HOME
DETAILS
MAL
മന്ത്രി പറഞ്ഞത് ഡയരക്ടര്‍ക്ക് കുരുക്കായി
backup
October 19 2021 | 05:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാക്ഷരതാ മിഷനില്‍ പി.എ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന നിയമസഭയിലെ മന്ത്രി വി. ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഡയരക്ടര്‍ പി.എസ് ശ്രീകലയ്ക്ക് കുരുക്കായി. അനധികൃത നിയമനം നടത്തി പി.എ ടു ഡയരക്ടറെന്ന തസ്തിക സാക്ഷരതാ മിഷന്റെ ഉത്തരവുകളില്‍ രേഖപ്പെടുത്തിയതാണ് ഡയരക്ടറെ വെട്ടിലാക്കിയത്.
നിയമസഭയിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് ഈ മാസം ഏഴിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകല ഡയരക്ടറായി ചുമതലയേല്‍ക്കുന്നതിനു മുമ്പും അതിനു ശേഷവും സാക്ഷരതാ മിഷനില്‍ എത്ര തസ്തികകളുണ്ടെന്ന ചോദ്യങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരം 2021 ഫെബ്രുവരി 17ന് ലഭിച്ച മറുപടിയിലും പി.എ ടു ഡയരക്ടര്‍ തസ്തികയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സാക്ഷരതാ മിഷന്‍ നല്‍കിയ കത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2018 ജനുവരി ആറിന് നല്‍കിയ മറുപടിയില്‍ ഓഫിസ് അറ്റന്‍ഡന്റ് കം കംപ്യൂട്ടര്‍ ഓപ്പറേറ്ററായ എസ്.ആര്‍ രാജേഷ് എന്ന ജീവനക്കാരന് പി.എ തസ്തികയുടെ ചുമതല നല്‍കുന്നതിനും പ്രതിമാസം 5,000 രൂപ അലവന്‍സ് നല്‍കുന്നതിനും അനുമതി നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മറുപടി ഗൗനിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെ ഡയരക്ടര്‍ നേരിട്ട് പി.എ തസ്തിക സൃഷ്ടിച്ചത്.
അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ വേതന തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മതിയായ യോഗ്യതയില്ലാത്തയാള്‍ക്ക് ഡയരക്ടറുടെ പി.എയുടെ അധിക ചുമതല അനുവദിച്ചത് റദ്ദാക്കിക്കൊണ്ട് 2018ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ എന്ന റോജി എം. ജോണിന്റെ നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."