ചേതനയറ്റ് മാര്‍ട്ടിനും കുടുംബവും; ആറ് പേര്‍ക്കും നാടിന്റെ കണ്ണീര്‍വിട
മുണ്ടക്കയം: ഹൃദയം തകരുന്നതാണ് ആ കാഴ്ച്ച. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടേയും മൃതദേഹങ്ങള്‍ സംസ്കാരത്തിനായി എത്തിച്ചു. കാവാലി സെന്റ് മേരീസ് പള്ളിയുടെ നടുത്തളത്തില്‍ അലങ്കരിച്ച പെട്ടികളിലായി ആറു മൃതദേഹങ്ങള്‍.
ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ, മാര്ട്ടിന്, സിനി മാര്ട്ടിന്, സ്നേഹ മാര്ട്ടിന്, സോന മാര്ട്ടിന്, സാന്ദ്ര മാര്ട്ടിന് എന്നിവര്‍ക്ക് നാട് കണ്ണീരോടെയാണ് വിടചൊല്ലിയത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് പൊതു ദര്‍ശനം. അടുത്തടുത്തുള്ള ആറ് കല്ലറകളിലാണ് ആറുപേരെയും സംസ്കരിക്കുന്നത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷകള്‍. പാലക്കാടുള്ള ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.
മാര്‍ട്ടിന്റെ അയല്‍വാസിയായ തോമസ് സംസാരിച്ചതിനു ശേഷം വീട്ടിലേക്ക് കയറിയതേയുള്ളൂ അപ്പോഴേക്കും കേട്ടത് ഇടിമുഴക്കം പോലൊരു ശബ്ദമായിരുന്നു. പുറത്തിറങ്ങി നോക്കുമ്പോള്‍ മാര്‍ട്ടിന്റെ വീട് അടക്കം ഉരുള്‍കൊണ്ടു പോകുന്നതാണ്. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന മാര്‍ട്ടിനും കുടുംബവും മാഞ്ഞുപോയത് ഇനിയും ഉള്‍കൊള്ളാനായിട്ടില്ല തോമസ് പുളിക്കലിന്.
കല്ലോടു കല്ലു ശേഷിക്കാതെയാണ് ഓട്ടാലങ്കല് കുടുംബം ഒന്നാകെ മറഞ്ഞത്. കൂട്ടിക്കല്‍ കാവാലി ഓട്ടാലങ്കല് (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്റെ കുടുംബത്തില്‍ ആരെയും അവശേഷിപ്പിക്കാതെയാണ് ഉരുള്‍ കവര്‍ന്നെടുത്തത്.
പ്രകൃതിയുടെ അപ്രതീക്ഷിത പ്രഹരത്തില്‍ ഒരു കുടുംബം ഒന്നാകെ മറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ പെയിന്റു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മാര്ട്ടിന്. കനത്ത മഴയ്ക്കൊപ്പം മലമുകളില്‍ നിന്നും മാര്‍ട്ടിന്റെയും കുടുംബത്തിന്റെയും മീതേയ്ക്ക് ഹുങ്കാരത്തോടെ ഉരുള്‍ പതിക്കുകയായിരുന്നു. മാര്ട്ടിന് പുറമേ ഭാര്യ സിനി, അമ്മ ക്ലാരമ്മ ജോസഫ്, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരെ ഉരുള്‍ കവര്‍ന്നു. മാര്‍ട്ടിന്റെ വീടിന്റെ മുകളിലേക്ക് ആദ്യം മണ്ണിടിഞ്ഞു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ മലവെള്ളപ്പാച്ചിലില്‍ വീട് ഒന്നാകെ ഒലിച്ചു പോയി.
ദുരന്തം അറിഞ്ഞെത്തിയ സമീപവാസികളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച മാര്‍ട്ടിന്റെ അമ്മയുടെയും ഭാര്യയുടെയും മകള്‍ സോനയുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും സൈന്യവും നടത്തിയ തിരച്ചിലിലാണ് മാര്‍ട്ടിന്റെയും മക്കളായ സ്നേഹ, സാന്ദ്ര എന്നിവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."