നാല് ദിവസത്തിനിടെ 48 ഇസ്‌റാഈൽ സൈനികരെ വധിച്ച് ഹമാസ്; തകർത്തത് 35 സൈനിക വാഹനങ്ങൾ
നാല് ദിവസത്തിനിടെ 48 ഇസ്‌റാഈൽ സൈനികരെ വധിച്ച് ഹമാസ്; തകർത്തത് 35 സൈനിക വാഹനങ്ങൾ
ഗസ്സ: ഫലസ്തീനിൽ അക്രമം നടത്തുന്ന ഇസ്‌റാഈൽ സൈന്യത്തിലെ 48 സൈനികരെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊലപ്പെടുത്തി ഹമാസ്. ഇസ്‌റാഈലിന്റെ 35 സൈനിക വാഹനങ്ങൾ പൂർണമായോ ഭാഗികമായോ തങ്ങൾ തകർത്തെന്നും ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അറിയിച്ചു. ഹമാസിന്റെ അക്രമത്തിൽ ഡസൻ കണക്കിന് ഇസ്‌റാഈൽ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു.
നാല് ദിവസത്തിനുള്ളിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന സൈനികരുടെ യഥാർഥ കണക്ക് പുറത്തുവിടാൻ ഇസ്‌റാഈൽ തയ്യാറാകുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽസവാബ്ത ആരോപിച്ചു. കൊല്ലപ്പെടുന്ന സൈനികരിൽ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സിവിലിയൻസിന് നേരെയുള്ള അക്രമം ക്രിസ്തുമസ് ദിനത്തിലും ഇസ്‌റാഈൽ തുടർന്ന്. ക്രിസ്തുമസ് രാവിൽ അൽ മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 70 സാധാരണക്കാരായ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പലായനം ചെയ്യുന്നവർക്കായി ഇസ്‌റാഈൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച ക്യാമ്പിലാണ് മനുഷ്യാവകാശ ലംഘനം നടന്നത്. ക്യാമ്പുകൾ സുരക്ഷിതമെന്ന് കരുതി അഭയംതേടിയ ആയിരങ്ങൾക്ക് മേലായിരുന്നു യുദ്ധ നിയമങ്ങൾ തെറ്റിച്ച് ഇസ്രാഈലിന്റെ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."