സ്‌നേഹറസൂല്‍
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ഹിറാഗുഹയില്‍ ധ്യാനനിമഗ്നനായിരുന്ന തിരുദൂതരുടെ അരികിലെത്തി ജിബ്രീല്‍ മാലാഖ വായിക്കാന്‍ പറഞ്ഞ സന്ദര്‍ഭം. തിരുനബി(സ) മൊഴിഞ്ഞു: എനിക്ക് വായിക്കാനറിയില്ലല്ലോ... ചേര്‍ത്തുപിടിച്ചു ഓതിക്കൊടുത്തു ജിബ്‌രീല്‍. വിശുദ്ധഖുര്‍ആന്റെ ദിവ്യസന്ദേശത്തിന്റെ സമാരംഭമായിരുന്നു അത്. ഹിറയില്‍ തനിച്ചിരിക്കുമ്പോഴുണ്ടായ അനുഭവത്തിന്റെ കാഠിന്യത്താല്‍ വിറയാര്‍ന്ന വാക്കുകളും തപിക്കുന്ന ദേഹവുമായി വീട്ടിലെത്തി തിരുനബി(സ) എന്നെ പുതപ്പിട്ടു മൂടൂ എന്ന് പറഞ്ഞുകൊണ്ടിരുന്നു. തിരുദൂതരുടെ ജീവിതരീതികളും പ്രണയത്തിന്റെ ആഴവുമറിഞ്ഞ ത്യാഗിയായ സഹധര്‍മ്മിണി ഖദീജ അവിടുത്തെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞുകൊണ്ടിരുന്നു; അങ്ങയെ ദൈവം കൈയൊഴിയില്ല. അങ്ങ് സത്യം പറയുന്നവരാണ്, അനാഥകളെ സംരക്ഷിക്കുന്നവരാണ്, അഗതികള്‍ക്ക് അന്നം നല്‍കുന്നവരാണ്, അതിഥികളെ സല്‍ക്കരിക്കുന്നു, കുടുംബബന്ധം ചേര്‍ക്കുന്നവരാണ്'. തിരുദൂതരുടെ പ്രവാചകത്വലബ്ധിക്കു മുമ്പേ അവിടുത്തെ സ്വഭാവ സവിശേഷതകളാണ് ഖദീജ ബീവി എടുത്തുപറഞ്ഞുകൊണ്ടിരുന്നത്. മാനവിക മൂല്യങ്ങളുടെ സാകല്യമായിരുന്നു സഹധര്‍മിണി വാഴ്ത്തിപ്പറഞ്ഞ അവിടുത്തെ ഗുണങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ തിരുദൂതരെക്കുറിച്ച് പറയുന്നത് 'സല്‍സ്വഭാവത്തിന്നുടമ' എന്നാണ്. സ്രഷ്ടാവിനോടും അവന്റെ സൃഷ്ടികളോടും മനുഷ്യന്‍ ചെയ്യേണ്ട കടമകളെക്കുറിച്ച് ഇസ്‌ലാം വിശദമാക്കിയിട്ടുണ്ട്. സഹജീവികളോട് നിര്‍വഹിക്കുന്ന കടമകളും സ്രഷ്ടാവിന്റെ തൃപ്തിക്കുവേണ്ടിയാണ്. മനുഷ്യന്റെ ചലനങ്ങളൊക്കെ സ്രഷ്ടാവിനുവേണ്ടിയാണ്. എന്റെ ജീവിതവും മരണവും അനക്കങ്ങളും സ്രഷ്ടാവിനു വേണ്ടിയാണെന്ന പ്രതിജ്ഞ പ്രാര്‍ഥനാവേളയില്‍ ഉരുവിടുന്നത് നബി പഠിപ്പിച്ച അവിടുത്തെ ചര്യയാണ്. വനുസുഖീ വമഹ്‌യായ വമമാത്തീ ലില്ലാഹി റബ്ബില്‍ ആലമീന്‍...
അര്‍ധരാത്രിയുടെ അന്ത്യയാമങ്ങളില്‍ തിരുനബി ഉണര്‍ന്ന് എഴുന്നേറ്റ് അംഗശുദ്ധിവരുത്തി നിശബ്ദത തളംകെട്ടിനില്‍ക്കുന്ന ആ സമയത്ത് മുഖം ഖിബ്‌ലയിലേക്കും കൈകള്‍ ആകാശത്തേക്കുമുയര്‍ത്തി പ്രാര്‍ഥിച്ചു. മനുഷ്യര്‍ ഒന്നാണെന്നതിന് ഞാനിതാ സാക്ഷ്യംവഹിക്കുന്നു. പതിവു പ്രാര്‍ഥനകളിലെ പ്രധാന വാക്യങ്ങള്‍ സ്വന്തത്തെ കുറിച്ചായിരുന്നില്ല, വിശ്വാസികള്‍ക്കുവേണ്ടി മാത്രവുമായിരുന്നില്ല. മനുഷ്യ സമൂഹത്തിന്റെ മഹത്വമായിരുന്നു അത്. മനുഷ്യന്റെ നന്മയ്ക്കുവേണ്ടി സ്രഷ്ടാവിനോടുള്ള യാചനയായിരുന്നു അത്.
മനുഷ്യന്റെ ഹൃദയങ്ങളിലൂടെയാണ് ദൈവത്തിന്റെ സാമീപ്യത്തിലേക്കുള്ള എളുപ്പവഴിയെന്ന് പഠിപ്പിച്ച മഹാഗുരുവായിരുന്നു തിരുദൂതര്‍. പുനര്‍ജന്മവേളയില്‍ പരലോകത്തുവച്ച് ജീവിതത്തിന്റെ നാള്‍വഴി കണക്കുകള്‍ നാഥന്റെ സന്നിധിയില്‍ അവതരിപ്പിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ നാഥന്‍ സൃഷ്ടികളോട് ചോദിക്കുന്ന ചില ചോദ്യങ്ങളെക്കുറിച്ച് തിരുനബി(സ) പഠിപ്പിച്ചു. അതിങ്ങനെയാണ്, അല്ലാഹു മനുഷ്യനോട് ചോദിക്കും: ഞാന്‍ രോഗിയായപ്പോള്‍ നീ എന്തേ എന്നരികില്‍ വന്നില്ല! ആശ്ചര്യപൂര്‍വം മനുഷ്യന്‍ മറുപടി നല്‍കും: നിനക്ക് രോഗമോ? നീയല്ലേ സ്രഷ്ടാവ്, നീയല്ലേ സുഖപ്പെടുത്തുന്നവന്‍, നീയല്ലേ സംരക്ഷകന്‍. നിനക്ക് രോഗമോ? നാഥന്‍ പറയും: നിന്റെ അയല്‍വാസി രോഗിയായപ്പോള്‍ നീ എന്തേ അവിടെ വന്നില്ല, വന്നിരുന്നെങ്കില്‍ എന്നെ കാണാമായിരുന്നു. ഇങ്ങനെ ദരിദ്രന്റെയും കടക്കാരന്റെയും ജീവിത പരിസരങ്ങളില്‍ സഹായവുമായി ചെന്നെത്താത്തവര്‍ക്കു നേരേയും ഇതുപോലെ നാഥന്‍ ചോദ്യമുയര്‍ത്തുമെന്ന താക്കീത് നബി പഠിപ്പിച്ചു.
മനുഷ്യസ്‌നേഹം പരലോക വിജയത്തിന്റെ താക്കോലായി അവിടുന്ന് പറഞ്ഞുതന്നു. ബഹുസ്വരതയോട് ആദരവു പുലര്‍ത്താനും വൈവിധ്യങ്ങളെ അംഗീകരിക്കാനും തിരുനബി(സ) അനുചരന്‍മാരെ പഠിപ്പിച്ചു. നബിയുടെ മദീന ജീവിത കാലഘട്ടത്തില്‍ മുസ്‌ലിംകളല്ലാത്ത സഹോദര സമുദായത്തിലെ മനുഷ്യരെ ഉള്‍ക്കൊള്ളുകയും സഹോദരന്‍മാരായി ചേര്‍ത്തുനിര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കരാറുണ്ടാക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ലോകം ശ്രദ്ധിച്ച ഉന്നതമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു മദീന കരാര്‍. നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹായിക്കുക, തിന്മയിലും അക്രമത്തിലും നിസ്സഹകരിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പമെന്നും ഖുര്‍ആന്റെ കല്‍പനയെന്നുമാണ് നബി(സ) പ്രബോധനം ചെയ്തത്.
മുസ്‌ലിംകളല്ലാത്തവരുടെ ആരാധനാകാര്യങ്ങളെ സംബന്ധിച്ച ഇസ്‌ലാമിക സമീപനം വളരെ വിശാലമാണ്. 'അവര്‍ അല്ലാഹുവിനെ വെടിഞ്ഞു വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നതിനെ നിങ്ങള്‍ ആക്ഷേപിക്കരുത്' (6:108). അതൊരു കല്‍പനയും താക്കീതുമാണ്. പ്രവാചകനെ അധിക്ഷേപിച്ച ജൂതനോട് പ്രതികരിക്കാന്‍ തുനിഞ്ഞവരോട് നബി(സ) പറഞ്ഞു: മാന്യത പുലര്‍ത്തൂ. മോശപ്പെട്ട വാക്കുകളും തീവ്രശൈലിയും കൈവിടൂ (ബുഖാരി). നിതാന്ത ശത്രുതപുലര്‍ത്തപ്പെടേണ്ടവരായി ആരുമില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അല്ലാഹു നിങ്ങള്‍ക്കും ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല'(60:7). മനുഷ്യബന്ധങ്ങള്‍ അറ്റുപോകരുതെന്നും ശത്രുതയുള്ളവര്‍ പോലും മൈത്രിയിലാകുമെന്ന പ്രതീക്ഷയും പഠിപ്പിച്ച നബി മാനവികതയുടെ മഹത്വമുദ്‌ഘോഷിക്കുകയാണ്.
തിരുനബി(സ) യുദ്ധത്തിനു നേതൃത്വം നല്‍കിയെന്ന് വിമര്‍ശനമായും ആവേശമായും വായിക്കുന്നവരുണ്ട്. യഥാര്‍ഥത്തില്‍ തിരിച്ചുള്ള വായനയാണ് യാഥാര്‍ഥ്യവും പ്രസക്തിയും. അതിങ്ങനെയാണ്: സത്യസന്ദേശ പ്രചാരണത്തിന്റെയും പ്രബോധനത്തിന്റെയും മാര്‍ഗത്തില്‍ യുദ്ധങ്ങളെ പോലും അഭിമുഖീകരിക്കേണ്ടിവന്നു നബിക്ക്. സംഘര്‍ഷം ഒഴിവാക്കാന്‍ സന്ധിസംഭാഷണവും കരാറുകളുമുണ്ടാക്കി. യുദ്ധത്തിനു തൊട്ടുമുമ്പുപോലും യുദ്ധം ഒഴിവായിക്കിട്ടാന്‍ പ്രാര്‍ഥിച്ചു തിരുനബി. നിര്‍ബന്ധിത സാഹചര്യത്തില്‍ യുദ്ധം അനിവാര്യമായപ്പോള്‍ അവിടുത്തെ അനുചരന്മാരോട് പറഞ്ഞു അതിരുവിടുകയോ അന്യായം പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന്. യുദ്ധത്തടവുകാരെ വിട്ടയക്കാന്‍ പകരമായി തന്റെ അനുചരന്മാര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് അക്ഷരം പഠിപ്പിക്കൂ എന്ന നബി കല്‍പന, വായിക്കുക എന്നരുള്‍ ചെയ്ത് ആരംഭിച്ച വിശുദ്ധ ഖുര്‍ആന്റെ പ്രബോധകനായ നബിയുടെ മനസ് ആകാശത്തിന്റെ വിശാലതക്കും ഭൂമിയുടെ പരപ്പിനേക്കാളും ഉന്നതമാക്കുന്നു.
യുദ്ധം കഴിഞ്ഞു മടങ്ങവേ അനുചരന്‍മാരോടായി നബി പറഞ്ഞു: ഇക്കഴിഞ്ഞതല്ല യുദ്ധം, സ്വന്തം ദേഹേച്ഛയോടുള്ള യുദ്ധമാണ് പ്രധാനം. മനസിന്റെ മാലിന്യങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിലൂടെയാണ് മനുഷ്യന് ഇഹപര ലോകത്തും ഉന്നതിയിലെത്താന്‍ സാധ്യമാകൂ. പുതിയ കാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ജിഹാദ്. യഥാര്‍ഥത്തില്‍ സ്വന്തം ഇച്ഛയോട് നടത്തുന്ന പോരാട്ടമാണ് ഉന്നത ജിഹാദ് എന്നാണ് നബി(സ) പഠിപ്പിച്ചത്. ജലാലുദ്ധീന്‍ റൂമി കിത്താബുല്‍ മസ്‌നവിയില്‍ ജിഹാദിനെ ബാഹ്യവും ആന്തരികവുമായി വേര്‍തിരിച്ചിരിക്കുന്നു. ബാഹ്യശത്രുക്കളായ രോഗം, ദാരിദ്ര്യം, നിരക്ഷരത എന്നിവക്കെതിരേയും ആന്തരിക ശത്രുക്കളായ കാമ, ക്രോധ, ലോഭ മോഹങ്ങള്‍ക്കെതിരേയുമുള്ള പോരാട്ടമായിട്ടാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. ഇതാണ് ജിഹാദ്, മറ്റുള്ളതെല്ലാം അജ്ഞതയുടെ വ്യാഖ്യാനങ്ങളാണ്.
ഹിജ്‌റക്കു മുമ്പുള്ള മക്കാ ജീവിതത്തില്‍ തുല്യതയില്ലാത്തവിധം അക്രമിക്കുകയും ആട്ടിയോടിക്കുകയും ബഹിഷ്‌കരിച്ച കാരണത്താല്‍ പച്ചിലകള്‍ കൊണ്ട് വിശപ്പടക്കേണ്ടിവരികയും ചെയ്തു വിശ്വാസികള്‍ക്ക്. ഇതേ അക്രമികള്‍ക്കു മുമ്പിലേക്ക് മക്കാ വിജയവേളയില്‍ അനുചരന്‍മാരുടെ സംഘശക്തിയുമായി വിജയത്തിന്റെ തേരിലേറി കടന്നുവന്നപ്പോള്‍ അക്രമികളോട് നബി പറഞ്ഞത് എല്ലാവര്‍ക്കും മാപ്പ് എന്നായിരുന്നു. ദുര്‍ബലനായി നില്‍ക്കുമ്പോഴല്ല ശക്തനായിരിക്കുമ്പോള്‍ മാപ്പ് നല്‍കുന്നതാണ് മതത്തിന്റെ മൂല്യം എന്ന് നബി പഠിപ്പിച്ചു.
മനുഷ്യരോട് മാത്രമല്ല മറ്റു ജീവജാലങ്ങളോടും കരുണയും സ്‌നേഹവും കാണിക്കണമെന്ന് പഠിപ്പിച്ചു. ഒട്ടകത്തിന്റെ പുറത്തിരുന്ന് മറ്റൊരാളോട് സംസാരിക്കുന്നവനോട് നബി പറഞ്ഞു: യാത്രയല്ലെങ്കില്‍ ആ മൃഗത്തിന്റെ പുറത്തുനിന്നിറങ്ങൂ, അതിനെ ബുദ്ധിമുട്ടിക്കരുത്. മരുഭൂമിയിലെ പച്ചപ്പിനരികിലൂടെ ഒട്ടകത്തെ വേഗത്തില്‍ തെളിച്ചുപോയ അനുചരനെ തിരുത്തി നബി പറഞ്ഞു: പച്ചപ്പിലൂടെ പോകുമ്പോള്‍ ഒട്ടകത്തെ ഭക്ഷിക്കാനനുവദിക്കൂ.
അനാഥകളോട്, ദരിദ്രരോട്, അയല്‍വാസികളോട്, കുട്ടികളോട്, സ്ത്രീകളോട്, വൃദ്ധരോട്, തടവുകാരോട്, ബന്ധുക്കളോട്, കണ്‍മുമ്പില്‍ സഹായത്തിനര്‍ഹര്‍ ആരോണോ അവരെയൊക്കെ സഹായിക്കാനും സ്‌നേഹം നിഷേധിക്കപ്പെട്ടവര്‍ക്ക് അത് പകര്‍ന്നുനല്‍കാനും പഠിപ്പിച്ചു. കച്ചവടത്തില്‍, രാഷ്ട്രീയത്തില്‍ എല്ലാം സത്യസന്ധത പാലിക്കണമെന്നും നീതിയും കരുണയും ദയയും ക്ഷമയും വിശുദ്ധിയും സൂക്ഷ്മതയും പുലര്‍ത്തണമെന്നും പഠിപ്പിച്ചു.
നബിയെ കണ്ടവരും കേട്ടവരും വേര്‍പാടിനു ശേഷം അറിഞ്ഞവരും തിരുദൂതരെ സ്‌നേഹംകൊണ്ട് ചൊരിഞ്ഞത് ചരിത്രത്തില്‍ അര്‍ഥവും ആസ്വാദകവുമായ കവിത പോലെ നമ്മുടെ ഹൃദയാന്തരാളങ്ങള്‍ നിറഞ്ഞൊഴുകും. മരണാനന്തരം പരലോകത്ത് നബിയോട് അടുത്തിടപഴകാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാല്‍ കരഞ്ഞ സഹാബികള്‍, ഹിജ്‌റയുടെ യാത്രയ്ക്കിടെ നബി ഉറങ്ങുന്നതിനരികെയുള്ള മാളത്തില്‍ സര്‍പ്പം വരാന്‍ സാധ്യത മനസിലാക്കി കാല്‍വിരല്‍ കൊണ്ട് മാളമടച്ച് സര്‍പ്പദംശനമേറ്റ അബൂബക്കര്‍ സിദ്ധീഖ്, യുദ്ധവേളയില്‍ നബിയുടെ തിരുശരീരത്തിലേക്ക് പാഞ്ഞുവന്ന അമ്പുകള്‍ സ്വന്തം ശരീരംകൊണ്ട് തടുത്ത് മുറിവേറ്റ് ചോര വാര്‍ന്ന ത്വല്‍ഹ, തിരുനബിയുടെ വഫാത്തിനുശേഷം നബിയുടെ പേര് ഉച്ചരിക്കുമ്പോഴേക്കും അനുരാഗത്താല്‍ ബോധരഹിതനായ ബിലാല്‍... ആ പ്രണയ പുഴയില്‍ നീന്തിത്തുടിക്കുന്നൊരു അനുരാഗിയായ് തീരാനുള്ള കൊതിയാണീ ജീവിത യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."