എല്ലാ കണ്ണുകളും ഇടുക്കിയിലേക്ക്, 10.55ന് സൈറണ്‍ മുഴങ്ങും; ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടര്‍
തൊടുപുഴ: ഇടുക്കി ഡാം തുറക്കലിന്റെ ഭാഗമായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിലാകും ഇടുക്കി ഡാം ഷട്ടര്‍ തുറക്കുക.
രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍. ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും.
അഞ്ച് ഷട്ടറുകളാണ് ഡാമിനുള്ളത് അവയില്‍ മധ്യത്തിലെ മൂന്ന് ഷട്ടറുകളാണ് 11 മണിക്ക് തുറക്കുക.
ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും.
ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം സ്പില്‍വേയിലൂടെ പുറത്തെത്തും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള 64 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജം. ഏറ്റവുമധികം ക്യാമ്പുകള്‍ ഇടുക്കി വില്ലേജിലാണ്. ഫയര്‍ ഫോഴ്‌സ്, പൊലീസ്, റവന്യു വകുപ്പുകള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇടമലയാര്‍ , പമ്പ ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചിനുശേഷമാണ് ഇരുഡാമുകളും തുറന്നത്. ഇരു ഡാമിന്റെയും പരിസരപ്രദേശങ്ങളില്‍ നിലവില്‍ മഴയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."