളക്ക്, ആ മാതാവ് പകരുന്ന അറിവും പാലുമാണ് മക്കള്‍ക്ക് എന്നും സത്ത്; ആ മക്കളാണ് നാടിന്റെ സ്വത്ത്''. അമ്മയെ അറിയാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം? രാവണവധത്തിനു ശേഷം അയോധ്യയിലേക്കു മടങ്ങാന്‍ തയാറെടുക്കുമ്പോള്‍ ലങ്കയുടെ പ്രതാപം കണ്ട് ആ രാജ്യം സ്വീകരിക്കുന്നതിനെപ്പറ്റി ലക്ഷ്മണന്‍ ജ്യേഷ്ഠനോട് സൂചിപ്പിച്ചത്രെ. അമ്മയോടുള്ള നിസ്തുല സ്‌നേഹം വെളിവാക്കി ശ്രീരാമന്‍ നല്‍കിയ മറുപടി:
''സ്വര്‍ണമയമാണെങ്കിലും ലങ്കയില്‍ എനിക്കു താല്‍പര്യമേയില്ല ലക്ഷ്മണാ, അമ്മയെയും പിറന്ന മണ്ണിനെയും സ്വര്‍ഗത്തേക്കാള്‍ ഞാന്‍ വിലമതിക്കുന്നു'' എന്നായിരുന്നു. ശ്രീരാമന്‍ ഒന്നാം സ്ഥാനം നല്‍കിയത് അമ്മയ്ക്കു തന്നെ.
മാതാപിതാക്കളുടെ സ്‌നേഹവായ്പ്പും കരുതലും സൂചിപ്പിക്കുന്ന സുചിന്തിതമായ ഒട്ടേറെ കവിതകള്‍ നമ്മുടെ കവികള്‍ തലതിരിഞ്ഞ മക്കളുടെ പിറവി മുന്നില്‍ക്കണ്ടിട്ടെന്നോണം പഠിപ്പിച്ചിട്ടുണ്ട്. പേറ്റുനോവും പെറ്റുപോറ്റുന്നതും വളര്‍ത്തുന്നതും വലുതാക്കുന്നതും എല്ലാം ഉള്‍ച്ചേര്‍ന്ന കവിതകള്‍..
''മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മാതാവിന്‍ വാത്സല്യദുഗ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണവളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ
നമ്മള്‍ക്കമൃതു മമൃതായ തോന്നൂ..''
എന്ന് സാഹിത്യ മഞ്ജരിയില്‍ വള്ളത്തോളും
''പെറ്റുവളര്‍ത്തൊരു തായായി നിന്നതു
മുറ്റുമെനിക്കു മറ്റാരുമല്ലെ
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെ
പോറ്റിവളര്‍ത്തതു ഞാനെന്നെ മറക്കിലും
നിങ്ങളെയെന്നും മറക്കയില്ലേ''
എന്ന് പീലിക്കണ്ണുകളില്‍ ചെറുശേരിയും
''ഒക്കൈശ്ശരി തന്നെയെങ്കിലും നിന്നച്ഛനുമമ്മയും ഓര്‍ത്തുനോക്കൂ
പാകതയില്ലാത്ത നമ്മളെക്കാള്‍
ലോകപരിചയം നേടി നേടി,
നന്മയും തിന്മയും വേര്‍ത്തിരിക്കാന്‍
നമ്മളെക്കാളും മനസിലാക്കി,
എന്തു ചെയ്യാനുമഗാധമായി
ച്ചിന്തിച്ചു ചിന്തിച്ചു മൂര്‍ച്ചകൂട്ടി
ഉല്ലസിക്കുന്ന ഗുരുക്കളാണാ
വെള്ളിത്തലമുടിയുള്ള കൂട്ടര്‍
അമ്മഹാല്‍മാക്കള്‍ക്കഹിതമായി
നമ്മളൊരിക്കലും ചെയ്തുകൂടാ''
എന്ന് രമണനില്‍ ചങ്ങമ്പുഴയും
''നിനക്കായവര്‍ ക്ലേശങ്ങളെന്തു സഹിച്ചതാ
അതുപോലെ തന്നവരെന്ത് ദു:ഖം തിന്നതാ
കയാത്ത കണ്ണും കവിഞ്ഞൊഴുകുന്നതാ
നീ രോഗിയായാല്‍ നൊമ്പരം അവര്‍ക്കുള്ളതാ
കൈത്തണ്ടിലിട്ടവരെന്തു താരാട്ടുന്നതാ
നിക്കുള്ള പുഞ്ചിരി കണ്ടവര്‍ രസിക്കുന്നതാ
ഒലിക്കുന്ന ചുണ്ടില്‍ തന്നവര്‍ മുത്തുന്നതാ
അവര്‍ക്കുള്ള നെഞ്ചും മെത്തപോല്‍ വിരിച്ചിട്ടതാ
നീ എത്രകാലമതില്‍ കിടന്നു സുഖിച്ചതാ
കാണേണ്ട സമയം തെറ്റിയാല്‍ ക്ഷമയറ്റതാ
ഹബ്‌സില്‍ (തടവറ) അവര്‍ അകപ്പെട്ടപോല്‍ തോന്നുന്നതാ
അവരെത്ര രാത്രി നിക്കുറക്കമൊഴിഞ്ഞതാ
വിശപ്പെത്രയോ സഹിച്ചിട്ട് നിന്നെ നിറച്ചതാ
തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്ന തത്വം സത്യമാ
അത് കാക്കയില്‍ നീ നോക്കിയാലും വ്യക്തമാ''
എന്ന് അല്‍മവാഹിബുല്‍ ജലിയ്യയില്‍ തഴവയും നമ്മെ പഠിപ്പിച്ചിരിക്കുന്നു. വാത്സല്യം കൊണ്ടു പൊന്‍വേലി കെട്ടിയാണ് ഓരോ മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്. മാതാപിതാക്കളുടെ ചിന്തകളില്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ക്ക് വയസാകുന്നില്ല. ഇവരോടാണോ ഈ ക്രൂരത?!
''നിങ്ങളുടെ അമ്മയോട് നിങ്ങള്‍ സംസാരിക്കുമ്പോള്‍ കടുത്തതും മൂര്‍ച്ചയുള്ളതുമായ വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങനെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത് എന്ന് എ.പി.ജെ അബ്ദുല്‍കലാം ഉപദേശിക്കുന്നുണ്ട്.
ഒരിക്കല്‍ നബി (സ) യോട് ഒരാള്‍ ചോദിച്ചു: ''പ്രവാചകരേ, ഞാന്‍ ഏറ്റവും കടമപ്പെട്ടിരിക്കുന്നത് ആരോടാണ്''? ''അത് നിന്റെ മാതാവിനോടാണ്'' എന്നായിരുന്നു മറുപടി. ഇതേ ചോദ്യം തന്നെ രണ്ടാമതും മൂന്നാമതും ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചപ്പോള്‍ 'മാതാവിനോടു തന്നെ' എന്നായിരുന്നു പ്രവാചകന്റെ ഉത്തരം. ഈ മാതാവിനെ എങ്ങനെയാണ് മക്കള്‍ക്ക് വഴിയില്‍ തള്ളാന്‍ കഴിയുക?
മുന്നോട്ടുള്ള യാത്രയില്‍ എന്നും പിന്നില്‍ ഒരു പ്രാര്‍ഥനയുടെ രൂപത്തില്‍ നിഴല്‍പോലെ കൂടെയുണ്ടാകുന്ന മാതാവിനെ ക്ഷേത്രനടയിലും വൃദ്ധസദനത്തിലും പാഴ്‌വസ്തുവിന്റെ വിലപോലും കല്‍പ്പിക്കാതെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തിക്തഫലം ലഭിക്കുമെന്നുറപ്പ്.
'അമ്മ' എന്ന വിലമതിക്കാനാവാത്ത രണ്ടക്ഷരത്തെ നൊന്തുപെറ്റ് പോറ്റിവളര്‍ത്തിയ മക്കളില്‍ നിന്നും ജീവനാംശം ലഭിക്കുന്നതിന് കോടതി കയറിയിറങ്ങുന്ന വ്യവഹാരിയാക്കി, ഒരു നേരത്തെ ആഹാരത്തിനു അന്യര്‍ക്ക് മുന്‍പില്‍ കൈനീട്ടുന്ന തെരുവുതെണ്ടിയാക്കി, 'അമ്മയ്ക്ക്' യജമാനനെ പ്രസവിച്ച അടിമ സ്ത്രീ'' എന്ന പുതിയ നിര്‍വചനം കണ്ടെത്തി യുവത്വത്തിന്റെ ചോരത്തിളപ്പില്‍ മതിമറന്ന് സുഖിച്ച് നടക്കുന്ന മക്കളോര്‍ക്കുക, മാതാപിതാക്കള്‍ അനുഭവിക്കുന്ന നോവും നൊമ്പരവും തളംകെട്ടി നില്‍ക്കുന്ന കണ്ണീര്‍ക്കയത്തില്‍ മുങ്ങി നിവര്‍ന്ന് ഉള്ളുരുകിയുള്ള പ്രാര്‍ഥന ഒരു ദയാഹരജിയുടെ രൂപത്തില്‍ ദൈവത്തിന്റെ കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടവര്‍. ഈ 'മേല്‍ക്കോടതി' വിധിപറയുന്ന ദിനംവരും. അന്നത് തിരിച്ചുകിട്ടും പലിശസഹിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."