ഡ്രോൺ ആക്രമണം; അറബിക്കടലിൽ യുദ്ധ സന്നാഹവുമായി ഇന്ത്യ, മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു
ഡ്രോൺ ആക്രമണം; അറബിക്കടലിൽ യുദ്ധ സന്നാഹവുമായി ഇന്ത്യ, മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചു
ന്യൂഡൽഹി: അറബിക്കടലിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവിക സേന. ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചായി അക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ നടപടി. യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് കൊൽക്കത്ത എന്നിവയാണ് വിന്യസിച്ചതെന്ന് നാവിക സേന അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും നിരീക്ഷണത്തിനായി ഇന്ത്യ വിന്യസിച്ചു.
ഗുജറാത്തിനു സമീപം അറബിക്കടലില്‍ എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ശനിയാഴ്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം തീരരക്ഷാസേനയുടെ സഹായത്തോടെ കപ്പല്‍ മുംബൈ ഹാര്‍ബറില്‍ എത്തിച്ചു. മുംബൈ തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ നാവിക സേനയുടെ സ്ഫോടക വസ്തു നിർമാർജന സംഘം പരിശോധന നടത്തി.
ആക്രമണം നടക്കുന്ന സമയത്ത് കപ്പലില്‍ 21 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാം പൗരനുമാണ് ഉണ്ടായിരുന്നത്. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പൽ ന്യൂ മംഗളൂരു തുറമുഖത്തേക്ക് വരുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ വിവിധ ചരക്ക് കപ്പലുകൾ ലക്ഷ്യമിടുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ലൈബീരിയൻ പതാകയുള്ള എം.വി കെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായത്.
21 ഇന്ത്യക്കാരാണ് സഊദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവന്ന കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപടർന്നിരുന്നു. എന്നാൽ പെട്ടെന്ന് അണക്കാൻ സാധിച്ചത് മൂലം വൻ ദുരന്തം ഒഴിവായി. കപ്പലിൽ ചെറിയ തോതിൽ വെള്ളം കയറി. അപായ സന്ദേശം ലഭിച്ചതിനു പിന്നാലെ നാവികസേനയുടെ നിരീക്ഷണവിമാനം കപ്പലിനു സമീപമെത്തി. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഐ.സി.ജി.എസ് വിക്രവും നാവികസേനയുടെ യുദ്ധക്കപ്പലും സംഭവസ്ഥലത്തെത്തിയിരുന്നു.
അതേസമയം, അറബിക്കടലിൽ നടന്ന അക്രമത്തിന്റെയും ഹൂതി ഭീഷണിയുടെയും പശ്ക്കത്തലത്തിൽ പല കമ്പനികളും ആക്രമണം ഭയന്ന് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചു. ഇന്നലെ ഇന്ത്യൻതീരത്തുനിന്ന് യുഎസിലേക്കുള്ള 2 ചരക്കുകപ്പലുകൾ ചെങ്കടൽ ഒഴിവാക്കി ആഫ്രിക്കൻ മുനമ്പിലൂടെയാണ് യാത്ര പുറപ്പെട്ടത്. വർഷം പതിനേഴായിരത്തിലധികം കപ്പലുകൾ നീങ്ങുന്ന പാത ഭീഷണിയാകുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കാര്യമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."